ട്രംപിന്റെ അവകാശവാദം മോദി അംഗീകരിക്കാത്തതാണ് അധിക തീരുവയ്ക്കു കാരണമായതെന്നു റിപ്പോർട്ട്

New Update
Cfv

ഇന്ത്യ-പാക്ക് 'ആണവ യുദ്ധം' നിർത്താൻ വ്യാപാരം ആയുധമാക്കി താൻ വിജയകരമായി ഇടപെട്ടുവെന്ന പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിന്റെ അവകാശവാദം സ്ഥിരീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറാവാതിരുന്നതാണ് ഇന്ത്യയോട് ട്രംപിനു കടുത്ത രോഷമുണ്ടാവാൻ കാരണമായതെന്നു 'ന്യൂ യോർക്ക് ടൈംസ്' റിപ്പോർട്ട് ചെയ്തു.

Advertisment

ഈ സമാധാന വിജയം നൊബേൽ സമ്മാനത്തിന് പ്രയോജനപ്പെടുത്താം എന്ന ലക്ഷ്യത്തിൽ ട്രംപ് അവകാശവാദം ആവർത്തിച്ചു കൊണ്ടിരിക്കയുമാണ്. ഇന്ത്യ പറയുന്നത് പാക്കിസ്ഥാനുമായുള്ള സംഘർഷത്തിൽ ആരും ഇടപെട്ടിട്ടില്ല എന്നാണ്. അതേ സമയം, പാക്ക് സേനാധിപൻ അസീം മുനീർ ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം അദ്ദേഹത്തിന്റെ അവകാശവാദം അംഗീകരിക്കുകയും അദ്ദേഹത്തെ നൊബേൽ സമ്മാനത്തിനു നോമിനേറ്റ് ചെയ്യുമെന്നു പ്രഖ്യാപിക്കയും ചെയ്തു.

ഇന്ത്യയുടെ നിലപാടിൽ രോഷം പൂണ്ടാണ് ട്രംപ് 25% തീരുവയ്ക്കു മേൽ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനു ശിക്ഷ എന്ന പേരിൽ മറ്റൊരു 25% കൂടി ഇന്ത്യയുടെ മേൽ ചുമത്തിയത്.

വ്യാപാര ചർച്ചകൾ വഴി മുട്ടിയപ്പോൾ ട്രംപ് മോദിയെ പല കുറി വിളിച്ചെന്നും മോദി സംസാരിക്കാൻ തയാറായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ട്രംപ് മോദിയെ വിളിച്ചില്ല എന്നാണ് വൈറ്റ് ഹൗസ് വക്താവ് അന്ന കെല്ലി പറഞ്ഞത്.

ജൂണിൽ കാനഡയിൽ നിന്നു ഉച്ചകോടി മുടക്കി തിരിച്ചു പറക്കുമ്പോൾ ട്രംപ് മോദിയെ വിളിച്ചിരുന്നു. വാഷിംഗ്ടണിലേക്കു ക്ഷണിച്ചെങ്കിലും മോദി വഴങ്ങിയില്ല. 35 മിനിറ്റ് അവർ സംസാരിച്ചപ്പോൾ ഇസ്രയേൽ-ഇറാൻ യുദ്ധം ആയിരുന്നു ഒരു വിഷയമെന്നു ഇന്ത്യൻ ഔദ്യോഗിക വക്താവ് പറഞ്ഞിരുന്നു.

ഈ വർഷം ഇന്ത്യയിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിക്കു ട്രംപ് എത്തില്ലെന്നും 'ടൈംസ്' പറഞ്ഞു. നൊബേൽ സമ്മാനം നേടാൻ ഇന്ത്യ സഹായിക്കാത്തതിന്റെ പേരിലുള്ള രോഷമാണ് കാരണമെന്നു റിപ്പോർട്ട് പറയുന്നു. ഉച്ചകോടിക്ക് എത്തുമെന്ന് അദ്ദേഹത്തെ മോദിയോട് നേരത്തെ പറഞ്ഞിരുന്നു.

Advertisment