അതീവ ഗുരുതര രോഗാവസ്ഥയിൽ ഡോക്ടർമാരുടെ സഹായത്തോടെ സ്വന്തം ജീവിതം അവസാനിപ്പിക്കാൻ അനുമതി നൽകുന്ന നിയമം ന്യൂ യോർക്ക് സ്റേറ് സെനറ്റിൽ അംഗീകരിച്ചു. ഡെമോക്രാറ്റിക് ഭൂരിപക്ഷം കൊണ്ടുവന്ന വിവാദ ബില്ലിനെ പാർട്ടിയിലെ ആറു അംഗങ്ങൾ എതിർത്തുവെങ്കിലും 35-27 വോട്ടിനു പാസായി.
ഗവർണർ കാത്തി ഹോക്കൽ ഒപ്പു വച്ചാൽ ഇത് നിയമമാകും.
ബിൽ അവതരിപ്പിച്ച സ്റേറ് സെനറ്റർ ബ്രാഡ് ഹൊയ്‌ൽമാൻ-സിഗാൾ (ഡെമോക്രാറ്റ്-മൻഹാട്ടൻ) പറഞ്ഞു: "ഇത് നമ്മുടെ സംസ്ഥാനത്തെ ഏറ്റവും മഹത്തായ സാമൂഹ്യ പരിഷ്കരണങ്ങളിൽ ഒന്നാണ്. ഇവിടെ വിഷയം വ്യക്തിയുടെ സ്വയം നിർണയാവകാശമാണ്. ഇത് സ്വന്തം ശരീരം നിയന്ത്രിക്കാനുള്ള വ്യക്തിയുടെ സ്വാതന്ത്ര്യമാണ്."
വർഷങ്ങൾ നീണ്ട പരിശ്രമത്തിനു ശേഷമാണു ബിൽ പാസായത്. എതിർപ്പ് രൂക്ഷമായിരുന്നു. കത്തോലിക്കാ-ഓർത്തഡോക്‌സ് സഭകളും യഹൂദരും കറുത്ത വർഗക്കാരുടെ പല സംഘടനകളും അതിനെ അടിമുടി ശക്തമായി എതിർത്തു.
ബില്ലിനെ വിമർശിച്ച ന്യൂ യോർക്ക് അലയൻസ് എഗൈൻസ്റ് അസിസ്റ്റഡ് സുയിസൈഡ് വോട്ടിനു ശേഷം പറഞ്ഞു: "ആത്മഹത്യ തടയാനും വൈകല്യം, പ്രായം, രോഗനിർണയം എന്നിങ്ങനെയുള്ള വ്യത്യാസങ്ങൾ കൂടാതെ എല്ലാവരുടെയും ജീവൻ കരുതലും അന്തസും സംരക്ഷണവും അർഹിക്കുന്നതാണെന്നുമുള്ള ന്യൂ യോർക്കിന്റെ പ്രതിബദ്ധത ഉയർത്തിപ്പിടിക്കാനും ഗവർണർക്കു ഇനിയും അവസരമുണ്ട്."
ന്യൂ യോർക്ക് സ്റ്റേറ്റ് കാത്തലിക് കോൺഫറൻസ് പ്രതികരിച്ചത് ബിൽ പാസായ ദിനം ന്യൂ യോർക്കിനു കറുത്ത ദിനമാണ് എന്നാണ്. ഒപ്പിടരുതെന്നു ഹോക്കലിനോട് ആവശ്യപ്പെട്ട എക്സിക്യൂട്ടീവ് ഡയറക്റ്റർ ഡെനിസ് പൗസ്റ്റ് പറഞ്ഞു: "ഇത് തടയാൻ കഴിയുന്ന ഏക വ്യക്തി നിങ്ങളാണ്."
ബിൽ പാസാകുന്നതിനു മുൻപ് സെനറ്റിൽ മൂന്നു മണിക്കൂർ നീണ്ട ചർച്ചയിൽ വികാരങ്ങൾ ആളിക്കത്തി.
രണ്ടു ഡോക്ടർമാരുടെ അംഗീകാരവും രണ്ടു സ്വതന്ത്ര വ്യക്തികളുടെ സാക്ഷ്യവും ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഓരോ രോഗിക്കും മാനസിക നില പരിശോധിക്കാൻ പക്ഷെ വ്യവസ്ഥയില്ല.