ടെക്സസ്: നോർത്ത് ടെക്സസ് കൊലപാതകക്കേസിലെ പ്രതി ട്രെവർ മക്യൂനെ (33) ഒരു മാസത്തോളം നീണ്ട തിരച്ചിലിനൊടുവിൽ കൗഫ്മാൻ കൗണ്ടി ഷെരീഫ് ഓഫിസ് അറസ്റ്റ് ചെയ്തു. പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 30,000 ഡോളർ പാരിതോഷികം അധികൃതർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
2023ൽ കൗഫ്മാൻ കൗണ്ടിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ആരോൺ മാർട്ടിനെസ് (35) എന്നയാളെ തന്റെ പിക്കപ്പ് ട്രക്കിൽ വെടിവെച്ച് കൊലപ്പെടുത്തിയെന്നതാണ് മക്യൂനെതിരായ കേസ്. ഇതിനിടെ, നിരീക്ഷണത്തിനായി പ്രതിയുടെ ശരീരത്തിൽ ഘടിപ്പിച്ചിരുന്ന മോണിറ്റർ ഇയാൾ നീക്കം ചെയ്യുകയും പിന്നീട് കോടതിയിൽ ഹാജരാകാതിരിക്കുകയും ചെയ്തതോടെയാണ് അന്വേഷണം ഊർജിതമാക്കിയത്.
പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ഒളിവിൽ കഴിഞ്ഞിരുന്ന സമയത്ത് മക്യൂന് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.