ശതകോടീശ്വരൻ എലോൺ മസ്‌ക് പ്രഖ്യാപിച്ച ദ അമേരിക്ക പാർട്ടിയുടെ നേതൃനിരയിൽ ഉന്നത സ്ഥാനത്തു ഇന്ത്യൻ വംശജൻ. മസ്‌കിന്റെ ടെസ്‌ല കമ്പനിയിൽ ചീഫ് ഫിനാൻഷ്യൽ ഓഫീസറായ വൈഭവ് തനേജ പാർട്ടിയിൽ ട്രെഷറർ, കസ്റ്റോഡിയൻ ഓഫ് റെക്കോർഡ്‌സ് എന്നീ സ്ഥാനങ്ങൾ വഹിക്കും.
പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി തെറ്റിപ്പിരിഞ്ഞ ലോകത്തെ ഏറ്റവും വലിയ സമ്പന്നൻ ശനിയാഴ്ചയാണ് പാർട്ടി പ്രഖ്യാപിച്ചത്. അമേരിക്കൻ ജനതയ്ക്കു യഥാർഥ സ്വാതന്ത്ര്യം അനുഭവിക്കാൻ അവസരം സൃഷ്ടിക്കും എന്നാണ് അദ്ദേഹത്തിന്റെ വാഗ്ദാനം.
പാർട്ടി നേതൃത്വത്തിൽ തനേജയുടെ നിയമനം സ്ഥിരീകരിക്കുന്നത് യുഎസ് ഫെഡറൽ ഇലക്ഷൻ കമ്മീഷന് മസ്‌ക് പാർട്ടിയെ കുറിച്ച് നൽകിയ വിവരങ്ങളിലാണ്.
പാർട്ടിയുടെ പണം കൈകാര്യം ചെയ്യുന്ന ട്രഷറർ തിരഞ്ഞെടുപ്പ് പണത്തിന്റെ വിനിയോഗം സംബന്ധിച്ച കണക്കുകൾ നൽകേണ്ടതുണ്ട്. സംഭാവനകളും ചെലവും അവരുടെ ചുമതലയിലാണ്. കൃത്യമായ കണക്കുകൾ സൂക്ഷിക്കണം. നിയമവിരുദ്ധമായ പണമിടപാടുകൾ തടയണം.
പ്രൈസ്വാട്ടർഹൗസ് കൂപ്പേഴ്സിൽ 17 വർഷം ജോലി ചെയ്ത ശേഹം 2017ൽ ടെസ്‌ലയിൽ എത്തിയ തനേജ 2023ലാണ് സി എഫ് ഓ ആയത്. ചീഫ് അക്കൗണ്ടിംഗ് ഓഫിസർ, കോർപറേറ്റ് കൺട്രോളർ എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.
ട്രംപ് അധികാരമേറ്റയുടൻ ഗവൺമെന്റിനെ കാര്യക്ഷമത വർധിപ്പിക്കാനും ചെലവ് ചുരുക്കാനും സൃഷ്ടിച്ച ഡി ഓ ജി ഇ വകുപ്പിന്റെ ചുമതല മസ്കിനു നൽകിയിരുന്നു. ഫെഡറൽ ഏജൻസികൾ അടച്ചു പൂട്ടിയും ആയിരങ്ങളെ പിരിച്ചു വിട്ടുമുള്ള അദ്ദേഹത്തിന്റെ പ്രവർത്തന ശൈലി പക്ഷെ വലിയ പ്രതിഷേധം വിളിച്ചു വരുത്തി.
എങ്കിലും 2024 തിരഞ്ഞെടുപ്പിൽ ഏറ്റവുമധികം ധനസഹായം നൽകിയ മസ്കിനു പിന്നിൽ ട്രംപ് ഉറച്ചു നിന്നു. എന്നാൽ പിന്നീട് ഭിന്നതകൾ ഉടലെടുത്തു. ഏറ്റവും ഒടുവിൽ, യുഎസ് കടബാധ്യത വർധിപ്പിക്കുന്ന ട്രംപിന്റെ ബജറ്റ് ബിൽ താൻ ചെയ്ത പ്രവർത്തനങ്ങളെ പിന്നോട്ടടിക്കുന്നു എന്ന വിമർശനം മസ്‌ക് ഉയർത്തി.
പാഴ്‌വ്യയവും അഴിമതിയും കൊണ്ട് രാജ്യത്തെ പാപ്പരാക്കുന്ന ഒറ്റക്കക്ഷി സംവിധാനമാണ് നിലവിലുള്ളതെന്നു മസ്‌ക് ആരോപിക്കുന്നു. അതിൽ നിന്ന് മോചനം സാധ്യമാക്കാനാണ് അമേരിക്ക പാർട്ടിക്കു രൂപം നൽകുന്നത്.
ഇടക്കാല തിരഞ്ഞെടുപ്പുകൾ ഉൾപ്പെടെ 2026 സൈക്കിളിൽ പുതിയ പാർട്ടി എത്രമാത്രം നേട്ടമുണ്ടാക്കും എന്നു പ്രവചിക്കാനാവില്ല. ട്രംപിനോട് എതിർപുള്ള റെപ്. മാർജോറി ഗ്രീൻ-ടെയ്‌ലർ, നിരീക്ഷകൻ ടക്കർ കാൾസൺ തുടങ്ങി ചില പ്രമുഖർ മസ്‌കിന്റെ കൂടെ കൂടിയേക്കും.