ലോസ് ഏഞ്ചലസിൽ കലാപം നിയന്ത്രിക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിയോഗിച്ച 2,000 നാഷനൽ ഗാർഡുകളിൽ ആദ്യ സംഘം ഞായറാഴ്ച്ച പുലർച്ചെ നഗരത്തിൽ എത്തി. അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാനുള്ള ഫെഡറൽ അധികൃതരുടെ നീക്കത്തിനെതിരെ വെള്ളിയാഴ്ച്ച ആരംഭിച്ച പ്രതിഷേധം കെട്ടടങ്ങിയിട്ടില്ല.
ലാറ്റിനോ വംശജർ തിങ്ങിപ്പാർക്കുന്ന പാരമൗണ്ട് മേഖലയിലാണ് പ്രകടനങ്ങൾ അരങ്ങേറിയത്. അവിടെയും ലോസ് ഏഞ്ചലസ് സിറ്റി ഹാളിനു സമീപവും ഞായറാഴ്ച്ച അതിരാവിലെ നാഷനൽ ഗാർഡുകൾ വിന്യസിക്കുന്നത് എ ബി സി 7 ടെലിവിഷനിൽ കാണിച്ചു.
ഫെഡറൽ അധികൃതർക്കെതിരെ കലാപം സംഘടിപ്പിക്കാൻ ശ്രമിച്ചു എന്ന കുറ്റം ചുമത്തി യുഎസ് ലേബർ നേതാവ് ഡേവിഡ് ഹുവർട്ടയെ അറസ്റ്റ് ചെയ്തതായി ബി ബി സി റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തു 750,000 അംഗത്വമുള്ള സർവീസ് എംപ്ലോയീസ് ഇന്റർനാഷനൽ യൂണിയന്റെ കാലിഫോർണിയ ശാഖാ പ്രസിഡന്റാണ് അദ്ദേഹം.
സമാധാനമായി പ്രകടനം നടത്തുമ്പോഴാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന് യൂണിയൻ പറഞ്ഞു. അദ്ദേഹത്തിനു ബലപ്രയോഗത്തിൽ പരുക്കേറ്റു.
കരുതിക്കൂട്ടി ഫെഡറൽ ഉദ്യോഗസ്ഥരെ തടഞ്ഞതിനാണ് ഹുവർട്ടയെ അറസ്റ്റ് ചെയ്തതെന്നു യുഎസ് അറ്റോണി ബിൽ എസെയിൽ പറഞ്ഞു. തിങ്കളാഴ്ച്ച കോടതിയിൽ ഹാജരാക്കും.
വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി 120 ലേറെ ആളുകളെ പാരമൗണ്ടിൽ അറസ്റ്റ് ചെയ്തതായി അധികൃതർ സ്ഥിരീകരിച്ചു.
ട്രംപിന്റെ രണ്ടാം ഭരണത്തിൽ അറസ്റ്റ് ചെയ്ത അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 100,000 കവിഞ്ഞെന്നാണ് സി ബി എസ് റിപ്പോർട്ട്.