New Update
/sathyam/media/media_files/2025/07/26/hgvcg-2025-07-26-04-48-28.jpg)
അമേരിക്കൻ ജീവനക്കാരെ പിരിച്ചു വിട്ടു വിദേശത്തു നിന്ന് എച്-1ബി വിസയിൽ ജോലിക്കാരെ കൊണ്ടുവരുന്ന മൈക്രോസോഫ്റ്റ് നയത്തെ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് വിമർശിച്ചു. മൈക്രോസോഫ്റ്റ് 9,000 അമേരിക്കക്കാരെ പിരിച്ചു വിടാൻ നോട്ടീസ് നൽകിയിട്ടു നിരവധി പേരെ എച്-1ബി വിസയിൽ കൊണ്ടുവരാൻ അപേക്ഷകൾ നൽകിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏറ്റവും മിടുക്കരായ അമേരിക്കക്കാരുടെ നാടാവണം ഇതെന്ന് പ്രസിഡന്റ് ട്രംപ് ഊന്നിപ്പറഞ്ഞിട്ടുണ്ടെന്നു വാൻസ് ഓർമിച്ചു. കമ്പനികൾ ഏറെ വളരണം. "പക്ഷെ ഇവിടെ ജോലി ഇല്ല എന്നു പറഞ്ഞു 9,000 പേരെ പിരിച്ചു വിടുന്ന നയം അസംബന്ധമാണ്."
വിദേശത്തു നിന്ന് താത്കാലികമായി മികച്ച ജോലിക്കാരെ കൊണ്ടുവരുന്ന എച്-1 ബി പ്രോഗ്രാമിന്റെ ഉയർന്ന മെച്ചം നേടിയിട്ടുള്ള രാജ്യങ്ങളിൽ ഇന്ത്യ ഉൾപ്പെടുന്നു. ഈ പരിപാടി 'അമേരിക്ക ആദ്യം' എന്ന നയത്തിനു കടകവിരുദ്ധമാണെന്നു റിപ്പബ്ലിക്കൻ പാർട്ടിയിൽ അഭിപ്രായം ശക്തമാണ്.
2024ൽ ആമസോൺ, ഗൂഗിൾ, മെറ്റാ, ടെസ്‌ല എന്നിങ്ങനെയുള്ള കമ്പനികൾ ആയിരക്കണക്കിനു എച്-1ബി വിസകൾ സമ്പാദിച്ചു. അതേ സമയം ഈ കമ്പനികൾ പിരിച്ചുവിടലും നടത്തിയിരുന്നു എന്നാണ് വിമർശനം.
അമേരിക്കക്കാർക്കാണ് നഷ്ടമെന്നു മാഗാ വിഭാഗം ചൂണ്ടിക്കാട്ടുന്നു. പ്രസിഡന്റ് ട്രംപ് എച്-1ബി വിസകളെ പിന്താങ്ങിയിരുന്നു. എന്നാൽ വാൻസിന്റെ വിമർശനം വൈറ്റ് ഹൗസിന്റെ സമീപനത്തിലുളള മാറ്റമായി വ്യാഖ്യാനവുമുണ്ട്.