അരിസോണ 2007-ന് ശേഷം ആദ്യമായി അമേരിക്കയിൽ പ്ലേഗ് ബാധിച്ച് ഒരാൾ മരിച്ചു. അരിസോണയിലെ കൊക്കോനിനോ കൗണ്ടിയിലാണ് സംഭവം. പ്ലേഗ് ബാധിച്ച് ചത്ത ഒരു മൃഗവുമായി സമ്പർക്കത്തിൽ വന്ന വ്യക്തിയാണ് മരിച്ചത്. വെള്ളിയാഴ്ചയാണ് ഇദ്ദേഹത്തിന്റെ മരണം പ്ലേഗ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. നിലവിൽ ആന്റിബയോട്ടിക്കുകൾ ലഭ്യമായതും ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്നതുമായ ഒരു രോഗമാണ് പ്ലേഗ്. മനുഷ്യരിൽ ഇത് വളരെ അപൂർവ്വമായി മാത്രമേ ബാധിക്കാറുള്ളൂ.
സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ കണക്കുകൾ പ്രകാരം ഓരോ വർഷവും ഏകദേശം ഏഴ് പേർക്കാണ് പ്ലേഗ് സ്ഥിരീകരിക്കുന്നത്. എങ്കിലും ഭൂരിഭാഗം പേരും ചികിത്സയിലൂടെ രക്ഷപ്പെടാറുണ്ട്. പൊതുജനത്തിന് രോഗബാധയുണ്ടാകാനുള്ള സാധ്യത കുറവാണെന്ന് കൊക്കോനിനോ കൗണ്ടി ഭരണകൂടം അറിയിച്ചു.
യെജീനിയ പെസ്റ്റിസ് എന്ന ബാക്ടീരിയയാണ് രോഗം പടർത്തുന്നത്. രോഗബാധയുള്ള ചെള്ളുകൾ കടിക്കുന്നതിലൂടെയോ രോഗബാധിതമായ ജീവികളുടെ ശ്വാസകോശത്തിൽ നിന്നോ രോഗം പകരാം.
അരിസോണയിലെ മരണം രണ്ടാമത്തെ വിഭാഗത്തിൽപ്പെട്ടതാണ്. രോഗം ബാധിച്ച് രണ്ട് മുതൽ എട്ട് ദിവസത്തിനുള്ളിൽ വിറയോട് കൂടിയ പനി, ക്ഷീണം, സന്ധികളിൽ നീര് എന്നിവ ലക്ഷണങ്ങളായി പ്രത്യക്ഷപ്പെടാമെന്നും അധികൃതർ വ്യക്തമാക്കി.