അമേരിക്കയില്‍ ഒരു 'കേരളാ മോഡല്‍' നോമ്പുതുറ. ഇഫ്താര്‍ വിരുന്നൊരുക്കിയതു തൃശൂര്‍ക്കാരന്‍ നസ്രാണി. പങ്കെടുത്ത് മുസ്ലീം സഹോദരങ്ങള്‍ മുതല്‍ സിക്കുകാര്‍ വരെ

ബാങ്ക് വിളിയും, നോമ്പു തുറയും , നമസ്‌കാരവും കേരളീയ ഇഫ്താര്‍ വിഭവങ്ങള്‍ ചേര്‍ന്ന സല്‍ക്കാരവും സന്തോഷം പകരുന്ന അനുഭവമായിരുന്നു. 

New Update
iftar usa

ന്യൂജേഴ്‌സി: അമേരിക്കയ്ക്കയിൽ കേരളാ മോഡൽ നോമ്പു തുറ. ന്യൂജേഴ്‌സിയിലെ മലയാളി ക്രൈസ്തവ വിശ്വാസിയായ തൃശൂര്‍ സ്വദേശിയും വ്യവസായി അനില്‍ പുത്തഞ്ചിറയാണ് മുസ്ലീം സഹോദരങ്ങള്‍ക്കു വേണ്ടി ഇഫ്താര്‍ വിരുന്ന് ഒരുക്കിയത്.  

Advertisment

ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത അനുഭവം പങ്ക് വക്കുകയാണ് ന്യൂയോര്‍ക്ക് മലയാളിയായ യു. എ. നസീർ.


ബാങ്ക് വിളിയും, നോമ്പു തുറയും , നമസ്‌കാരവും കേരളീയ ഇഫ്താര്‍ വിഭവങ്ങള്‍ ചേര്‍ന്ന സല്‍ക്കാരവും സന്തോഷം പകരുന്ന അനുഭവമായിരുന്നു. 

കഴിഞ്ഞ വര്‍ഷം ന്യൂജേഴ്‌സിയില്‍ അമേരിക്കയിലെ മലയാളി മുസ്ലിം സംഘടനകള്‍ ഒരുമിച്ചു ചേര്‍ന്ന സമുദായ സംഘടന ഭേദമില്ലാതെ എല്ലാ മേഖലയിലും ഉള്ളവരെ ഉള്‍പ്പെടുത്തി  സംഘടിപ്പിച്ച ഇന്റര്‍ഫെയ്ത്ത് ഇഫ്താര്‍ സംഗമത്തില്‍ വച്ചാണ് അമേരിക്കയില്‍ സ്ഥിര താമസമാക്കിയ തൃശൂര്‍ സ്വദേശിയും മലയാളി വ്യവസായിയുമായ അനില്‍ പുത്തഞ്ചിറ ഒരു ആശയം പരസ്യമായി പ്രകടിപ്പിച്ചത്. 'അടുത്ത വര്‍ഷത്തെ നോമ്പുതുറ തന്റെ വീട്ടില്‍ വച്ചായിരിക്കുമെന്ന്.  

എന്നാല്‍, അപ്രതീക്ഷിതമായിരുന്നു ന്യൂജേഴ്‌സിയിലെ തന്റെ വീട്ടില്‍ വച്ചു നടക്കുന്ന ഇഫ്താറിനു ക്ഷണിച്ചുകൊണ്ട് അനിലിന്റെ സന്ദേശം വന്നത്. അപ്പോഴാണു വീണ്ടും കഴിഞ്ഞ വര്‍ഷത്തെ അദ്ദേഹത്തിന്റെ ഇഫ്താര്‍ ആഗ്രഹം ഓര്‍മ്മവന്നത്. 

യാത്രാദൂരവും, നാട്ടില്‍ നിന്നും വന്ന ശാരീരിക ക്ഷീണവും കണക്കിലെടുത്ത് പോകാന്‍ മടിച്ചെങ്കിലും ന്യൂജേഴ്‌സിയില്‍ തന്നെയുള്ള സുഹൃത്തും വ്യവസായിയും സഹ പ്രവര്‍ത്തകനുമായ കുണ്ടോട്ടി സ്വദേശി ഹനീഫ എരഞ്ഞിക്കലിന്റെ നിര്‍ബന്ധവും, ന്യൂയോര്‍ക്കിലെ എന്റെ  അയല്‍വാസി അബ്ദുക്ക( അബ്ദു വെട്ടിക്കാട്, ആലുവ) സഹയാത്രികനായി കൂടെ വരാം എന്ന വാഗ്ദാനവും കൂടി ആയപ്പോഴും അനിലിന്റെ സ്‌നേഹപൂര്‍വമുള്ള നിര്‍ബന്ധവും കാരണം പോകാന്‍ തന്നെ  തീരുമാനിക്കുകയായിരുന്നു. 

ഒന്നര മണിക്കൂര്‍ യാത്ര ചെയ്തു നേരത്തെ തന്നെ ന്യൂജേഴ്‌സിയിലെ സുഹൃത്ത് സമദ്ക്ക നിര്‍ദേശിച്ച പ്രകാരം സൂര്യാസ്തമയത്തിന് ഒരു മണിക്കൂര്‍ മുമ്പു തന്നെ  അനിലിന്റെ വിശാലമായ വീട്ടുമുറ്റത്ത് എത്തി. അപ്പോള്‍ തന്നെ ഇഫ്താര്‍ ചടങ്ങിന്റെ വലിപ്പവും പൊലിമയും ബോധ്യപ്പെട്ടു.

റംസാനോടനുബന്ധിച്ച് അനിലിന്റെ മനോഹരമായ മാന്‍ഷന്‍ മുഴുവന്‍ ദീപാലകൃതമാക്കിയിരുന്നു, അകത്തെ ചുമരുകള്‍ റംസാന്‍ സന്ദേശങ്ങളും വിളക്കുകളും  കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്. നൂറുക്കണക്കിനു മുസ്ലിം കുടുംബങ്ങള്‍ക്കു പുറമെ ധാരാളം അമുസ്ലിം കുടുംബങ്ങളും 

അമേരിക്കയിലെ ഫോമ , ഫൊക്കാന, ഡബ്ലിയു .എം എഫ് , വേള്‍ഡ് മലയാളി കൗണ്‍സില്‍, കാഞ്ച്, മഞ്ച്, കെ.എം.സി.സി, നന്മ, ഇന്ത്യാ പ്രസ് ക്ലബ്, എം.എം.എന്‍.ജെ , എം.എം.പി.എ  എല്ലാ പ്രമുഖ സംഘടനകളുടെയും മുതിര്‍ന്ന നേതാക്കളും മാധ്യമ പ്രവര്‍ത്തകരും എല്ലാം അടങ്ങിയ മനോഹരമായ ആള്‍ക്കൂട്ടം.

അനിലിന്റെ കൂടെ തന്റെ ഹൈന്ദവ കൃസ്ത്യല്‍ സുഹൃത്തുക്കള്‍ ഞങ്ങളും കൂടി ഇതില്‍ ഭാഗമാകുന്നു എന്നു പറഞ്ഞു  ഒത്തുചേര്‍ന്നപ്പോള്‍ അമേരിക്കയിലെ മലയാളികള്‍ക്കിടയില്‍ സമൂഹ നോമ്പ് തുറ ഒരു  മഹാസംഭവമായി മാറുകയായിരുന്നു. 

അനിലിനും ഭാര്യ റീനയ്ക്കും മകന്‍ അലനും പുറമെ അവിടെ കൂടിയ ഹൈന്ദവ-ക്രിസ്ത്യന്‍  സിക്ക് കുടുംബാംഗങ്ങള്‍ വരെ വളരെ കരുതലോടും സ്‌നേഹാദരവുകളോടും കൂടിയായിരുന്നു വ്രതം അനുഷ്ടിച്ചു വന്ന അതിഥികളെ സ്വീകരിച്ചിരുത്തിയത്.

ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ ഊതി പെരുപ്പിച്ചു കാട്ടി ചിലരുടെ തെറ്റായ ആരോപണങ്ങളും വിമര്‍ശനങ്ങളും സമുദായങ്ങള്‍ തമ്മില്‍  ആവശ്യമില്ലാത്ത ഒരു അകല്‍ച്ച ഉണ്ടാക്കി കൊണ്ടിരിക്കുന്ന ഈ കാലത്ത് കൂടുതല്‍ ഉണര്‍വും ഐക്യവും സുരക്ഷിത ബോധവും പകര്‍ന്ന ഒരു ചടങ്ങായിരുന്നു പ്രിയ സുഹൃത്ത് അനിലിന്റെ ഈ നോമ്പുതുറ സംഗമം.

 ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇത്തരം കൂടിച്ചേരലുകള്‍ ഉണ്ടാവണമെന്നും എല്ലാവര്‍ഷവും നമുക്ക് ഇതു തുടരാന്‍ കഴിയട്ടെ എന്ന പ്രാര്‍ത്ഥനയോടെയുമാണ് അവിടെനിന്ന് എല്ലാവരും പിരിഞ്ഞത്.