/sathyam/media/media_files/2025/10/28/p-g-nair-2025-10-28-13-54-22.jpg)
ന്യൂയോര്‍ക്ക്: നായർ ബനവലന്റ് അസോസിയേഷന്റെ പ്രാരംഭ പ്രവർത്തകരിൽ ഒരാളും, മുൻ പ്രസിഡന്റും, എൻ.എസ്.എസ്. ഓഫ് ഹഡ്സൺവാലിയുടെ സഹയാത്രികനും ഉപദേഷ്ടാവും രക്ഷാധികാരിയുമായിരുന്ന ഡോ. പി.ജി. നായരുടെ ദേഹവിയോഗത്തില്‍ എൻ.എസ്.എസ്. ഓഫ് ഹഡ്സൺവാലി അനുശോചനം രേഖപ്പെടുത്തി. ഒരു തികഞ്ഞ ജീവകാരുണ്യ പ്രവർത്തകൻ, സാമൂഹ്യ പരിഷ്കർത്താവ് എന്നീ നിലകളിൽ സമാരാദ്ധ്യനുമായിരുന്നു ഡോ. പി.ജി. നായര്‍ എന്ന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ഡോ. പി.ജി. നായർ ന്യൂജേഴ്സിയിലെ സ്വവസതിയിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്ന അദ്ദേഹം ഒക്ടോബർ 20-നാണ് അന്തരിച്ചത്. ശയ്യാവലംബി ആയിരുന്നപ്പോൾ തന്നെ അദ്ദേഹത്തെ ബന്ധുമിത്രാദികളും സുഹൃത്തുക്കളുമായി നാനാ തുറകളിൽപെട്ടവരെത്തി പ്രാർത്ഥനാ സൗഹൃദം പങ്കിട്ടിരുന്നു.
അദ്ദേഹത്തിന്റെ വേർപാടിൽ എൻ.എസ്.എസ്. ഓഫ് ഹഡ്സൺവാലി ഒക്ടോബർ 24 വെള്ളിയാഴ്ച വൈകിട്ട് പ്രാർത്ഥനായോഗവും അനുശോചന സമ്മേളനവും നടത്തി. ജയപ്രകാശ് നായരുടെ പ്രാർത്ഥനാ ഗാനത്തിനുശേഷം ആളുകൾ രാമായണത്തിലെയും ഭാഗവതത്തിലെയും സ്തുതികൾ പാരായണം ചെയ്ത് പരേതാത്മാവിന് നിത്യശാന്തി നേർന്നു. തുടർന്ന് എൻ.എസ്.എസ്. ഓഫ് ഹഡ്സൺവാലി പ്രസിഡന്റ് ജി.കെ. നായർ, യോഗത്തിൽ പങ്കെടുത്തവർക്ക് സ്വാഗതം ആശംസിക്കുകയും ഡോ. പി.ജി. നായരുടെ സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങളെ ആദരവോടെ അനുസ്മരിക്കുകയും ചെയ്തു.
സെക്രട്ടറി പത്മാവതി നായർ, ട്രഷറർ കൃഷ്ണകുമാർ, പ്രദീപ് നായർ, അനിതാ നായർ, ശരത്, ജയകുമാർ, വത്സലാ പണിക്കർ, മുരളി പണിക്കർ, ജയപ്രകാശ് നായർ, ഗോപിനാഥ് കുറുപ്പ് എന്നിവർ അനുശോചനം രേഖപ്പെടുത്തുകയും പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുകയും ചെയ്തു.
യശശ്ശരീരനായ ഡോ. പി.ജി. നായർ തന്റെ നന്മനിറഞ്ഞ പ്രവർത്തനങ്ങളിലൂടെ എന്നും സ്മരിക്കപ്പെടുന്ന ഒരു മാതൃകാപുരുഷൻ ആയിരുന്നുവെന്ന് അദ്ദേഹത്തിന്റെ ഓരോ പ്രവർത്തനങ്ങളെയും എടുത്തു പറഞ്ഞ് സ്മരിച്ചുകൊണ്ടാണ് ഏവരും അനുശോചനം രേഖപ്പെടുത്തിയത്. സെക്രട്ടറി പത്മാവതി നായരുടെ കൃതജ്ഞതാ പ്രസംഗത്തോടെ അനുശോചനയോഗം അവസാനിച്ചു.
റിപ്പോര്‍ട്ട്: ജയപ്രകാശ് നായർ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us