ന്യൂയോർക്ക് : പുതിയ നേതൃത്വത്തിനായി കാത്തിരുന്ന ന്യൂയോർക്കുകാർക്കിടയിൽ ആവേശത്തിരയിളക്കിക്കൊണ്ടാണ് സൊഹ്‌റാൻ മംദാനി എന്ന താരം ഉദിച്ചുയർന്നത്. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റായ മംദാനിയുടെ വിജയം, മുതലാളിത്തത്തിന്റെ അതിരുകടന്ന പ്രവർത്തനങ്ങൾ നിയന്ത്രിക്കാനുള്ള ആഹ്വാനമാണ്. നാഷണൽ റിപ്പബ്ലിക്കൻ കോൺഗ്രസ് കമ്മിറ്റി ഡെമോക്രാറ്റിക് പാർട്ടിയുടെ പുതിയ മുഖം എന്നാണ് മംദാനിയെ വിശേഷിപ്പിച്ചത്.
യുവ വോട്ടർമാരെ ആകർഷിച്ചുകൊണ്ട് അസംബ്ലിമാൻ മംദാനി, ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനത്തേക്കുള്ള ഡെമോക്രാറ്റിക് പ്രൈമറിയിൽ വിജയിച്ചത് . അട്ടിമറിവിജയം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന അവിശ്വസനീയമായ മുന്നേറ്റം! പ്രചാരണവേളയിൽ മാസങ്ങളോളം ആദ്യസ്ഥാനത്ത് മുൻ ഗവർണർ ആൻഡ്രൂ കോമോയുടെ പേരാണ് ഉയർന്നുകേട്ടിരുന്നത്. 33 കാരനായ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് മംദാനിയെ എന്തായാലും വോട്ടെണ്ണലിനിടെ കോമോ അഭിനന്ദിച്ചു. ഈ രാത്രി നമ്മുടെ രാത്രിയല്ല എന്നാണ് 67 കാരനായ കോമോ തന്നെ പിന്തുണച്ചവരോട് പറഞ്ഞത്. മംദാനി ഈ വിജയം അർഹിക്കുന്നു എന്നും കോമോ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ മാസം വരെ, മുൻ ഗവർണർ കോമോയെ പരാജയപ്പെടുത്താൻ മംദാനിക്ക് സാധിക്കുമെന്ന് വളരെ കുറച്ച് ആളുകൾ മാത്രമേ പ്രതീക്ഷിച്ചിരുന്നുള്ളൂ. സാർവത്രികമായ അംഗീകാരം, ആഴത്തിലുള്ള പോരാട്ടവീര്യം, മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ പോലുള്ള പാർട്ടിയിലെ പ്രമുഖരുടെ അംഗീകാരം എന്നിങ്ങനെ നിരവധി ഘടകങ്ങൾ അദ്ദേഹത്തിന് പ്രയോജനകാര്യമായി വന്നുചേരുകയായിരുന്നു. മാറ്റത്തിനായുള്ള ന്യൂയോർക്കുകാരുടെ ദാഹം പ്രകടമാകുന്ന മത്സരമെന്നതുകൊണ്ട് ഏവരും ഉറ്റുനോക്കിയ ഇലക്ഷനായിരുന്നു ഇത്.
സ്റ്റേറ്റ് അസംബ്ലി അംഗവും ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാവ് മീര നായരുടെ മകനുമാണ് മംദാനി. ന്യൂയോർക്ക് നഗരത്തിലെ ആദ്യത്തെ മുസ്ലീം, ഇന്ത്യൻ-അമേരിക്കൻ മേയർ എന്ന പുതുചരിത്രമാണ് ഇവിടെ രചിക്കപ്പെടുന്നത്.
നേടിയെടുക്കുന്നതുവരെയും എല്ലായ്പ്പോഴും കാര്യങ്ങൾ അസാധ്യമാണെന്ന് തോന്നുമെന്നുള്ള നെൽസൺ മണ്ടേലയുടെ വാക്കുകൾ മംദാനി ഉദ്ധരിച്ചു. അങ്ങനൊരു കാര്യമാണ് പൂർത്തീകരിച്ചിരിക്കുന്നതെന്നും ജനങ്ങളാണ് അത് ചെയ്തതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നഗരത്തിലെ വോട്ടിംഗ് സമ്പ്രദായം അനുസരിച്ച്, ആദ്യ വോട്ടെണ്ണലിൽ ഒരു സ്ഥാനാർത്ഥിക്ക് 50 ലക്ഷത്തിലധികം ഫസ്റ്റ്-ചോയ്‌സ് വോട്ടുകൾ ലഭിച്ചില്ലെങ്കിൽ, അടുത്ത ആഴ്ച വോട്ടെണ്ണൽ തുടരും. പുരോഗമന അജണ്ടയാണ് അദ്ദേഹത്തിൻ്റെ വിജയത്തിലേക്ക് എത്തിച്ചത്.
ബസുകൾ സൗജന്യമാക്കുമെന്നും, വാടക മരവിപ്പിക്കുമെന്നും, ന്യൂയോർക്കിലെ ഏറ്റവും ധനികരായ ആളുകൾക്ക് നികുതി വർദ്ധിപ്പിക്കുമെന്നും മംദാനി വാഗ്ദാനം ചെയ്തു . തലമുറ മാറ്റത്തെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ വാഗ്ദാനം നിരവധി വോട്ടർമാരിൽ പ്രതിധ്വനിച്ചിട്ടുണ്ട്.