/sathyam/media/media_files/2025/09/08/njnb-2025-09-08-03-56-39.jpg)
ഇന്ത്യക്കെതിരെ കലി തുള്ളി അതുമിതും വിളിച്ചു പറയുന്ന വൈറ്റ് ഹൗസ് സീനിയർ അഡ്വൈസർ പീറ്റർ നവറോ, പറഞ്ഞതൊന്നും വസ്തുതയല്ലെന്നു സ്ഥാപിക്കപ്പെട്ടപ്പോൾ അടി പതറിയ പോലെയായി. എക്‌സിൽ പലരും എതിരായി പ്രതികരിച്ചതോടെ പ്രസിഡന്റ് ട്രംപിന്റെ ഉപദേഷ്ടാവ് ഇലോൺ മസ്‌കിന്റെ നേരെയും പൊട്ടിത്തെറിച്ചു.
എക്‌സിൽ മസ്‌ക് പ്രചാരണം അനുവദിക്കുന്നു എന്നാണ് നവറോയുടെ ആക്ഷേപം. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങി ലാഭം കൊയ്യുന്നു എന്ന ആരോപണം ആവർത്തിച്ച അദ്ദേഹം അത് തെറ്റാണെന്നു സ്ഥാപിക്കാൻ ശ്രമിച്ചവർ അമേദ്ധ്യം വിളമ്പുകയാണെന്നു അധിക്ഷേപിച്ചു.
"ഇലോൺ മസ്‌ക് ജനങ്ങളുടെ പോസ്റ്റുകളിൽ പ്രചാരണം അനുവദിക്കയാണ്. താഴെക്കാണുന്ന അമേധ്യം അതാണ്. വെറും അമേധ്യം. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് ലാഭമടിക്കാൻ മാത്രമാണ്. റഷ്യ യുക്രൈനെ ആക്രമിച്ചതിനു മുൻപ് ഇന്ത്യ അത് ചെയ്തിരുന്നില്ല. ഇന്ത്യ കളി നിർത്തണം. യുക്രൈനിലെ കൊലകൾ അവസാനിപ്പിക്കുക. അമേരിക്കക്കാരുടെ ജോലികൾ തട്ടിയെടുക്കുന്നത് നിർത്തുക."
നവറോയെ പോലുള്ളവർ ഇന്ത്യക്കെതിരെ ഉപയോഗിക്കുന്ന തീ പിടിച്ച ഭാഷ രണ്ടു രാജ്യങ്ങളും തമ്മിലുളള പ്രശ്നം വഷളാക്കാൻ മാത്രമേ ഉപകരിക്കൂ എന്ന് വാഷിംഗ്‌ടൺ പോസ്റ്റ് വെള്ളിയാഴ്ച്ച പറഞ്ഞിരുന്നു. ആ റിപ്പോർട്ടിനെയും കടന്നാക്രമിച്ച നവറോ പറഞ്ഞു: "വസ്തുതയാണ് -- ഇന്ത്യയുടെ ഏറ്റവും ഉയർന്ന താരിഫുകൾ യുഎസിൽ തൊഴിൽ നഷ്ടം ഉണ്ടാക്കുന്നു. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് ലാഭമടിക്കാനും റഷ്യയുടെ യുദ്ധത്തിനു പണം നൽകാനും മാത്രമാണ്. യുക്രൈൻകാരും റഷ്യക്കാരും കൊല്ലപ്പെടുന്നു. യുഎസ് നികുതിദായകർ കൂടുതൽ പണം ഇറക്കേണ്ടി വരുന്നു. ഇന്ത്യക്കു സത്യം കൈകാര്യം ചെയ്യാൻ കഴിയുന്നില്ല. വാഷിംഗ്‌ടൺ പോസ്റ്റ് ഇടതുപക്ഷ വ്യാജ വാർത്തയാണ്."
ഇന്ത്യയുമായുള്ള ബന്ധങ്ങളെ പ്രസിഡന്റ് ട്രംപ് പ്രകീർത്തിക്കയും നരേന്ദ്ര മോദി അത് സ്വാഗതം ചെയ്‌യുകയും ചെയ്തതിനു പിന്നാലെയാണ് നവറോ വീണ്ടും കലിതുള്ളിയത്.