/sathyam/media/media_files/2025/08/14/gvcgc-2025-08-14-03-34-46.jpg)
നോർത്ത് ഹോളിവുഡിൽ 70 വയസുള്ള സിഖ് വംശജനെ ആക്രമിച്ചു ഭീകരമായി പരുക്കേൽപിച്ച കേസിൽ ലോസ് ഏഞ്ജലസ് പോലീസ് 44 വയസുള്ള ഒരാളെ അറസ്റ്റ് ചെയ്തു. ബോ റിച്ചാർഡ് വിറ്റഗ്ലിയാനോ എന്ന അക്രമി വീടില്ലാത്തവൻ ആണെന്നും അയാൾക്കു ദീർഘമായ ക്രിമിനൽ റെക്കോർഡ് ഉണ്ടെന്നും പോലീസ് പറഞ്ഞു.
ഓഗസ്റ്റ് 4നു ലങ്കേർഷിം ബൊളിവാർഡ് ഗുരുദ്വാരയ്ക്കു സമീപം ബൈക്കിൽ വന്ന അക്രമി ഗോൾഫ് ക്ലബ് കൊണ്ടാണ് ആക്രമണം നടത്തിയത്. ഹർപാൽ സിംഗ് അതീവ ഗുരുതരാവസ്ഥയിലാണെന്നു പോലീസും കുടുംബവും അറിയിച്ചു. ലങ്കേർഷിം ബൊളിവാർഡിൽ ഗുരുദ്വാരയിൽ താമസിക്കുന്ന സിംഗ് പ്രൊവിഡൻസ് മെഡിക്കൽ സെന്ററിലെ ഐ സി യുവിൽ അബോധാവസ്ഥയിൽ കിടക്കുകയാണ്. അദ്ദേഹത്തിന് മൂന്നു ശസ്ത്രക്രിയ നടത്തി.
നിരീക്ഷണ ക്യാമറയാണ് പ്രതിയെ കുടുക്കിയത്. മാരകായുധം കൊണ്ട് നടന്നതിനും ലഹരി മരുന്നു സൂക്ഷിച്ചതിനും മറ്റും അയാളുടെ മേൽ മുൻപ് കേസെടുത്തിട്ടുണ്ടെന്നു പോലീസ് ചീഫ് ജിം മക്ഡോണൽ പറഞ്ഞു.
ഇതൊരു വിദ്വേഷ കുറ്റമായി കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അക്കാര്യത്തിൽ സിഖ് കൊയലിഷൻ എതിർപ്പു പ്രകടിപ്പിച്ചു. പൂർണ അന്വേഷണം നടത്തണമെന്ന് അവർ ആവശ്യപ്പെട്ടു.
അറസ്റ്റ് നടന്നിട്ടു 24 മണിക്കൂർ ആവും മുൻപ് അങ്ങിനെയൊരു നിഗമനത്തിലേക്ക് എത്തിയതിനെ അവർ ചോദ്യം ചെയ്തു. സിംഗ് ആവട്ടെ, അബോധാവസ്ഥയിൽ ആയതിനാൽ മൊഴി നൽകിട്ടിയിട്ടില്ല.
ഹർപാൽ സിംഗിന്റെ സഹോദരൻ ഡോക്ടർ ഗുർദയാൽ സിംഗ് രൺധവ പോലീസിനു നന്ദി പറയുമ്പോഴും കൂടുതൽ ഉത്തരങ്ങൾ കിട്ടാനുണ്ടെന്നു ചൂണ്ടിക്കാട്ടി. സിഖ് സമുദായം ഉയർത്തിയ ചോദ്യങ്ങൾക്ക് മറുപടി കിട്ടാനുണ്ട്.
ഇക്കാര്യം ഉന്നയിച്ചു നോർത്ത് ഹോളിവുഡിൽ നടന്ന പ്രകടനത്തെ ജനപ്രതിനിധികളും അഭിസംബോധന ചെയ്തു.
ഇന്ത്യയിൽ മാത്‍സ് പ്രഫസർ ആയിരുന്ന സിംഗ് ഓഗസ്റ്റ് 4നു ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് ആക്രമിക്കപ്പെട്ടത്. തലയിലും മുഖത്തും നിരവധി പരുക്കുകൾ ഏറ്റ സിംഗിനു തലച്ചോറിൽ രക്തസ്രാവമുണ്ട്. കണ്ണിനും ഓപ്പറേഷൻ വേണ്ടിവന്നു.
ശാന്തനും ഭക്തനുമായ മനുഷ്യനാണ് സിംഗ് എന്നു ഗുരുദ്വാര വൃത്തങ്ങൾ പറഞ്ഞു. അവിവാഹിതനായ അദ്ദേഹം ദാനധർമങ്ങളിൽ നിഷ്ഠയുള്ള ആളായിരുന്നു. ശതൃക്കളെ സൃഷ്ടിക്കാനുളള സാധ്യത തീരെയില്ല.
"ഇത് ഞങ്ങളുടെ സമുദായത്തെ വിറകൊള്ളിക്കുന്നു," സിഖ് കൊയലിഷൻ വക്താവ് പറഞ്ഞു. "ഇതൊരു വിദ്വേഷ ആക്രമണമാണ്." കുടുംബത്തിന് ആവശ്യമായ സഹായം നൽകുന്നുണ്ടെന്ന് അവർ അറിയിച്ചു.