ഡൊണാൾഡ് ട്രംപിനെ കുറിച്ചു തിളക്കമാർന്ന വാക്കുകളൊന്നും പറയാനില്ലെന്നും തന്നെയും കുടുംബത്തെയും അദ്ദേഹം അധിക്ഷേപിച്ചതു മറന്നിട്ടില്ലെന്നും നിക്കി ഹേലി. ട്രംപിനെതിരെ മത്സരിച്ചു റിപ്പബ്ലിക്കൻ സ്ഥാനാർഥിയാവാൻ ശ്രമിച്ച ഇന്ത്യൻ അമേരിക്കൻ നേതാവ് നിക്കി ഹേലി ലൈവ് എന്ന സിറിയസ്എക്സ്എം ഷോയുടെ ആദ്യ എപ്പിസോഡിൽ സംസാരിക്കയായിരുന്നു. പ്രൈമറികളിൽ മത്സരിക്കുമ്പോൾ ട്രംപിനെതിരെ ഉയർത്തിയ വിമർശനങ്ങൾ സൗത്ത് കരളിന മുൻ ഗവർണർ ആവർത്തിച്ചു.
എന്നാൽ ട്രംപിനെയാണ് പിന്തുണയ്ക്കുന്നതെന്നും അദ്ദേഹത്തിന്റെ ഭരണകാലത്തു യുഎന്നിൽ അംബാസഡർ ആയിരുന്ന ഹേലി പറഞ്ഞു.പ്രസിഡന്റ് ബൈഡനോ വൈസ് പ്രസിഡന്റ് കമലാ ഹാരിസോ ട്രംപോ പ്രസിഡന്റ് ആവാൻ യോഗ്യരല്ല എന്നാണ് ഹേലിയുടെ പക്ഷം. അതു കൊണ്ടാണ് അവർക്കെതിരെ താൻ മത്സരിച്ചത്.
"ഈ ഷോയിൽ ഞാൻ ഡൊണാൾഡ് ട്രംപിന്റെ വ്യക്തിത്വത്തെ കുറിച്ചു തിളങ്ങുന്ന വാക്കുകൾ പറയുമെന്നു നിങ്ങൾ പ്രതീക്ഷിക്കേണ്ട," ഹേലി പറഞ്ഞു. "എന്നെ കുറിച്ച് അദ്ദേഹം പറഞ്ഞതൊന്നും ഞാൻ മറന്നിട്ടില്ല. എന്റെ ഭർത്താവ് സൈനിക സേവനത്തിനു ദൂരെ പോയതിനെ കുറിച്ച് അദ്ദേഹം പറഞ്ഞതും ഞാൻ മറന്നില്ല."അദ്ദേഹത്തിന്റെ കാമ്പയ്ൻ തന്ത്രങ്ങളും എനിക്ക് ഓർമയുണ്ട്. പക്ഷി ബുദ്ധിയെന്നു വിളിച്ചിട്ടു എന്റെ ഹോട്ടൽ മുറിയുടെ പുറത്തു കൂട്ടിലടച്ച
പക്ഷിയെ കൊണ്ടു വച്ചത് അങ്ങിനെ മറക്കാൻ.“പറഞ്ഞിട്ടുള്ളതൊന്നും ഞാൻ മറക്കില്ല. അതിലെല്ലാം ഞാൻ ഉറച്ചു നിൽക്കുന്നു. ഈ ഷോയിലും ആ സത്യസന്ധത ഞാൻ പാലിക്കും.”വോട്ടർ എന്ന നിലയ്ക്കു നോക്കുമ്പോൾ ട്രംപ് ആവാം മെച്ചപ്പെട്ട പ്രസിഡന്റ് എന്നു തോന്നിയതു കൊണ്ടാണ് അദ്ദേഹത്തെ പിന്താങ്ങുന്നതെന്നു ഹേലി വിശദീകരിച്ചു.
ഈ ഷോയിൽ സത്യം മാത്രമേ പറയൂ എന്നവർ ഉറപ്പു നൽകി. രാജ്യത്തിൻറെ നന്മയ്ക്കു വേണ്ടി വ്യക്തിപരമായ ആക്ഷേപങ്ങൾ മാറ്റി വയ്ക്കുക. സമ്പദ് വ്യവസ്ഥ, അതിർത്തി, ദേശരക്ഷ, സ്വാതന്ത്ര്യം എന്നിങ്ങനെ നിരവധി വിഷയങ്ങളുണ്ട്."റിപ്പബ്ലിക്കൻ പാർട്ടിയിൽ തന്നെ നിൽക്കുമ്പോഴും ട്രംപിനെ കൈവിട്ടു ഹാരിസിനെ പിന്തുണച്ച ലിസ് ചേനി ഹേലിയുടെ നേരെ വിമർശനം അഴിച്ചു വിട്ടു. "അവരുടെ നിലപാടിൽ എന്തെങ്കിലും ആദർശം ഞാൻ കാണുന്നില്ല."