സോമാലിയക്കാർക്കു ഐക്യദാർഢ്യം പ്രഖ്യാപിച്ചു മിനസോട്ട ലെഫ്. ഗവർണർ ഹിജാബ് ധരിച്ചു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
F

മിനസോട്ട ലെഫ്റ്റനന്റ് ഗവർണർ പെഗ്ഗി ഫ്ളാനഗൻ സംസ്ഥാനത്തെ സോമാലി വംശജരുമായി ഐക്യ ദാർഢ്യം പ്രഖ്യാപിക്കാൻ ഹിജാബ് ധരിച്ചു ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടു. "സോമാലി സമൂഹം മിനസോട്ട സംസ്ഥാനത്തിന്റെ ഉറച്ച ഭാഗമാണെന്നു എനിക്കു യാതൊരു സംശയവുമില്ല," മിനിയപോളിസിലെ കാർമൽ മാളിൽ അവർ പറഞ്ഞു.

Advertisment

സോമാലി വംശജരെ 'മാലിന്യം' എന്നു പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഈ ഐക്യദാർഢ്യ പ്രഖ്യാപനത്തിനു യുഎസ് സെനറ്റിലേക്കു മത്സരം പ്രഖ്യാപിച്ചിട്ടുള്ള ഡെമോക്രാറ്റിക് നേതാവ് ഇറങ്ങിയത്.

"ഞാനിവിടെ ഷോപ്പിംഗിനു വന്നതാണ്," കത്തോലിക്കാ സഭാംഗമായ ഫ്ളാനഗൻ പറഞ്ഞു. "മറ്റുള്ളവരും സോമാലി ബിസിനസുകൾക്കു പിന്തുണ നൽകണമെന്നു പറയാൻ ഞാൻ ആഗ്രഹിക്കുന്നു. നമ്മുടെ കുറിയേറ്റക്കാരായ അയൽക്കാരെ പിന്തുണയ്ക്കണം. ഭീതിപ്പെടുത്തുന്ന അന്തരീക്ഷം ഉണ്ടെന്നു എനിക്കറിയാം."

തൊട്ടടുത്ത് നിന്ന സോമാലി അമേരിക്കൻ നിംകോ അഹ്മദിനെ ഫ്ളാനഗൻ '25 വർഷമായി സുഹൃത്ത്' എന്നു വിശേഷിപ്പിച്ചു. മിനസോട്ടയിൽ ഡെമോക്രാറ്റിക് ഫാർമർ ലേബർ പാർട്ടി ഡയറക്റ്ററാണ് അഹ്മദ്. സോമാലിയയിൽ തിരിച്ചു പോയി അൽ ശബാബ് ഭീകര സംഘടനയിൽ ചേർന്നവരെ അവർ സഹായിക്കുന്നു എന്ന ആരോപണം ഉയർന്നിട്ടുണ്ട്. എന്നാൽ 2011ൽ അത്തരക്കാരെ അവർ മിനസോട്ട പബ്ലിക് റേഡിയോയിൽ അപലപിച്ചിരുന്നു.

2026 ഡെമോക്രാറ്റിക് സെനറ്റ് പ്രൈമറിയിൽ ഫ്ളാനഗൻ നേരിടുന്നത് റെപ്. ആൻജി ക്രെയ്ഗ്, രാഷ്ടീയക്കാരൻ അല്ലാത്ത ബില്ലി നോർഡ് എന്നിവരെയാണ്. സെനറ്റർ ടീന സ്മ‌ിത്ത് ഒഴിഞ്ഞ സീറ്റാണിത്.

ഫ്ളാനഗൻ ഹിജാബ് ധരിച്ചതിനെ കുറിച്ചുള്ള വിമർശനത്തിന് അവരുടെ വക്താവ് മറുപടി പറഞ്ഞത് ഇങ്ങിനെ: "ഒരു സ്കാർഫ് ധരിക്കുന്നതല്ല രോഷമുണർത്തേണ്ട വിഷയം, മുഖംമൂടി ധരിച്ചവർ ഭരണഘടന ലംഘിച്ചു ആളുകളെ തട്ടിക്കൊണ്ടു പോകുന്നതാണ്.

കാർമൽ മാളിൽ തിങ്കളാഴ്ച്ച ഐസ് നാലു അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തതിനെ അപലപിച്ചു ഗവർണർ ടിം വാൾസും മേയർ ജേക്കബ് ഫ്രേയും ചൊവാഴ്ച്ച അവിടെ പത്രസമ്മേളനം നടത്തിയിരുന്നു.

സോമാലി ബന്ധമുളള സംഘടനകൾ നികുതിദായകരുടെ പണത്തിൽ നിന്ന് $18 ബില്യൺ അടിച്ചുമാറ്റി എന്ന ആരോപണം യുഎസ് ട്രഷറി വകുപ്പും ഹൗസ് കമ്മിറ്റിയും അന്വേഷിച്ചു വരികയാണ്. 2024 വൈസ് പ്രസിഡന്റ് സ്ഥാനാർഥി കൂടിയായ വാൾസ് അതിനു ഉത്തരവാദിയാണെന്നു റിപ്പബ്ലിക്കൻ നേതാക്കൾ ആരോപിക്കുന്നു.

Advertisment