/sathyam/media/media_files/2025/07/04/donald-trump-untitledtrmpp-2025-07-04-08-41-43.jpg)
ഡാലസ്: ഡാലസിൽ ഇന്ത്യക്കാരനായ മോട്ടൽ മാനേജരുടെ കൊലപാതകത്തിൽ മുൻ ബൈഡൻ ഭരണകൂടത്തിനെതിരെ യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ക്രിമിനൽ റെക്കോർഡുള്ള പ്രതിയെ യുഎസിൽ തുടരാൻ അനുവദിച്ചത് മുൻ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടത്തിന്റെ അപാകതയാണെന്ന് ട്രംപ് ആരോപിച്ചു.
മോട്ടൽ കൊലപാതകത്തിലെ പ്രതിയായ ക്യൂബൻ പൗരനെതിരെ ബാല ലൈംഗിക പീഡനം, മോഷണം ഉൾപ്പെടെ ഒട്ടേറെ കേസുകളുണ്ടായിട്ടും രാജ്യത്ത് തുടരാൻ അനുവദിച്ചത് ബൈഡൻ ഭരണകൂടത്തിന്റെ കഴിവില്ലായ്മയാണെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. നേരത്തെ തന്നെ ഇത്തരം ക്രിമിനലുകളെ രാജ്യത്തിന് പുറത്താക്കേണ്ടതായിരുന്നുവെന്നും ട്രംപ് പറഞ്ഞു. അനധികൃത കുടിയേറ്റക്കാർക്കെതിരെ ബൈഡൻ സ്വീകരിച്ച നയമാണ് ഇത്തരം ക്രൂരമായ കൊലപാതകങ്ങൾക്ക് ഇടയാക്കുന്നത്. പ്രതിയായ കോബോസ് മാർട്ടിനെസിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റം ചുമത്തി കനത്ത ശിക്ഷ നൽകുമെന്നും ട്രംപ് വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ചയാണ് ഡാലസിൽ സാമുവൽ ബൗളെവാർഡിലെ ഡൗൺടൗൺ സ്യൂട്ട്സ് മോട്ടലിൽ വച്ച് ഇന്ത്യക്കാരനായ മോട്ടൽ മാനേജർ ചന്ദ്ര നാഗമല്ലയ്യയെ ഭാര്യയുടേയും മകന്റെയും കൺമുന്നിലിട്ട് പ്രതിയായ യോർഡാനിസ് കോബോസ് മാർട്ടിനെസ് തലയറുത്ത് കൊലപ്പെടുത്തിയത്. മോട്ടലിലെ ജീവനക്കാരനായ പ്രതിയുമായി വാഷിങ്മെഷീന്റെ ഉപയോഗം സംബന്ധിച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ഡാലസ് കൗണ്ടി ജയിലിൽ കഴിയുന്ന പ്രതി യുഎസിലെ അനധികൃത കുടിയേറ്റക്കാരനാണ്. നേരത്തെ ബൈഡന്റെ ഭരണകാലത്ത് അറസ്റ്റിലായ പ്രതിയെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐസിഇ) പ്രകാരം നാടുകടത്താനുള്ള അന്തിമ ഉത്തരവിട്ടിരുന്നു. എന്നാൽ ക്രിമിനൽ പശ്ചാത്തലമുള്ളതിനാൽ ക്യൂബ ഇയാളെ ഏറ്റെടുക്കാൻ തയാറായിരുന്നില്ല. ബൈഡൻ ഭരണത്തിന്റെ അവസാന ആഴ്ചകളിലാണ് മേൽനോട്ട ഉത്തരവിന് കീഴിൽ ഇയാളെ ബ്ലൂ ബോണറ്റ് തടങ്കൽ കേന്ദ്രത്തിൽ നിന്ന് മോചിപ്പിച്ചതെന്ന് ഐസിഇ വ്യക്തമാക്കി.