ന്യൂയോര്‍ക്ക് കേരളാ സമാജം ഓണാഘോഷം 6 ശനി 10:30-ന് എല്‍മോണ്ടില്‍; എം.എല്‍.എ. മാണി സി. കാപ്പന്‍ മുഖ്യാതിഥി

New Update
Bzbzb

ന്യൂയോര്‍ക്ക്: അമേരിക്കയിലെ മലയാളീ സംഘടനകളെല്ലാം ഓണാഘോഷം നടത്തുന്നതിന്റെ തിരക്കിലാണിപ്പോള്‍. മുമ്പൊക്കെ ചില സാംസ്‌കാരിക സംഘടനകള്‍ മാത്രം ഓണാഘോഷവും ഓണ സദ്യയും സംഘടപ്പിച്ചരുന്നുവെങ്കില്‍ ഇപ്പോള്‍ ക്രിസ്തീയ പള്ളികളും, സാംസ്‌കാരിക സംഘടനകളും, വിവിധ മത സംഘടനകളും എല്ലാം ഓണം ആഘോഷിക്കുന്നതിനായി മത്സരിക്കുകയാണ്. സന്തോഷത്തിന്റെയും, സാഹോദര്യത്തിന്റെയും ഒത്തുചേരലുകളുടെയും അവസരമായാണ് ഓണക്കാലം അമേരിക്കന്‍ മലയാളികളും ആഘോഷമാക്കുന്നത്. ഏകദേശം ഒന്നോ ഒന്നരയോ മാസം നീണ്ട് നില്‍ക്കുന്നതാണ് അമേരിക്കന്‍ മലയാളികളുടെ ഓണാഘോഷം.

Advertisment

ന്യൂയോര്‍ക്ക് ലോങ്ങ് ഐലന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമേരിക്കയിലെ ഏറ്റവും പുരാതന സംഘടനയായ കേരളാ സമാജം ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്‍ക്ക് അന്‍പത്തിമൂന്നാമത് ഓണാഘോഷം വിപുലമായി നടത്തുവാന്‍ തയ്യാറെടുക്കുകയാണ്. എല്‍മോണ്ടിലുള്ള സെന്റ് വിന്‍സെന്റ് ഡീപോള്‍ മലങ്കര കത്തോലിക്കാ പള്ളി ഓഡിറ്റോറിയത്തില്‍ (1500 ഡിപ്പാൽ സ്ട്രീറ്റ്, എൽമോന്റ്, എൻ വൈ 11003) സെപ്റ്റംബര്‍ 6 ശനി രാവിലെ 10:30 മുതല്‍ സമാജത്തിന്റെ ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണ്. പാലാ എം.എല്‍.എ. മാണി സി. കാപ്പനാണ് ഈ വര്‍ഷത്തെ മുഖ്യാതിഥി. വേദ പണ്ഡിതനായ രാജീവ് ഭാസ്‌കര്‍ ഓണസന്ദേശം നല്‍കും.

താലപ്പൊലിയുടെയും ചെണ്ട മേളത്തിന്റെയും അകമ്പടിയോടെ മാവേലിത്തമ്പുരാന്റെ എഴുന്നള്ളത്തോടെയാണ് ഓണാഘോഷങ്ങള്‍ക്ക് തുടക്കമാകുന്നത്. പിന്നീടുള്ള പൊതു സമ്മേളനത്തില്‍ മുഖ്യാതിഥി മാണി സി. കാപ്പന്‍ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നതും രാജീവ് ഭാസ്‌കര്‍ ഓണം സന്ദേശം നല്‍കുന്നതുമാണ്. നിറപറയും, നിലവിളക്കും, ഓണപ്പൂക്കളവും, തിരുവാതിര, സംഘ നൃത്തം, മോഹിനിയാട്ടം, സംഗീത പരിപാടികള്‍ എന്നിവയും, ഫോട്ടോബൂത്ത്, കാഞ്ചീപുരം, ബനാറസ്, കേരളാ സെറ്റ് സാരികള്‍, ബ്രൈഡല്‍ കളക്ഷന്‍സ്, ആഭരണ സെറ്റുകള്‍ തുടങ്ങിയവയുടെ വില്പന ബൂത്ത് എന്നിങ്ങനെ വിവിധ ക്രമീകരണങ്ങളാണ് ഓണാഘോഷം കൊഴുപ്പിക്കുവാനായി സംഘാടകര്‍ ക്രമീകരിക്കുന്നത്. സാധാരണ ഓണ സദ്യക്ക് നല്‍കുന്ന എല്ലാ ഇനം കറികളോടും പായസ്സത്തോടും കൂടിയ വിഭവ സമൃദ്ധമായ സ്വാദിഷ്ട നാടന്‍ ഓണസദ്യ രുചിച്ച് ആസ്വദിക്കുവാനുള്ള അവസരവും ആഘോഷ വേദിയില്‍ ഉണ്ടായിരിക്കും. പ്രവേശനം പാസ്സുമൂലം നിയന്ത്രിക്കുന്നതാണ്.

കേരളാ സമാജം പ്രസിഡന്റ് സജി എബ്രഹാം, ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാന്‍ വിന്‍സെന്റ് സിറിയക്, സെക്രട്ടറി മാത്യുക്കുട്ടി ഈശോ, ട്രഷറര്‍ വിനോദ് കെയാര്‍ക്കേ, വൈസ് പ്രസിഡന്റ് ബെന്നി ഇട്ടിയേറ, ജോയിന്റ് സെക്രട്ടറി ജോസി സ്‌കറിയ എന്നിവരുടെയും കമ്മറ്റി അംഗങ്ങളായ ലീലാ മാരേട്ട്, ഷാജി വര്‍ഗ്ഗീസ്, ഹേമചന്ദ്രന്‍ പയ്യാല്‍, മാമ്മന്‍ എബ്രഹാം, തോമസ് വര്‍ഗ്ഗീസ്, ബാബു പാറക്കല്‍, തോമസ് പ്രകാശ്, ചാക്കോ കോയിക്കലത്ത്, ജയ്സണ്‍ വര്‍ഗ്ഗീസ്, ട്രസ്റ്റീ ബോര്‍ഡ് അംഗങ്ങളായ വര്‍ഗ്ഗീസ് കെ. ജോസഫ്, പോള്‍ പി. ജോസ്, ഫിലിപ്പോസ് കെ. ജോസഫ്, സിബി ഡേവിഡ് എന്നിവരുടെയും നേതൃത്വത്തിലാണ് ഓണാഘോഷങ്ങള്‍ക്കുള്ള ക്രമീകരണങ്ങള്‍ ചെയ്യുന്നത്.  

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: (1) സജി എബ്രഹാം, പ്രസിഡന്റ്‌ - 917-617-3959; (2) മാത്യുകുട്ടി ഈശ്വൗ, സെക്രട്ടറി - 516-455-8596; (3) വിനോദ് കേർക്ക്, ട്രഷറിർ - 516-633-5208.

Advertisment