/sathyam/media/media_files/2025/08/17/hbvg-2025-08-17-05-37-20.jpg)
അലാസ്‌ക ഉച്ചകോടിയിൽ വിജയം നേടിയത് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ആണെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അല്ലെന്നും യൂണിവേഴ്സിറ്റി ഓഫ് നോർത്ത് കരളിന പ്രഫസർ ക്ളോസ് ലാറസ് പറയുന്നു. ഐ എ എൻ എസ് വാർത്താ ഏജൻസിക്കു അനുവദിച്ച അഭിമുഖത്തിൽ, സംഭവം മൊത്തത്തിൽ ഞെട്ടിക്കുന്നതായി എന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.
ആറു വർഷം മുൻപ് കണ്ട പുട്ടിനെ കുടുംബാംഗത്തെ പോലെ ട്രംപ് ആദരിച്ചെന്നു ലാറസ് പറഞ്ഞു. ട്രംപിന്റെ കാറിൽ ഇരുവരും രഹസ്യമായി എന്തൊക്ക സംസാരിച്ചെന്നു അറിയില്ല. “പിന്നീട് അവർ മാത്രമായി നടന്ന ചർച്ചകളെ കുറിച്ചും നമുക്കറിയില്ല.”
റഷ്യൻ നിലപാടുകളിൽ മാറ്റമൊന്നും കണ്ടില്ലെന്നു ലാറസ് ചൂണ്ടിക്കാട്ടി. "വലിയ മാറ്റം ആരും പ്രതീക്ഷിച്ചില്ല. പുട്ടിൻ തെല്ലും വ്യതിചലിച്ചില്ല. വെടിനിർത്തൽ ആഗ്രഹിച്ചവർ നിരാശരായി.
"വിജയം പ്രഖ്യാപിക്കാൻ ട്രംപിനു പുട്ടിൻ എന്തെങ്കിലും വക നൽകുമെന്നു പ്രതീക്ഷിച്ചവരുണ്ട്. പുട്ടിന്റെ കൂടെ വന്ന ബിസിനസ് സംഘം എന്തെങ്കിലും കരാറുകൾ ഉണ്ടാക്കുമെന്ന പ്രതീക്ഷയും വെറുതെയായി.
"ബിസിനസ് സംഘത്തെ കൊണ്ടുവന്ന പുട്ടിൻ ഉപരോധം നീക്കി കിട്ടും എന്നു പ്രതീക്ഷിച്ചു കാണും. ട്രംപിന് അത് ചെയ്യാനാവില്ല. കാരണം റഷ്യൻ എന്ന വാങ്ങുന്ന ഇന്ത്യക്കും ചൈനയ്ക്കും ട്രംപ് താരിഫ് ചുമത്തിയിട്ടുണ്ട്.
"എന്തായാലും യുദ്ധം തീർന്നാൽ മാത്രമല്ലെ ട്രംപിനു സമാധാനത്തിന്റെ ദൂതനെന്ന പരിവേഷം കിട്ടൂ. നൊബേൽ സമാധാന സമ്മാനം അദ്ദേഹം കാംക്ഷിക്കുന്നു. പക്ഷെ യുദ്ധം തീർന്നിട്ടില്ല എന്നതാണ് വാസ്തവം.
"അടുത്ത ഫെബ്രുവരിയിൽ തീരുന്ന ആണവായുധ സ്റ്റാർട്ട് കരാർ നീട്ടാൻ തീരുമാനിച്ചാൽ അതൊരു നേട്ടമാണ്. എന്തു ധാരണ ഉണ്ടായാലും പക്ഷെ യുദ്ധം ബാക്കി നിൽക്കുന്നു."
യുക്രൈനെ ഒതുക്കുന്ന എന്തെങ്കിലും ധാരണ ഉണ്ടായിട്ടുണ്ടെങ്കിൽ യൂറോപ്പ് അതിനെ എതിർക്കുമെന്നു ലാറസ് പറഞ്ഞു. "എന്നാൽ യൂറോപ്പിന് യുഎസിനു മേൽ ആശ്രയിക്കേണ്ട ഗതികേടുണ്ട്. പ്രത്യേകിച്ച് സൈനിക കാര്യങ്ങളിൽ.
"പന്ത് ട്രംപിന്റെ കളത്തിലാണ്. റഷ്യ കൂടുതൽ കരുത്തു നേടിയെന്ന പുട്ടിന്റെ അവകാശവാദവും ശരിയല്ല; അവർ ദുർബലമായിട്ടില്ലെങ്കിലും."
ആരാണ് അപ്പോൾ അലാസ്‌കയിൽ വിജയം നേടിയത്?
"നിഷ്പക്ഷമായി നോക്കിയാൽ, പുട്ടിൻ വിജയിച്ചെന്നു ഞാൻ പറയും. യുദ്ധം തീർന്നിട്ടില്ല, വെടി നിർത്തിയിട്ടില്ല. ട്രംപ് പ്രധാന ലക്‌ഷ്യം നേടിയില്ല എന്നത് വ്യക്തമാണ്."