ന്യൂയോർക്ക് നായർ ബനവലന്റ് അസോസിയേഷൻ ആർഭാടമായി വിഷു ആഘോഷിച്ചു

New Update
vishu Nair Benevolent14

ന്യൂയോർക്ക്: നായർ ബനവലന്റ് അസോസിയേഷൻ ഏപ്രിൽ 20 ഞായറാഴ്ച്ച ക്വീൻസിലെ ഗ്ലൻഓക്സിലെ പി.എസ്.115 ഓഡിറ്റോറിയത്തിൽ വച്ച് രാവിലെ 11 മണിമുതൽ വൈകിട്ട് 5 മണി വരെ ആർഭാടമായി വിഷു ആഘോഷിച്ചു. വിഷുക്കണിക്ക് അകമ്പടിയായി പ്രാർത്ഥനാ ഗാനവും കണിപ്പാട്ടും ട്രഷറർ രാധാമണി നായരും പ്രഥമവനിതയായ വത്സ കൃഷ്ണനും ചേർന്ന് ആലപിച്ചു.

Advertisment

സീനിയർ അംഗങ്ങളായ അപ്പുക്കുട്ടൻ നായരും സരസമ്മ കുറുപ്പും ചേർന്ന് സന്നിഹിതരായിരുന്നവർക്കെല്ലാം സുവർണ നാണയം വിഷുക്കൈനീട്ടം നൽകി അനുഗ്രഹിച്ചു. വിഷുക്കണിയും വേദിയും അതിമനോഹരമായി അണിയൊച്ചൊരുക്കിയത് സുധാകരൻ പിള്ളയാണ്.


സെക്രട്ടറി രഘുവരൻ നായർ സ്വാഗതം ആശംസിക്കുകയും പരിപാടികളെക്കുറിച്ച് വിശദീകരിക്കുകയുമുണ്ടായി. പ്രസിഡന്റ് ക്രിസ്‌ തോപ്പിൽ ഏവർക്കും വിഷുവിന്റെ മഹനീയമംഗളങ്ങൾ നേർന്നു. തുടർന്ന് ട്രസ്റ്റീ ബോർഡ് ചെയർമാൻ ഉണ്ണിക്കൃഷ്ണൻ നായർ വിഷുവിന്റെ മംഗളങ്ങൾ നേർന്ന് പ്രസംഗിച്ചു.

vishu Nair Benevolent

പുതിയ തലമുറയുടെ പ്രതിനിധിയും ക്ഷണിക്കപ്പെട്ട അതിഥിയുമായ പ്രദീപ് കുന്നത്ത് മേനോൻ ഏവർക്കും ഐശ്വര്യപൂർണമായ വിഷു ആശംസകൾ നേർന്നു. അമേരിക്കയിലുടനീളമുള്ള നായർ യുവതീയുവാക്കളെ തമ്മിൽ പരിചയപ്പെടുത്താനും സഹകരിച്ചു പ്രവർത്തിക്കാനുമായി “SONYA” എന്ന പേരിൽ ഒരു വാട്സപ്പ് ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ടെന്നും ആ ഗ്രൂപ്പിൽ എല്ലാ യുവതീയുവാക്കളും അംഗമാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾ അറിയാൻ താല്പര്യമുള്ളവർ എൻ.ബി.എ.പ്രസിഡന്റ് ക്രിസ് തോപ്പിലിന്റെ നമ്പറിൽ ബന്ധപ്പെടുവാനും പ്രദീപ് നിർദ്ദേശിച്ചു.

vishu Nair Benevolent12

കഴിഞ്ഞ അഞ്ചു പതിറ്റാണ്ടായി ഓണാഘോഷത്തിന് മഹാബലിയായി അരങ്ങിൽ വന്ന് അനുഗ്രഹം ചൊരിഞ്ഞ അപ്പുക്കുട്ടൻ പിള്ളയെയും അദ്ദേഹത്തെ അണിയിച്ചൊരുക്കാൻ എന്നും കൂടെനിന്നു പ്രയത്നിച്ച പത്നി രാജമ്മ പിള്ളയെയും പൊന്നാട അണിയിക്കുകയും ഫലകം നൽകി ആദരിക്കുകയും ചെയ്തു.


എൻ.ബി.എ.യുടെ പുതുക്കിയ ഭജനബുക്ക് “ഭക്തിഗീതാഞ്ജലി” എന്ന പേരിൽ കൂടുതൽ കീർത്തനങ്ങൾ കൂട്ടിച്ചേർത്ത് പ്രസിദ്ധീകരിച്ച് സംഘടനയ്ക്ക് സംഭാവന ചെയ്ത കുന്നപ്പള്ളിൽ രാജഗോപാലിനെ അനുമോദിച്ച് പൊന്നാട അണിയിക്കുകയും ഫലകം നൽകി ആദരിക്കുകയും ചെയ്തു.


കോവിഡു കാലത്ത് അസോസിയേഷൻ പ്രസിഡന്റായിരിക്കെ എൻ.ബി.എ.യുടെ ആസ്ഥാനമന്ദിരം പുതുക്കിപ്പണിതതിനും മറ്റുസേവനങ്ങളെയും അനുസ്മരിച്ചുകൊണ്ട് മുൻ പ്രസിഡന്റ് അപ്പുക്കുട്ടൻ നായരെ പൊന്നാടയണിയിക്കുകയും പ്രശംസാഫലകം നൽകുകയും ചെയ്തു.

vishu Nair Benevolent13

സെക്രട്ടറി സ്ഥാനം അലങ്കരിക്കുന്ന രഘുവരൻ നായരുടെ ശ്ലാഘനീയവും ആത്മാർത്ഥമായ പ്രവർത്തനവും സംഘടനയ്ക്ക് നൽകിയിട്ടുള്ള നിസ്സീമമായ സഹകരണവും ഒക്കെ കണക്കിലെടുത്ത് അദ്ദേഹത്തിനെയും പൊന്നാടയണിയിച്ച് അനുമോദിക്കുകയും ഫലകം നൽകി ആദരിച്ചു.

വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തിൽ സ്വഭവനങ്ങളിൽ പാചകം ചെയ്തുകൊണ്ടുവന്ന വിഭവസമൃദ്ധമായ വിഷുസദ്യ എടുത്തു പറയേണ്ടിയിരിക്കുന്നു.


സദ്യക്കുശേഷം വിവിധ കലാപരിപാടികൾ അരങ്ങേറി. എച്.കെ.എസ്സിന്റെ മേളക്കൊഴുപ്പാർന്ന ചെണ്ടമേളത്തോടെയാണ് രണ്ടാം പകുതി ആരംഭിച്ചത്. ബോളീവുഡ് നൃത്തം ചെയ്ത് ധില്ലൻ ഷെട്ടി കാണികളുടെ മനം കവർന്നു.


കുചേലവൃത്തം എന്ന നൃത്തനാടകം അതിഗംഭീരമായി എന്ന് കാണികളെല്ലാവരും മുക്തകണ്ഠം പ്രശംസിച്ചു. പ്രത്യേകിച്ചും കൃഷ്ണവേഷത്തിൽ എത്തിയ ഗായത്രി നായരും കുചേലന്റെ വേഷത്തിലെത്തിയ അജിത് നായരും. നൃത്തംചെയ്ത് മകൾ ഗായത്രി കാണികളെ കയ്യിലെടുത്തപ്പോൾ പിതാവ് അജിത് നായർ ഭാവാഭിനയം കൊണ്ട് സദസ്സിലെ എല്ലാവരുടെയും കണ്ണുകളെ ഈറനണിയിച്ചു എന്നുപറഞ്ഞാൽ അത് അതിശയോക്തിയാവില്ല.

vishu Nair Benevolent15

അവരോടോപ്പം നൃത്തം ചെയ്ത മറ്റു നർത്തകികളും വളരെ മനോഹരമായി നൃത്തം ചെയ്ത് ഈ നൃത്തനാടകം അവിസ്മരണീയമാക്കി. ഈ നൃത്തം സംവിധാനം ചെയ്ത സുപ്രസിദ്ധ നർത്തകിയും നൃത്താദ്ധ്യപികയുമായ ബിന്ദ്യാ ശബരിയെ വേദിയിൽ വച്ച് ആദരിച്ചു.


രാധാമണി നായർ കവിത മനോഹരമായി ആലപിച്ചപ്പോൾ അമേരിക്കയിലാകമാനം അറിയപ്പെടുന്ന ഗായകരായ ശബരിനാഥ് നായർ, രവി നായർ വെള്ളിക്കെട്ടിൽ, അജിത് എൻ. നായർ, പ്രേം കൃഷ്ണൻ എന്നിവരുടെ കർണാനന്ദകരമായ ഗാനങ്ങൾ വിഷുവാഘോഷത്തിനു മാറ്റുകൂട്ടി. പ്രസീദ ഉണ്ണി, ഗായത്രി നായർ, ആര്യ നായർ, മേഘ നായർ, രേണു ജയകൃഷ്ണൻ, ദിവ്യ നായർ എന്നിവരുടെ നൃത്തങ്ങളും വിഷു ആഘോഷത്തിനു ചാരുത പകർന്നു.


എംസിമാരായി മൃദുല നായരും വൈഷ്ണവിയും പ്രവർത്തിച്ചപ്പോൾ കർട്ടനു പിന്നിൽ നിന്ന് എല്ലാവിധ പിന്തുണയും സഹായവും ചെയ്തത് ശോഭ കറുവക്കാട്ടും കലാ മേനോനും കൂടിയാണ്.

vishu Nair Benevolent16

കെ.എച്ച്.എൻ. എ.യെ പ്രതിനിധീകരിച്ച് ട്രഷറർ രഘുവരൻ നായർ, ബോർഡ് ഓഫ് ഡയറക്ടേഴ്സ് ആയ ജയപ്രകാശ് നായർ, രാധാമണി നായർ, മന്ത്രയെ പ്രതിനിധീകരിച്ച് ഷിബു ദിവാകരൻ, വിനോദ് കെയാർകെ, മഹിമ പ്രസിഡന്റ് പുരുഷോത്തമ പണിക്കർ, രവി നായർ, ശബരിനാഥ് നായർ, എൻ. എസ്.എസ്. ഓഫ് ഹഡ്സൺവാലി ഫ്രസിഡന്റ് ജി.കെ.നായർ, എസ് എന്‍ എ പ്രസിഡന്റ് സജി കമലാസനൻ, സെക്രട്ടറി ബിജു കൂട്ടുമ്മേൽ, ട്രസ്റ്റീ ബോർഡ് ചെയർമാൻ സഹൃദയൻ ജി പണിക്കർ, ഗ്ലോബൽ വോയ്സ് ന്യൂസ് പേപ്പർ സി ഇ ഒ ഫിലിപ്പ് മഠത്തിൽ, കേരള സമാജം ട്രസ്റ്റീ ബോർഡ് ചെയർമാൻ സണ്ണി പണിക്കർ എന്നീ പ്രമുഖരും സന്നിഹിതരായിരുന്നു.

വൈസ് പ്രസിഡന്റ് ബാബു മേനോന്റെ നന്ദി പ്രകാശനത്തോടെ വിഷു ആഘോഷത്തിനു തിരശ്ശീല വീണു.

Advertisment