യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കു കമലാ ഹാരിസിനെ 'ന്യൂ യോർക്ക് ടൈംസ്' പത്രം എൻഡോഴ്സ് ചെയ്തു. ഡൊണാൾഡ് ട്രംപിനെക്കാൾ അയോഗ്യനായ സ്ഥാനാർഥിയെ ചിന്തിക്കാൻ ആവില്ലെന്നു ചൂണ്ടിക്കാട്ടിയ പത്രം, ദേശസ്നേഹിയായ ഒരേയൊരു സ്ഥാനാർഥി ഹാരിസ് ആണെന്നു തലക്കെട്ടിൽ തന്നെ പറഞ്ഞു.
പ്രസിഡന്റ് സ്ഥാനത്തു ഇരിക്കുന്നയാൾ സ്വന്തം താല്പര്യങ്ങളെക്കാൾ രാജ്യ താല്പര്യങ്ങൾക്കു മുൻഗണന നൽകണം എന്നിരിക്കെ, ഡൊണാൾഡ് ട്രംപ് ആ പദവിയിൽ ഇരിക്കാൻ ധാർമികമായി ഏറ്റവും അയോഗ്യനാണെന്നാണ് തെളിയിച്ചിട്ടുള്ളതന്നു പത്രം തുറന്നടിച്ചു."ജ്ഞാനം, സത്യസന്ധത, അനുകമ്പ, ധീരത, നിയന്ത്രണം, വിനയം, അച്ചടക്കം എന്നിങ്ങനെ ആ പദവിയിൽ ഇരിക്കുന്നയാൾക്കു അനിവാര്യമായും വേണ്ട യാതൊരു ഗുണങ്ങളും ട്രംപിനില്ല," പത്രാധിപ സമിതിയുടെ പേരിലുള്ള ലേഖനത്തിൽ പറയുന്നു.അതിനു പുറമേ, ഏറി വരുന്ന പ്രായവും ക്രിമിനൽ കേസുകളും നയങ്ങളിലുള്ള താല്പര്യമില്ലായ്മയും മറ്റും പ്രസിഡന്റ് എന്ന നിലയ്ക്ക് ചുമതലകൾ നിർവഹിക്കാൻ തടസമാണ്.
"രാജ്യത്തിൻറെ ആരോഗ്യത്തെ കുറിച്ചും ജനാധിപത്യത്തിന്റെ ഭദ്രതയെ കുറിച്ചും ചിന്തിക്കുന്ന ആരും ട്രംപ് വീണ്ടും പ്രസിഡന്റ് ആവരുതെന്നു ആഗ്രഹിക്കുന്നു. ആ കാരണം കൊണ്ടു തന്നെ, വോട്ടർമാർക്ക് എന്തെല്ലാം അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായാലും, കമലാ ഹാരിസ് തന്നെയാണ് ദേശസ്നേഹികൾക്കു തിരഞ്ഞെടുക്കാവുന്ന ഏക സ്ഥാനാർഥി."
മറ്റു തിരഞ്ഞെടുപ്പുകളിൽ അമേരിക്കയെ കുറിച്ചുള്ള സ്ഥാനാർഥിയുടെ കാഴ്ചപ്പാട് വിഷയമായിരുന്നു. ഇക്കുറി ഉയരുന്ന ചോദ്യം എല്ലാ മൂല്യങ്ങളെയും ചവിട്ടിത്തേക്കുമെന്നു തെളിയിച്ചിട്ടുള്ള ഒരാളെ രാജ്യത്തിൻറെ അത്യുന്നത പദവിയിലേക്ക് തിരഞ്ഞെടുക്കണോ എന്നതാണ്."അർപ്പണ ബോധത്തോടെയുള്ള പ്രവർത്തനം കാഴ്ച വച്ചിട്ടുള്ള പൊതു പ്രവർത്തകയാണ് കമലാ ഹാരിസ്.
കരുതലും മികവും ഭരണഘടനയോടുള്ള വിട്ടുവീഴ്ചയില്ലാത്ത കൂറും തെളിയിച്ച അവർ വേറിട്ടു നിൽക്കുന്ന സ്ഥാനാർഥിയാണ്. "എല്ലാ വോട്ടർമാർക്കും പൂർണതയുള്ള സ്ഥാനാർഥി ആവണമെന്നില്ല അവർ," പത്രം പറയുന്നു. "എന്നാൽ ഹാരിസിന്റെ റെക്കോർഡ് അവരുടെ എതിരാളിയുടെ റെക്കോർഡുമായി തട്ടിച്ചു നോക്കാൻ ഞങ്ങൾ ആഹ്വാനം ചെയ്യുന്നു. ഹാരിസ് വെറും അനിവാര്യത മാത്രമല്ല.
വൈസ് പ്രസിഡന്റ്, സെനറ്റർ, അറ്റോണി ജനറൽ എന്നിങ്ങനെ പ്രത്യാശ ഉണർത്തിയിട്ടുള്ള നേതാവാണ് അവർ."കഴിഞ്ഞ 10 ആഴ്ചകൾക്കിടയിൽ ഹാരിസ് വിദ്വേഷവും വിഭാഗീയതയും ഇല്ലാതെ എല്ലാ പൗരന്മാർക്കും പങ്കു വയ്ക്കാവുന്ന ഭാവിയെ കുറിച്ചു സംസാരിച്ചിട്ടുണ്ട്. ശൈഥില്യമുളള ലോകത്തു ഭാവിയെ കുറിച്ച് ആശങ്ക ഉള്ളവർക്ക് മികച്ച സ്ഥാനാർഥിയാണ് ഹാരിസ്.
ശാസ്ത്രത്തോടുള്ള ട്രംപിന്റെ പുച്ഛവും സർവ്വാധിപതികളോടുള്ള ആരാധനയും ഉൾപ്പെടെയുള്ള വിഷയങ്ങൾ പത്രം വിശദമായി ചർച്ച ചെയ്യുന്നു: അദ്ദേഹം വാഗ്ദാനം ചെയ്യുന്ന ഏകാധിപത്യ പ്രവണതകളും, ഭരണത്തിൽ ഇരിക്കെ നടത്തിയ അസ്വീകാര്യമായ പ്രവർത്തനങ്ങളൂം ജനുവരി 6 കലാപവും ഉൾപ്പെടെ.
"ട്രംപ് വീണ്ടും വന്നാൽ കൂടുതൽ നാശവും കൂടുതൽ വിഭജനവും ഉണ്ടാവും. കമലാ ഹാരിസ് ആണ് യോഗ്യതയുളള ഏക സ്ഥാനാർഥി."