കുടിയേറ്റം മൂലം യൂറോപ്പ് നരകത്തിലേയ്ക്ക് പോകുമെന്ന് ട്രമ്പ് ,മറുപടിയുമായി മീഹോള്‍ മാര്‍ട്ടിന്‍

New Update
Trump

യു എന്‍: ആറു വര്‍ഷത്തിനിടെ ആദ്യമായി ഐക്യരാഷ്ട്ര സഭയെ അഭിസംബോധന ചെയ്ത് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രസംഗത്തില്‍ യൂറോപ്പിനും ഇന്ത്യയ്ക്കും ചൈനയ്ക്കും രൂക്ഷ വിമര്‍ശനം.ഉക്രൈയിന്‍ യുദ്ധത്തില്‍ റഷ്യയുടെ പ്രധാന ഫണ്ടര്‍മാര്‍ ഇന്ത്യയും ചൈനയുമെന്നാരോപിച്ച ട്രംപ് കുടിയേറ്റം കാരണം യൂറോപ്യന്‍ രാജ്യങ്ങള്‍ നരകത്തിലേക്ക് പോകുമെന്നും ആക്ഷേപിച്ചു. അതിര്‍ത്തികള്‍ ചുമ്മാ തുറന്നിട്ടിരിക്കുകയാണ് യൂറോപ്പെന്നും ട്രംപ് ആരോപിച്ചു.ഉക്രൈയ്നിലെ യുദ്ധത്തിന്റെ പേരില്‍ യൂറോപ്പ് റഷ്യയോട് പോരാടുന്നത് ലജ്ജാകരമാണ്.യൂറോപ്പ് റഷ്യയില്‍ നിന്ന് ഊര്‍ജ്ജം വാങ്ങുന്നതിനെയും ട്രംപ് കളിയാക്കി.

Advertisment

ഒരു മണിക്കൂര്‍ സമയമാണ് ട്രംപ് പൊതുസഭാ സമ്മേളനത്തില്‍ സംസാരിച്ചത്. ഈ സമയമത്രയും യൂറോപ്പിനെയും യു എന്നിനെയുമടക്കം എല്ലാവരെയും പഴി പറയാനാണ് ശ്രമിച്ചത്.യുദ്ധ സ്പോണ്‍സര്‍മാരായ ഇന്ത്യക്കും ചൈനയ്ക്കുമെതിരേ കൂടുതല്‍ തീരുവ ചുമത്തണമെന്ന് യൂറോപ്യന്‍ രാജ്യങ്ങളോട് ട്രംപ് ആവശ്യപ്പെട്ടു. നേരത്തേ, ഇതേകാര്യം നാറ്റോയിലെ സഖ്യകക്ഷികളോടും ജി-7 രാജ്യങ്ങളോടും ട്രംപ് ആവശ്യപ്പെട്ടിരുന്നു.

യൂറോപ്പിന്റെ തുറന്ന അതിര്‍ത്തികളെന്ന പരീക്ഷണം അവസാനിപ്പിക്കേണ്ട സമയമാണിതെന്ന് ട്രംപ് പറഞ്ഞു.പാശ്ചാത്യ തലസ്ഥാനത്തെ ആദ്യത്തെ മുസ്ലീം മേയറായ ലണ്ടനിലെ സാദിഖ് ഖാനെയും ട്രംപ് ആക്രമിച്ചു.”നിങ്ങളുടെ രാജ്യങ്ങള്‍ നരകത്തിലേക്ക് പോകുന്നു,’ യൂറോപ്പിനെക്കുറിച്ച് ഞാന്‍ ആശങ്കപ്പെടുന്നു.

കാലാവസ്ഥാ വ്യതിയാനം തട്ടിപ്പ്

കാലാവസ്ഥാ വ്യതിയാനത്തെയും യുഎന്നിനെയും ട്രംപ് വെറുതെവിട്ടില്ല. ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ തട്ടിപ്പാണതെന്നും ആഗോളതാപനം യൂറോപ്പിനെ നശിപ്പിക്കുകയാണെന്നുമായിരുന്നു പരിഹാസം.കാര്‍ബണ്‍ ഫുട്ട്പ്രിന്റ് ദുഷ്ടലക്ഷ്യമുള്ള ആളുകള്‍ സൃഷ്ടിച്ച തട്ടിപ്പാണ്. അവര്‍ പൂര്‍ണ്ണ നാശത്തിന്റെ പാതയിലേക്ക് നീങ്ങുകയാണെന്ന് ട്രംപ് പറഞ്ഞു.ഹരിത നയങ്ങളെ വിമര്‍ശിച്ച ട്രംപ് അമേരിക്കയിലെ പുനരുപയോഗിക്കാനാവാത്ത ഊര്‍ജ്ജ സ്രോതസ്സുകളെ പ്രകീര്‍ത്തിച്ചു.

യു എന്നിന്റെ പ്രസക്തി നഷ്ടമായി

ഐക്യരാഷ്ട്രസഭ പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റക്കാരുടെ അധിനിവേശം സംഘടിപ്പിച്ചു. കുടിയേറ്റക്കാര്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കി- ട്രംപ് കുറ്റപ്പെടുത്തി.

യു എന്നിന്റെ നിരര്‍ഥകമായ വാക്കുകള്‍കൊണ്ട് യുദ്ധങ്ങള്‍ തീര്‍ക്കാനാകില്ലെന്നും ട്രംപ് പറഞ്ഞു. യുഎന്നിന്റെ പ്രസക്തി നഷ്ടപ്പെട്ടെന്നും സമാധാന സ്ഥാപന കാര്യത്തില്‍ പരാജയമാണെന്നും ഇദ്ദേഹം ആരോപിച്ചു. യു എന്നിന് ഇനി മുന്നില്‍ നിന്ന് നയിക്കാന്‍ കഴിയുമോയെന്ന് സംശയമാണെന്നും ലോകത്തെ നയിക്കേണ്ടത് അമേരിക്കയാണെന്നും ട്രംപ് പറഞ്ഞു.

അനധികൃത കുടിയേറ്റത്തിന് ഒത്താശ ചെയ്ത്, യു എസ് ഉള്‍പ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങള്‍ക്കുനേരേയുള്ള അതിക്രമത്തിന് യു എന്‍ ഫണ്ട് നല്‍കിയെന്നും യു എസ് പ്രസിഡന്റ് കുറ്റപ്പെടുത്തി.

നോബല്‍ സമ്മാനം തരൂ...

ഇന്ത്യ-പാക് സംഘര്‍ഷമുള്‍പ്പെടെ അധികാരത്തിലേറി ഏഴുമാസങ്ങളിലായി ഏഴ് യുദ്ധങ്ങള്‍ താന്‍ അവസാനിപ്പിച്ചെന്നും അതിനാല്‍ നൊബേല്‍ സമ്മാനം തനിക്ക് അര്‍ഹതപ്പെട്ടതാണെന്നും യു എന്നില്‍ ട്രംപ് വാദിച്ചു. തന്റെ സമാധാന ശ്രമങ്ങള്‍ക്ക് യുഎന്‍ ഒരു നന്ദിപോലുമറിയിച്ചില്ലെന്നും കുറ്റപ്പെടുത്തി.ഗാസയിലെ യുദ്ധം ഉടന്‍ നിര്‍ത്തണമെന്നാവശ്യപ്പെട്ട ട്രംപ് എല്ലാ ബന്ദികളെയും മോചിപ്പിക്കാത്തതിന് ഹമാസിനെ വിമര്‍ശിച്ചു.

ഈ ആഴ്ച യു എന്നില്‍ പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ച ഫ്രാന്‍സ് അടക്കമുള്ള രാജ്യങ്ങളെയും ട്രംപ് കുറ്റപ്പെടുത്തി.ഹമാസ് തീവ്രവാദികളുടെ ക്രൂരതകള്‍ക്കുള്ള സമ്മാനമാണിതെന്നും ട്രംപ് പറഞ്ഞു.

ട്രംപിന് മറുപടിയുമായി മീഹോള്‍ മാര്‍ട്ടിന്‍

യു എസ് പ്രസിഡന്റിന്റെ പരാമര്‍ശങ്ങളില്‍ പുതുമയോ അദ്ഭുതമോ ഇല്ലെന്നും മുമ്പ് കേട്ടിട്ടുള്ളതാണെന്നും പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ പറഞ്ഞു.യൂറോപ്പില്‍ സ്വാതന്ത്ര്യവും സംസാര സ്വാതന്ത്ര്യവും നല്ല ജീവിത നിലവാരവുമുണ്ടെന്നും മാര്‍ട്ടിന്‍ പറഞ്ഞു.

കുടിയേറ്റത്തിന്റെ കാര്യത്തിലും ട്രംപിന്റെ വീക്ഷണത്തോട് യോജിക്കുന്നില്ലെന്ന് മാര്‍ട്ടിന്‍ പറഞ്ഞു.മറ്റെല്ലായിടത്തുമെന്ന പോലെ യൂറോപ്പിലും വെല്ലുവിളികളുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.യൂറോപ്പിനോ അയര്‍ലണ്ടിനോ തുറന്ന അതിര്‍ത്തികളില്ല. അതിര്‍ത്തികളില്‍ ഞങ്ങള്‍ക്ക് നിയന്ത്രണമുണ്ട്,” പ്രധാനമന്ത്രി പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനത്തോടുള്ള യുഎസ് പ്രസിഡന്റിന്റെ സമീപനവും ശരിയല്ല.ഇതെല്ലാം ശാസ്ത്രാധിഷ്ഠിത തെളിവുകളിലൂടെ ബോധ്യപ്പെട്ടതാണെന്ന് മാര്‍ട്ടിന്‍ പറഞ്ഞു.ഗാസയിലെയും ഉക്രെയ്നിലെയും യുദ്ധം അവസാനിപ്പിക്കണമെന്നാണ് ആഗ്രഹമെന്നും മാര്‍ട്ടിന്‍ പറഞ്ഞു.

Advertisment