/sathyam/media/media_files/2025/08/22/jbbb-2025-08-22-04-08-40.jpg)
ഇന്ത്യയെ 'അമൂല്യ സ്വതന്ത്ര ജനാധിപത്യ' പങ്കാളിയായി കൈകാര്യം ചെയ്‌തു ചൈനയെ നേരിടണമെന്നു യുഎന്നിൽ യുഎസ് അംബാസഡർ ആയിരുന്ന റിപ്പബ്ലിക്കൻ നേതാവ് നിക്കി ഹേലി പ്രസിഡന്റ് ഡോണൾഡ് ട്രംപിനോടു നിർദേശിച്ചു. ഇന്ത്യയുമായി 25 വർഷത്തെ ഉറച്ച ബന്ധം നഷ്ടപ്പെടുത്തുന്നത് തന്ത്രപരമായി മഹാദുരന്തം ആയിരിക്കുമെന്നു 'ന്യൂസ്‌വീക്കി'ൽ എഴുതിയ ഒപ്പീനിയനിൽ ഇന്ത്യൻ വംശജ പറഞ്ഞു.
ഇന്ത്യയുമായുള്ള പങ്കാളിത്തം സ്വതന്ത്ര ലോകത്തിനു ഭീഷണി ആവുന്നില്ലെന്നു ഹേലി ചൂണ്ടിക്കാട്ടി. കമ്മ്യൂണിസ്റ്റ് ചൈനയുടെ കാര്യം അങ്ങിനെയല്ല. ചൈന ശത്രുവാണ്. അവർ റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിലുള്ള ശിക്ഷയിൽ നിന്നു രക്ഷപെട്ടു നിൽക്കയാണ്.
"ചൈനയെ നേരിടാൻ യുഎസ് കൂട്ടുപിടിക്കേണ്ടത് ഇന്ത്യയെ ആണെന്നത് അധികം ചിന്തിക്കാതെ മനസിലാക്കാൻ കഴിയുന്ന വിഷയമാണ്. ചൈനയെ ഒഴിവാക്കാൻ കഴിയുന്ന വിധം ഉത്പാദനം വർധിപ്പിക്കാൻ കഴിയുന്ന രാജ്യവുമാണ് ഇന്ത്യ."
ഇന്ത്യയുടെ വർധിച്ചു വരുന്ന പ്രതിരോധ കഴിവുകളും മിഡിൽ ഈസ്റ്റിലെ മെച്ചപ്പെട്ട സാന്നിധ്യവും മേഖലയെ ഭദ്രമാക്കാൻ അവരുടെ പങ്കു വളരെ പ്രധാനമാക്കുന്നുവെന്നു രണ്ടു തവണ സൗത്ത് കരളിന ഗവർണറും ആയിരുന്ന ഹേലി പറഞ്ഞു.
ലോകത്തെ വലിയ സമ്പദ് വ്യവസ്ഥകളിൽ ജപ്പാനെ വൈകാതെ പിന്തള്ളാൻ കഴിയുന്നതാണ് ഇന്ത്യയെന്ന് അവർ ചൂണ്ടിക്കാട്ടി. "ആഗോള വ്യവസ്ഥിതിയെ മാറ്റിമറിക്കാനുള്ള ചൈനയുടെ ശ്രമം ഏറ്റവും തടസ്സപ്പെടുത്തുന്നത് ഇന്ത്യയുടെ കുതിപ്പാണ്. ഇന്ത്യയുടെ കരുത്തു കൂടുമ്പോൾ ചൈനയുടെ ആഗ്രഹങ്ങൾ ചുരുങ്ങിപ്പോകുന്നു എന്നതാണ് ലളിതമായ സത്യം."
ഇന്ത്യക്കു അതിർത്തിയിൽ ചൈന ഉയർത്തുന്ന ഭീഷണികളെ നേരിടാൻ യുഎസ് സഖ്യം സഹായകമാവും എന്നും ഹേലി പറഞ്ഞു.
യുഎസ്-ഇന്ത്യ വ്യാപാര തർക്കം നീണ്ടു പോകുന്ന ഭിന്നതയാക്കി മാറ്റുന്നത് അപകടമാണെന്നു ഹേലി ചൂണ്ടിക്കാട്ടി. ചൈന ആ സാഹചര്യം ചൂഷണം ചെയ്യുന്നുമുണ്ട്.
അതേ സമയം, റഷ്യൻ എണ്ണ സംബന്ധിച്ച ട്രംപിന്റെ നിലപാട് മനസിലാക്കാൻ അവർ ഇന്ത്യയോട് നിർദേശിച്ചു. ട്രംപ് എത്രയും വേഗം പ്രധാനമന്ത്രി മോദിയുമായി ചർച്ച നടത്തി അസ്വസ്ഥതകൾ പരിഹരിക്കണം.