യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ രണ്ടു ശ്രമങ്ങൾ നടത്തിയെന്നു ഇസ്രയേലി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ആരോപിച്ചു. ആണവായുധം ഉണ്ടാക്കാനുളള തങ്ങളുടെ ശ്രമങ്ങൾക്കു ഏറ്റവും വലിയ തടസം ട്രംപ് ആണെന്നു ഇറാൻ കരുതുന്നതായി ഫോക്സ് ന്യൂസിന്റെ ബ്രെറ്റ് ബയർ നടത്തിയ അഭിമുഖത്തിൽ നെതന്യാഹു പറഞ്ഞു. "അതുകൊണ്ടാണ് അദ്ദേഹത്തെ വധിക്കാൻ തീരുമാനിച്ചത്."
"അമേരിക്കയ്ക്കു മരണം എന്ന് ആവർത്തിച്ചു വിളിച്ചു പറയുന്ന അവർ പ്രസിഡന്റ് ട്രംപിനെ വധിക്കാൻ രണ്ടു പ്രാവശ്യം ശ്രമം നടത്തി," നെതന്യാഹു പറഞ്ഞു. ഇറാനു നേരെ ആക്രമണം ആരംഭിക്കാനുളള കാരണങ്ങൾ അദ്ദേഹം ഉന്നയിക്കയായിരുന്നു.
"ഇറാനെ അണ്വായുധം നിർമിച്ചു നമ്മുടെ നഗരങ്ങൾക്കു നേരെ ആക്രമണം നടത്താൻ അനുവദിക്കണോ? ഒരിക്കലുമില്ല. അത് കൊണ്ടു ഞങ്ങൾ ഞങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നു. ലോകത്തിന്റെ സുരക്ഷയും."
ഇറാൻ പരമാധികാരി ആയത്തൊള്ള ഖമെയ്‌നിയെ വധിക്കാനുള്ള ഇസ്രയേലി നീക്കം ട്രംപ് തടഞ്ഞു എന്ന റിപ്പോർട്ട് പുറത്തു വന്നതിന്റെ പിന്നാലെയാണ് നെതന്യാഹു ഈ വെളിപ്പെടുത്തൽ നടത്തിയത്.
ഇന്റലിജൻസ് വിവരം ഉണ്ടോ?
നെതന്യാഹു ഉന്നയിച്ച ആരോപണത്തിൽ ഞെട്ടിയ ബയർ അദ്ദേഹത്തോട് വിശദാംശങ്ങൾ ചോദിച്ചു. "ഇറാൻ ട്രംപിനെ വധിക്കാൻ രണ്ടു തവണ നേരിട്ടു ശ്രമിച്ചെന്നു തെളിയിക്കാൻ താങ്കളുടെ കൈയ്യിൽ ഇന്റലിജൻസ് വിവരം ഉണ്ടോ?"
നെതന്യാഹു പറഞ്ഞു: "അവർ പകരക്കാരെ ഉപയോഗിച്ചു ശ്രമം നടത്തിയെന്നു ഇന്റലിജൻസ് വിവരം ഞങ്ങൾക്കുണ്ട്."
ഇറാൻ ട്രംപിനെ രണ്ടുതവണ വധിക്കാൻ ശ്രമിച്ചെന്നു അമേരിക്കൻ ഇന്റലിജൻസ് ഒരിക്കലും കണ്ടെത്തിയിട്ടില്ല. എന്നാൽ കഴിഞ്ഞ സെപ്റ്റംബറിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ട്രംപ് ആ ആരോപണം ഉന്നയിച്ചു.
ഇറാൻ സ്ഥിരമായി ആരോപണം നിഷേധിച്ചിട്ടുണ്ട്.
ഇറാന്റെ വിപ്ലവ ഗാർഡുകൾ ഫർഹദ് ഷാക്കെരി (51) എന്നയാൾ ട്രംപിനെ വധിക്കാൻ നിയോഗിച്ചെന്നു നവംബറിൽ ഫെഡറൽ ഏജൻസികൾ ആരോപിച്ചിരുന്നു. പണം എത്ര വേണമെങ്കിലും നൽകാം എന്നു വാഗ്ദാനം ചെയ്തു.
സെപ്റ്റംബർ 15നു റയാൻ റൗത് എന്നയാൾ ട്രംപ് ഗോൾഫ് കളിക്കുമ്പോൾ തോക്കുമായി ചുറ്റിക്കറങ്ങിയതിനു ഫ്ലോറിഡയിൽ പിടിയിലായി. അതിനു ഒരു മാസം മുൻപാണ് പെൻസിൽവേനിയയിലെ ബട്ലറിൽ പ്രസംഗിച്ചു നിൽക്കെ ട്രംപിനു നേരെ തോമസ് മാത്യു ക്രൂക്സ് എന്നയാൾ വെടിവച്ചത്. വെടിയുണ്ട അദ്ദേഹത്തിന്റെ ചെവിയിൽ ഉരുമ്മി കടന്നു പോയി.