നായർ ബനവലന്റ് അസോസിയേഷന്റെ ഓണാഘോഷം വര്‍ണ്ണാഭമായി

New Update
nair baliyatt assosition

ന്യൂയോർക്ക്: നായർ ബനവലന്റ് അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം വര്‍ണ്ണാഭമായി. സെപ്തംബർ 7 ഞായറാഴ്ച ക്വീൻസിലെ ഗ്ലെന്‍ ഓക്സിലുള്ള P.S.115 ഓഡിറ്റോറിയത്തിൽ വെച്ച് രാവിലെ 11 മണി മുതൽ വൈകീട്ട് 6:00 മണി വരെയായിരുന്നു വളരെ വിപുലമായ രീതിയില്‍ രണ്ട് സെഷനുകളായിട്ടാണ് ആഘോഷം സംഘടിപ്പിച്ചത്.

Advertisment

താലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ മാവേലിത്തമ്പുരാനെ വേദിയിലേക്ക് എതിരേറ്റ് ആനയിച്ചു. പ്രഥമ വനിത വത്സ കൃഷ്ണ, പ്രസിഡന്റ് ക്രിസ് പിള്ള തോപ്പിൽ, കൗൺസിൽമാൻ എഡ് ബ്രോൺസ്റ്റൈൻ, ട്രസ്റ്റീ ബോർഡ് ചെയർപേഴ്സൺ വനജ നായർ, വനിത ഫോറം ചെയർ രാധാമണി നായർ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ആദ്യത്തെ സെഷൻ ആരംഭിച്ചു. ശബരീനാഥ് നായർ പ്രാർത്ഥനാഗാനം ആലപിച്ചു.

WhatsApp Image 2025-09-10 at 6.57.37 PM (7)

ജോയിന്റ് സെക്രട്ടറി രത്നമ്മ നായർ സ്വാഗതം ആശംസിക്കുകയും ഓണാശംസകൾ നേരുകയും ചെയ്തു. പ്രസിഡന്റ് ക്രിസ് പിള്ള തോപ്പിൽ ഏവർക്കും ഓണത്തിന്റെ മംഗളങ്ങൾ നേരുകയും അസോസിയേഷനിൽ ചേർന്ന പുതിയ അംഗങ്ങളെ പരിചയപ്പെടുത്തുകയും ചെയ്തു.

ഓണാഘോഷത്തിൽ പങ്കെടുക്കാനെത്തിയ സഹോദര സംഘടനകളായ മഹിമ, എസ്.എൻ.എ., മറ്റു മലയാളി അസോസിയേഷനുകളുടെ ഭാരവാഹികൾക്ക് പ്രസിഡന്റ് പ്രത്യേകം നന്ദി പറഞ്ഞു.

WhatsApp Image 2025-09-10 at 6.57.37 PM (5)

വിശിഷ്ടാതിഥിയായി ഓൺലൈനിലൂടെ ഓണസന്ദേശം നൽകിയ ഡോ. ലതാ ചന്ദ്രൻ എൻ.ബി.എ.യുടെ മുൻ പ്രസിഡന്റുമാണ്. താനും കുടുംബവും ഫ്ലോറിഡയിലേക്ക് താമസം മാറിയെങ്കിലും ഇന്നും മനസ്സുകൊണ്ട് എൻ.ബി.എ. കുടുംബാംഗങ്ങളോടൊപ്പമാണെന്ന് ഓണസന്ദേശം നൽകിക്കൊണ്ട് ഡോ ലത പറഞ്ഞു. ചിത്രജാ ചന്ദ്രമോഹൻ വിശിഷ്ടാതിഥിയെ സദസ്സിനു പരിചയപ്പെടുത്തി.

മുഖ്യാതിഥിയായ കൗൺസിൽമാൻ എഡ് ബ്രോൺസ്റ്റൈനെ കോശി ഒ തോമസ് പരിചയപ്പെടുത്തി. കൗൺസിൽമാൻ എഡ് ബ്രോൺസ്റ്റൈൻ, ഓണാഘോഷത്തിൽ പങ്കെടുക്കുവാൻ സാധിച്ചതിലുള്ള സന്തോഷം രേഖപ്പെടുത്തുകയും എല്ലാവർക്കും ഓണത്തിന്റെ മംഗളങ്ങൾ നേരുകയും ചെയ്തു.

തുടർന്ന് ട്രസ്റ്റീ ബോർഡ് ചെയർപേഴ്സൺ വനജ നായർ വാമന ജയന്തിയും ഓണവുമായിട്ടെങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് വിശദീകരിച്ചു. മഹാവിഷ്ണുവിന്റെ അവതാരമായ വാമനന്റെ ജന്മനക്ഷത്രം ആണ് ഓണം. ബഹുമാനത്തോടെ പറയുന്ന നക്ഷത്രങ്ങളുടെ കൂടെ തിരു അല്ലെങ്കിൽ തൃ ചേർത്തു പറയുന്നതാണ് തിരുവോണം എന്നും പറഞ്ഞു. യുവതലമുറയെ പ്രതിനിധാനം ചെയ്ത് രേവതി രാമാനുജൻ ഓണസന്ദേശം നൽകി.

WhatsApp Image 2025-09-10 at 6.57.37 PM (8)

അപ്പുക്കുട്ടൻ പിള്ള മഹാബലിയായി വേഷമിട്ടു. 51-ാം വർഷവും വിവിധ വേദികളിൽ തുടർച്ചയായി മഹാബലി വേഷം കെട്ടുന്ന, ഗിന്നസ് ബുക്കിൽ പേരുവരാൻ പോകുന്ന അപ്പുക്കുട്ടൻ പിള്ള ഓണ സന്ദേശം നൽകുകയും പ്രജകളെ അനുഗ്രഹിക്കുകയും ചെയ്തു. അസോസിയേഷനിലെ പെൺകുട്ടികൾ ഊർമ്മിള റാണി നായരുടെ നേതൃത്വത്തിൽ അവതരിപ്പിച്ച തിരുവാതിര കാണികളുടെ മനം കവർന്നു.

അംഗങ്ങൾ സ്വവസതിയിൽ വച്ച് പാചകം ചെയ്തു കൊണ്ടുവന്ന്‌ തൂശനിലയിട്ടു വിളമ്പിയ വിഭവസമൃദ്ധമായ ഓണസദ്യ വളരെ ഹൃദ്യമായി. സദ്യ ഒരുക്കുന്നതിന് നേതൃത്വം നൽകിയ സുശീലാമ്മ പിള്ളയുടെ സേവനം അഭിനന്ദനീയമാണ്.

WhatsApp Image 2025-09-10 at 6.57.37 PM (3)

സദ്യക്കുശേഷം രണ്ടാം സെഷൻ ആരംഭിച്ചു. കലാപരിപാടികൾ നിയന്ത്രിച്ചത് ഊർമ്മിള റാണി നായർ ആയിരുന്നു. രേവതി രാമാനുജനും വത്സ കൃഷ്ണയും ചേർന്ന് എം.സി.യുടെ കർത്തവ്യം മനോഹരമാക്കി.

നൂപുര ആർട്സിലെ ലക്ഷ്മി നായരുടെ ശിക്ഷണത്തിൽ പഠിച്ചു വന്ന കുട്ടികളുടെ അര മണിക്കൂർ നീണ്ടുനിന്ന സംഘ-നൃത്ത-നാടകം, ലതിക ഉണ്ണിയുടെ ശിക്ഷണത്തിൽ വന്ന കുട്ടികളുടെ നൃത്തനൃത്യങ്ങളും ഒന്നിനൊന്നു മികച്ചുനിന്നു.

നൂപുരാ ഡാൻസ് സ്കൂളിലെ ഗുരു രവീന്ദ്രനാഥ് കുറുപ്പ് (പ്രശസ്ത കവി പരേതനായ ഒ.എൻ.വി. കുറുപ്പിന്റെ സഹോദര പുത്രനാണ്), നൃത്താധ്യാപികമാരായ ചന്ദ്രികാ കുറുപ്പ്, ലക്ഷ്മി കുറപ്പ് എന്നിവരെ വേദിയിൽ വച്ച് ആദരിക്കുകയും സദസ്സിലുള്ള എല്ലാവരും സ്റ്റാൻഡിംഗ് ഒവേഷൻ നൽകുകയും ഉണ്ടായി.

WhatsApp Image 2025-09-10 at 6.57.37 PM (1)

ശബരീനാഥ് നായർ, രവി നായർ, പ്രേം കൃഷ്ണ, ഹിമാ നായർ എന്നിവർ മനോഹരങ്ങളായ ഗാനങ്ങൾ ആലപിച്ചപ്പോൾ കുന്നപ്പള്ളിൽ രാജഗോപാൽ, രാധാമണി നായർ എന്നിവർ കവിതകൾ ആലപിച്ചു. രേവതി രാമാനുജനും ഭർത്താവ് മനു രാഘവനും ചേർന്ന് ആലപിച്ച ശാസ്ത്രീയസംഗീതം ഏവരെയും ഹഠാദാകർഷിച്ചു.

ഓണാഘോഷത്തിനു മാറ്റു കൂട്ടാൻ ക്ഷണിക്കപ്പെട്ട അതിഥിയായെത്തിയ കഥാകൃത്തും കേരള സാഹിത്യ അക്കാഡമി അവാർഡ് ജേതാവും മിമിക്രി കലാകാരനുമായ സുനീഷ് വാരനാട് തനിക്കു കിട്ടിയ സമയം തന്റെ സ്വതസിദ്ധമായ ശൈലിയിൽ നാടൻ പാട്ടു പാടിയും അനുകരണകലയിലൂടെയും സദസ്സിന്റെ മനം കവർന്നു.

WhatsApp Image 2025-09-10 at 6.57.37 PM (2)

വൈസ് പ്രസിഡന്റ് ഡോ. ചന്ദ്രമോഹൻ ഏവർക്കും കൃതജ്ഞത രേഖപ്പെടുത്തി.

തുടർന്നു നടന്ന റാഫിൾ നറുക്കെടുപ്പില്‍ ഡോ. ചന്ദ്രമോഹൻ സ്പോൺസർ ചെയ്ത ഒന്നാം സമ്മാനമായ 58” ടി.വി., ഗായകനായും ഫോട്ടോഗ്രാഫറായും തിളങ്ങിയ പ്രേം കൃഷ്ണനും, രണ്ടാം സമ്മാനമായ, കുന്നപ്പള്ളിൽ രാജഗോപാൽ സ്പോൺസർ ചെയ്ത സാംസങ് 11” നോട്ടുബുക്ക് ഉണ്ണിക്കൃഷ്ണ മേനോനും, മൂന്നാം സമ്മാനമായ, സെക്രട്ടറി രഘുവരൻ നായർ സ്പോൺസർ ചെയ്ത സിറ്റിസൺസ് വാച്ച് ന്യൂജേഴ്സിയിൽ നിന്നുള്ള പ്രവീൺ നായർക്കും ലഭിച്ചു.

പതിവുപോലെ വേദി കലാപരമായി അണിയിച്ചൊരുക്കിയത് സുധാകരൻ പിള്ളയും മനോഹരമായ പൂക്കളമിട്ടത് രാകേഷ് നായരും കുടുംബാംഗങ്ങളും ചേർന്നാണ്. ദേശീയ ഗാനാലാപനത്തോടെ ഓണാഘോഷത്തിന് തിരശ്ശീല വീണു.

വാര്‍ത്ത: ജയപ്രകാശ് നായർ

Advertisment