ന്യു യോർക്ക്: ഫെഡറൽ അധികൃതരുടെ റെയ്ഡിനെത്തുടർന്ന് വിവാദത്തിളായ ന്യു യോർക്ക് സിറ്റി പോലീസ് കമ്മീഷണർ എഡ്വേർഡ് കബാൻ രാജിവെച്ചു. രാജി വെള്ളിയാഴ്ച പ്രാബല്യത്തിൽ വരുന്നതിന് കാബൻ വ്യാഴാഴ്ച രാജി കത്ത് നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി പത്ര റിപ്പോർട്ടുകൾ പറയുന്നു .33,500-ലധികം ഓഫീസർമാരുടെയും 16,000 സിവിലിയൻ ജീവനക്കാരുടെയും മേൽനോട്ടം വഹിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ പോലീസ് സേനയുടെ താൽക്കാലിക തലവനായി ഹോംലാൻഡ് സെക്യൂരിറ്റിയുടെ മുൻ ഡയറക്ടർ തോമസ് ഡോൺലോണിനെ മേയർ എറിക് ആഡംസ് നിയമിച്ചു.
“സമീപകാല സംഭവവികാസങ്ങളെപ്പറ്റിയുള്ള വാർത്തകൾ ഡിപ്പാർട്ട്‌മെൻ്റിന്റെ ശ്രദ്ധയെ വ്യതിചലിപ്പിച്ചു. പോലീസിന്റെ പ്രവർത്തനത്തിലും NYPD-യിലെ പുരുഷന്മാരുടെയും സ്ത്രീകളുടെയും സുരക്ഷയിലുമല്ലാതെ മറ്റൊന്നിലും എൻ്റെ ശ്രദ്ധ മാറിപോകാൻ അനുവദിക്കാൻ ഞാൻ തയ്യാറല്ല,” കബാൻ ആഭ്യന്തര ഇമെയിലിൽ പറഞ്ഞു.
ഈ വകുപ്പിനെ സേവിക്കുന്ന ധീരരായ ഉദ്യോഗസ്ഥരോട് എനിക്ക് വളരെയധികം ബഹുമാനവും നന്ദിയും ഉണ്ട്. കൂടാതെ ന്യൂയോർക്ക് നഗരത്തെ സംരക്ഷിക്കുന്നതിലും സേവിക്കുന്നതിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്ന ഒരാളെ പോലീസ് സേന അർഹിക്കുന്നു. അതിനാലാണ് - ഈ നഗരത്തിൻ്റെയും ഈ വകുപ്പിൻ്റെയും നന്മയ്ക്കായി - പോലീസ് കമ്മീഷണർ സ്ഥാനം രാജിവയ്ക്കാനുള്ള പ്രയാസകരമായ തീരുമാനം എടുക്കുന്നതെന്ന് അദ്ദേഹം എഴുതി.
ന്യൂ യോർക്ക് സിറ്റി മേയർ എറിക് ആഡംസിന്റെ അടുത്ത വിശ്വസ്തരായി കരുതപ്പെടുന്ന പല ഉന്നതരുടെയും വീടുകൾ ഫെഡറൽ അധികൃതർ റെയ്‌ഡ് ചെയ്തുവെന്നു കഴിഞ്ഞയാഴ്ച 'ന്യൂ യോർക്ക് പോസ്റ്റ്' റിപ്പോർട്ട് ചെയ്തു. അഴിമതി അന്വേഷണത്തിന്റെ ഭാഗമാണ് റെയ്‌ഡുകൾ എന്നു കരുതപ്പെടുന്നു.കബാന്റെ ഇരട്ട സഹോദരൻ ജെയിംസ് കബാനു സേർച്ച് വാറന്റ് നൽകി.ഡെപ്യൂട്ടി മേയർ ഫോർ പബ്ലിക് സേഫ്റ്റി ഫിൽ ബാങ്ക്സ്, സ്കൂൾസ് ചാൻസലർ ഡേവിഡ് ബാങ്ക്സ്, അദ്ദേഹത്തോടൊപ്പം താമസിക്കുന്ന ഫസ്റ്റ് ഡെപ്യൂട്ടി മേയർ ഷീന റൈറ്റ് എന്നിവരാണ് റെയ്‌ഡ് ചെയ്യപ്പെട്ട മറ്റു ചിലർ.അവരുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തുവെന്നു റിപ്പോർട്ടിൽ പറയുന്നു. ഡേവിഡ് ബാങ്ക്സിന്റെ സഹോദരൻ ടെറൻസ് ബാങ്ക്സിനെയും മിന്നൽ പരിശോധനയ്ക്കു ലക്ഷ്യമാക്കി.ആഡംസിന്റെ മറ്റൊരു ഉന്നത സഹായി ആയ മുൻ എൻ വൈ പി ഡി ഇൻസ്‌പെക്ടർ തിമോത്തി പിയേഴ്‌സനോട് ഫോണുകൾ നൽകാൻ ആവശ്യപ്പെട്ടു.
എൻ വൈ പി ഡി ചീഫ് ഓഫ് സ്റ്റാഫ് റോൾ പിന്റോസിനോടും രണ്ടു പ്രെസിങ്ക്ട് കമാണ്ടർമാരോടും ഫോൺ നൽകാൻ പറഞ്ഞിട്ടുണ്ട്.ആരുടെ മേലും കുറ്റം ചുമത്തിയിട്ടില്ല.
മുൻ പോലീസ് ഓഫിസർ എന്ന നിലയിൽ നിയമം നടപ്പാക്കുന്നതിനെ താൻ അനുകൂലിക്കുമെന്നു ആഡംസ് മാധ്യമങ്ങളോട് പറഞ്ഞു. "അവർ ആവശ്യപ്പെടുന്ന എന്തു വിവരവും നമ്മൾ നൽകും."മേയറോ അദ്ദേഹത്തിന്റെ സ്റ്റാഫോ അന്വേഷണത്തിന്റെ ലക്ഷ്യമല്ലെന്നു സിറ്റി ഹാൾ ചീഫ് കൗൺസൽ ലിസ സോൻബെർഗ് പറഞ്ഞു.