/sathyam/media/media_files/2025/10/16/bbba-2025-10-16-04-14-34.jpg)
ഗാസ സമാധാന കരാറിനെ തുടർന്നു ഹമാസ് ഇസ്രയേലിനു വിട്ടു കൊടുത്ത ജഡങ്ങളിൽ ഒന്ന് 2023 ഒക്ടോബർ 7നു ബന്ദിയാക്കപ്പെട്ട നേപ്പളീസ് വംശജൻ ബിപിൻ ജോഷിയുടേതാണെന്ന് വെളിപ്പെട്ടതോടെ നേപ്പാൾ ഇടക്കാല പ്രധാനമന്തി സുശീല കാർക്കി അനുശോചനം അറിയിച്ചു.
"രണ്ടു വർഷം പ്രത്യാശയോടെയും പ്രാർത്ഥനയോടെയും കാത്തിരുന്ന ശേഷം ബിപിൻ ജോഷി ദുഖകരമായ മരണത്തിനു ഇരയായി എന്ന സ്ഥിരീകരണം ലഭിച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി," കാർക്കി എക്സിൽ കുറിച്ചു.
"ഹൃദയഭേദകമായ വാർത്ത ഞങ്ങൾക്ക് അഗാധമായ വേദന ഉളവാക്കുന്നു. ഈ കഠിനമായ നേരത്തു ഞാൻ അദ്ദേഹത്തിനു വേണ്ടി ആദരാഞ്ജലി അർപിക്കുന്നു, അദ്ദേഹത്തിൻറെ കുടുംബത്തിന്റെ ദുഃഖം പങ്കിടുകയും അവരെ അനുശോചനം അറിയിക്കയും ചെയ്യുന്നു."
ഹമാസ് ഇസ്രയേലിൽ പ്രവേശിച്ചു ആക്രമണം നടത്തിയതിനു 25 ദിവസം മുൻപ് മാത്രമാണ് ജോഷി (23) അവിടെ എത്തിയത്. ' ലേർണ ആൻഡ് എൺ ' പ്രോഗ്രാമിന്റെ ഭാഗമായി കിബുട്ട്സ് അലുമിനിൽ പഠിക്കയും ജോലി ചെയ്യുകയും ആയിരുന്നു.
"ബിപിൻ ജോഷി വെറുമൊരു വിദ്യാർഥി ആയിരുന്നില്ല," കാർക്കി പറഞ്ഞു. "അറിവ് തേടി വിദേശത്തു പോയ ആയിരക്കണക്കിന് നേപ്പാളി യുവാക്കളിൽ തിളക്കമാർന്ന ഒരാൾ ആയിരുന്നു അദ്ദേഹം.നേപ്പാളിന്റെ പുത്രൻ സമാധാനത്തെ പിന്തുണച്ചിരുന്ന ആളുമാണ്. അന്താരാഷ്ട്ര സംഘർഷത്തിന്റെ ക്രൂരതയ്ക്ക് അദ്ദേഹം ഇരയായി."
ജോഷി സുരക്ഷിതമായി തിരിച്ചു വരണേ എന്ന് നേപ്പാൾ ഒന്നായി പ്രാർഥിച്ചിരുന്നുവെന്നു കാർക്കി പറഞ്ഞു. "എല്ലാ പ്രത്യാശയും സ്വപ്നങ്ങളും വിഫലമായി. അദ്ദേഹത്തിന്റെ ധീരതയും ത്യാഗവും ഈ രാജ്യം ഒരിക്കലും മറക്കില്ല."
ആക്രമണം നടക്കുമ്പോൾ മറ്റു 16 നേപ്പാൾ വംശജരും അവിടെ ഉണ്ടായിരുന്നു. അതിൽ 10 പേർ കൊല്ലപ്പെട്ടു, അഞ്ചു പേർക്ക് പരുക്കേറ്റു. ഒരാൾ രക്ഷപെട്ടു. ജോഷിയുടെ മൃതദേഹം നേപ്പാളിലേക്ക് അയക്കുമെന്ന് ഇസ്രയേൽ അറിയിച്ചിട്ടുണ്ട്.