ന്യൂ യോർക്ക് മലയാളി ലാറ്റിൻ റൈറ്റ് കാത്തോലിക് കമ്യൂണിറ്റിയുടെ ഓണാഘോഷവും അപോസ്തോലേറ്റിന്റെ രജത ജൂബിലിയും ഫ്‌ളോറല്‍ പാര്‍ക്കില്‍ സെപ്തംബര്‍ പതിമൂന്നിന്

New Update
Bbbh

ഇരുപത്തിയഞ്ചു വർഷത്തെ ആല്മീയ ഒരുമയും സാമൂഹ്യസൗഹൃദവും സാംസ്കാരികപാരമ്പര്യവും ഉറപ്പിച്ചുകൊണ്ട് ന്യൂ യോർക്ക് ക്യൂൻസിലെ ഫ്ലോറൽ പാർക്ക് ഔർ ലേഡി ഓഫ് ദി സ്‌നോസ് പള്ളിയിൽ ലാറ്റിൻ ആരാധനാക്രമം പിന്തുടരുന്ന റോമൻ കത്തോലിക്കർ ഓണവും രജതജൂബിലിയും സെപ്തംബര് പതിമൂന്നിന് ആഘോഷിക്കുന്നു. പുതുതായെത്തുന്ന ഏവരെയും ഭാഷാ/സാംസ്കാരികതകളുടെ അന്യതയില്ലാതെ സ്വാഗതം നൽകുമ്പോൾ തന്നെ ഓരോ സമൂഹ വിഭാഗത്തിന്റെയും തനിമയെ പോഷിപ്പിക്കുകയും ചെയ്യുന്ന ബ്രൂക്ലിൻ രൂപത ആല്മീയതയോടൊപ്പം സാംസ്കാരിക പാരമ്പര്യങ്ങളുടെ നിലനിൽപ്പിനും സമ്പൂർണ്ണ പിന്തുണ നൽകുന്നതിനുള്ള പ്രതിബദ്ധതയോടെ രൂപീകരിച്ചതാണ് ഇന്ത്യൻ ലാറ്റിൻ റൈറ്റ് അപോസ്തോലേറ്റ്. ആഘോഷത്തിന് മുന്നോടിയായി അർപ്പിക്കുന്ന ദിവ്യബലിയിൽ ബ്രൂക്ളീൻ രൂപതാധ്യക്ഷൻ മോസ്റ്റ് റെവ. റോബർട്ട് ബ്രെന്നൻ മുഖ്യ കാർമ്മികനായിരിക്കും. ഔർ ലേഡി ഓഫ് ദി സ്‌നോസ് പാരിഷ് പാസ്റ്റർ ഫാ. ഫ്രെഡ് മറാനോയും അപോസ്തോലേറ്റ് കോ-ഓർഡിനേറ്റർ ഫാ. റോബർട്ട് അമ്പലത്തിങ്കലും സഹകാർമ്മികരായിരിക്കും. ദിവ്യബലിയിൽ സഹായിക്കും.   

Advertisment

ന്യൂ യോർക്ക് സിറ്റിയുടെ ഏറ്റവും കിഴക്ക് നാസോ കൗണ്ടിയുടെ അരികു ചേർന്നു സ്ഥിതി ചെയ്യുന്ന ഫ്ലോറൽ പാർക്ക് - ഈ പ്രദേശത്തേക്ക് എൺപതുകളുടെ ആദ്യത്തിൽ മലയാളികൾ കുടിയേറ്റം നടത്താൻ തുടങ്ങിയപ്പോൾ മുതൽ മലയാളി കത്തോലിക്കർക്ക് എന്നും ആല്മീയ-സാംസ്കാരിക സങ്കേതമായിരുന്നു. സീറോ മലബാർ, സീറോ മലങ്കര, ക്നാനായ സമുദായങ്ങൾ സ്വന്തം സ്ഥാപിതതക്കളിലേക്ക് മാറുന്നതു വരെ ഔർ ലേഡി ഓഫ് ദി സ്‌നോസ് പള്ളി അവർക്ക് ദിവ്യബലിക്കും ആഘോഷങ്ങൾക്കും ഉറവിടം നൽകിയിരുന്നു. തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെ ഇന്നും ഈ പള്ളി എല്ലാവര്ക്കും ആല്മീയ സങ്കേതമായി തുടരുന്നു. എല്ലാ ഞായറാഴ്ചയും വൈകീട്ട് അഞ്ചരയ്ക്ക് പ്രദേശത്തെ മലയാളികൾക്കായി ഇപ്പോഴും മലയാളത്തിൽ ദിവ്യബലി തുടരുന്നുണ്ട്.  

തൊണ്ണൂറുകളുടെ മധ്യത്തിൽ ഇന്ത്യ ലാറ്റിൻ കാത്തലിക് അസോസിയേഷൻ എന്ന പേരിൽ ന്യൂ യോർക്കിൽ രജിസ്റ്റർ ചെയ്ത നോൺ പ്രോഫിറ്റ് സംഘടനയുടെ കുടക്കീഴിൽ ആയിരുന്നു അന്ന് ന്യൂ യോർക്ക്, ന്യൂ ജേഴ്സി, കനെക്റ്റികട്ട് പ്രദേശത്തെ ലാറ്റിൻ ആരാധനാക്രമം പിന്തുടർന്ന മലയാളി കത്തോലിക്കർ സാമൂഹികമായി ഒരുമിച്ചതും മലയാളത്തിൽ ആരാധന നടത്തിത്തുടങ്ങിയതും. പിന്നീട് ബ്രൂക്ളിൻ രൂപത കമ്യൂണിറ്റിയുടെ രക്ഷാകർതൃത്വം ഏറ്റെടുക്കുകയായിരുന്നു. കമ്മ്യൂണിറ്റിയുടെ കോ-ഓർഡിനേറ്റർ ആയി അന്ന് ആദ്യകാല മലയാളിയായ റെവ. ഫാ. ജോസഫ് കോയിൽപറമ്പിലിനെ നിയമിക്കുകയും രൂപതയുടെ പ്രവർത്തനങ്ങളിൽ സജീവമായ പങ്ക് സമൂഹത്തിനു നൽകുകയും ചെയ്തു. ക്യൂൻസിൽ ഡഗ്ലസ്‌റ്റനിൽ റീജിയണൽ ബിഷപ്പിന്റെ ആസ്ഥാനവും റിട്ടയർ ചെയ്ത വൈദികരുടെ റെസിഡൻസും സെമിനാരിയുമായ ഇമ്മാക്കുലേറ്റ് കോൺസെപ്ഷൻ സെന്റർ കമ്മ്യൂണിറ്റിയുടെ കൂട്ടായ്മാ സമ്മേളനത്തിനും മാസ ദിവ്യബലിക്കുമായി അന്നത്തെ ബിഷപ്പ് തോമസ് ഡേയ്ലി സന്തോഷപൂർവ്വം അനുവദിച്ചു.   

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ന്യൂ യോർക്ക് മെട്രോപോളിറ്റൻ പ്രദേശത്തു കുടിയേറിയെത്തിയ കുടുംബങ്ങൾക്ക് അവർ പിന്തുടർന്നു വന്ന ഭാഷാ-സാംസ്കാരികതയിലൂന്നിയ ആരാധനാ ക്രമം ആചരിക്കുന്നതിനും അതോടൊപ്പം കുടുംബ സൗഹൃദത്തിലൂടെ സാമൂഹ്യ സംതൃപ്തി കൈവരിക്കുന്നതിനും രൂപത തുറന്നു വെച്ച ഈ സംവിധാനം അമൂല്യമായ സഹായിച്ചിട്ടുണ്ട്. കുടുംബങ്ങളുടെ ഒത്തുചേരൽ കുട്ടികൾക്ക് പരസ്പരം പോഷണം നൽകുകയും അവരെ ബന്ധുകുടുംബങ്ങളിലെ സഹോദര സുഹൃത്തുക്കളെപോല വളരാനുള്ള വേദിയും മാർഗ്ഗവും ഒരുക്കി. കുട്ടികളുടെ വിനോദവും കളികളും റിട്ടയർ ചെയ്ത വൈദികർക്ക് വിഷമം ഉണ്ടാക്കരുതെന്ന കമ്മ്യൂണിറ്റിയുടെ പൊതു താല്പര്യമനുസരിച്ച് ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ സെന്ററിൽ നിന്ന് ഫ്ലോറൽ പാർക്ക് ഔർ ലേഡി ഓഫ് ദി സ്‌നോസ് പള്ളിയിലേക്ക് സംഗമം മാറ്റിയ കമ്മ്യൂണിറ്റിയെ ഇടവക വൈദികരും അന്നത്തെ പാസ്റ്റർ മോൺസിഞ്ഞോർ (ഇപ്പോൾ ബിഷപ്) റെയ്‌മോൻഡ് ചാപ്പെട്ടോയും ജനങ്ങളും തുറന്ന കരങ്ങളോടെ സ്വീകരിച്ചു. കഴിഞ്ഞ ഇരുപത്തിയഞ്ചു കൊല്ലങ്ങളായി വിഘ്‌നങ്ങളൊന്നുമില്ലാതെ മലയാളികൾ എല്ലാ രണ്ടാമത്തെ ശനിയാഴ്ചകളിലും ആറര മുതൽ അവിടെ സമ്മേളിച്ചു വരുകയാണ്. മലയാളി കമ്മ്യൂണിറ്റിയുടേതായ എല്ലാ ആഘോഷങ്ങളും അവിടെ നടത്തപ്പെടുന്നു. 

ഫാ. ജോസെഫ് കോയിൽപറമ്പിൽ കേരളത്തിലേക്ക് റിട്ടയർ ചെയ്തശേഷം ഫാ. റെയ്നോൾഡ് ബസേലിയോസ് മൂന്നു വർഷത്തോളം കമ്മ്യൂണിറ്റിയുടെ കോ-ഓർഡിനേറ്റർ ആയി സേവനം ചെയ്തിരുന്നു. കഴിഞ്ഞ ഒന്നര ദശാബ്ദത്തിൽ അധികമായി രൂപതയുടെ മേൽനോട്ടത്തിൽ ഫാ. റോബർട്ട് അമ്പലത്തിങ്കൽ സമൂഹവിഭാഗത്തിന്റെ ആല്മീയ ആവശ്യങ്ങൾക്ക് ആസൂത്രണവും സേവനവും നൽകിവരുന്നു. അമേരിക്കൻ കത്തോലിക്കാ സഭയിലെ ആദ്യത്തെ മലയാളി പെര്മനെന്റ് ഡീക്കനായി ഔർ ലേഡി ഓഫ് ദി സ്‌നോസ് ഇടവകയിലെ തന്നെ വര്ഷങ്ങളോളം നീണ്ട വിദ്യാഭ്യാസത്തിനും പരിശീലനത്തിനും ശേഷം ടിം (ഗ്ലാഡ്‌സൺ) ചെറിയപറമ്പിൽ വാഴിക്കപ്പെട്ടത് ഇടവകയ്‌ക്കൊപ്പം മലയാളി കമ്മ്യൂണിറ്റിക്കും വലിയൊരു നേട്ടമായി. മാമ്മോദീസ, വിവാഹം എന്നിവ നടത്തുന്നത് തുടങ്ങി ദിവ്യബലിയിൽ സഹായിക്കുന്നതിനും പല ആല്മീയ കർമ്മങ്ങൾക്ക് നിയോഗം ലഭിച്ചിട്ടുള്ള പെര്മനെന്റ് ഡീക്കൻ കമ്മ്യൂണിറ്റിക്കകത്തുനിന്നു തന്നെ ഉയർന്നു വന്നത് രൂപതയ്ക്ക് തന്നെ സഹായകമായി.  

രൂപതയിലെത്തിയയുടനെ കമ്മ്യൂണിറ്റിയുടെ കോ-ഓർഡിനേറ്റർ ആയി നിയോഗിക്കപ്പെട്ട ഫാ. റോബർട്ട് അമ്പലത്തിങ്കൽ നിയോഗത്തിന്റെ തുടക്കം മുതൽ തന്നെ തന്റെ സ്വതസിദ്ധമായ എളിമയും പ്രതിജ്ഞാബദ്ധതയും അതിലുപരി സ്നേഹവും വഴി കുടുംബങ്ങളുടെ കെട്ടുറപ്പും സാമൂഹികമായ ഐക്യവും ആല്മീയ സാഫല്യവും ശാക്തീകരിച്ചു പോരുകയാണ്. നോർത്ത് വെൽ ഹെൽത്തിൽ ലോങ്ങ് ഐലൻഡ് ജീവിഷ് മെഡിക്കൽ സെന്ററിലെ ചാപ്ലിനായി സേവനം ചെയ്യുമ്പോൾ തന്നെ ക്യുൻസ് വില്ലേജിലെ ഔർ ലേഡി ഓഫ് ലൂർദ് ഇടവകയും ഔർ ലേഡി ഓഫ് ദി സ്‌നോസ് ഇടവകയും അദ്ദേഹത്തിന്റെ സേവനം പ്രയോജനപ്പെടുത്തി വരുന്നു. ഫാ. റോബർട്ട് അമ്പലത്തിന്റെ മുൻകയ്യോടെ കഴിഞ്ഞ പല വര്ഷങ്ങളായി ഔർ ലേഡി ഓഫ് ലൂർദിൽ ആഘോഷിച്ചു വരുന്ന വേളാങ്കണ്ണി മാതാവിന്റെ തിരുനാൾ പ്രദേശത്തെ എല്ലാ ഭാഷാ സംസ്കാര വിഭാഗങ്ങളെയും ആകർഷിക്കുകയും പങ്കെടുപ്പിക്കുകയും ചെയ്യുന്ന ഒരു വലിയ സംഭവമാണ്.

കമ്യൂണിറ്റിയുടെ പൊതുവായ സംഘടനകൾക്കും മറ്റു പ്രവർത്തനങ്ങളും പ്രീജിത് പൊയ്യത്തുരുത്തിലിന്റെയും സജിത് പനക്കലിന്റെയും നേതൃത്വത്തിലുള്ള ഒരു ഒൻപതംഗ സമിതി സജീവമാണ്. വൈകീട്ട് ആറര മണിക്കാരംഭിക്കുന്ന സുഹൃത്തുക്കൾക്കും അഭ്യുദയകാംക്ഷികൾക്കും സ്വാഗതമെന്ന് കോ ഓർഡിനേറ്റർ പ്രീജിത് പൊയ്യത്തുരുത്തിയും ഡീക്കൻ ടിം ചെറിയപറമ്പിലും അറിയിക്കുന്നു. വിവരങ്ങൾക്ക് ഡീക്കൻ ടിം (917.679.45520, പ്രീജിത് പൊയ്യത്തുരുത്തി (516.200.3221), സജിത് പനയ്ക്കൽ (516.418.8305)

Advertisment