/sathyam/media/media_files/2025/09/14/hhhh-2025-09-14-04-34-39.jpg)
ഷിക്കാഗോ: അനധികൃത കുടിയേറ്റക്കാർക്കെതിരായ ഫെഡറൽ ഏജൻസിയുടെ നടപടിയ്ക്കിടെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസിഇ) ഉദ്യോഗസ്ഥൻ നടത്തിയ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച ഷിക്കാഗോയ്ക്ക് സമീപം ഫ്രാങ്ക്ലിൻ പാർക്കിലാണ് സംഭവം.
പരിശോധനയ്ക്കായി വാഹനം തടഞ്ഞ ഉദ്യോഗസ്ഥരെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയും ഉദ്യോഗസ്ഥരിൽ ഒരാളെ റോഡിലൂടെ വലിച്ചിഴക്കുകയും ചെയ്തതോടെയാണ് ഡ്രൈവറെ വെടിവച്ചതെന്ന് അധികൃതർ വ്യക്തമാക്കി. യുഎസിൽ അനധികൃതമായി താമസിച്ചിരുന്ന സിൽവേറിയോ വില്ലേഗാസ്-ഗോൺസാലെസ് എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. റോഡിലൂടെ വലിച്ചിഴയ്ക്കപ്പെട്ടതിനെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ ഐസിഇ ഉദ്യോഗസ്ഥൻ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ഇലിനോയ് ഗവർണർ ജെ.ബി. പ്രിറ്റ്‌സ്‌കർ ആവശ്യപ്പെട്ടു. നിലവിൽ 'ഓപ്പറേഷൻ മിഡ്‌വേ ബ്ലിറ്റ്‌സ്' എന്ന പേരിൽ ഷിക്കാഗോ മേഖലയിൽ ഐസിഇ വ്യാപകമായ പരിശോധനകൾ നടത്തുന്നുണ്ട്.