ഇറാന്റെ പുണ്യനഗരമായ ഖോമിനു സമീപം ഫോർഡോ ഗ്രാമത്തിൽ മലനിരകൾക്കുള്ളിൽ അതീവ സുരക്ഷിതമായി സൂക്ഷിച്ചിട്ടുള്ള ആണവ കേന്ദ്രം തകർക്കാൻ അമേരിക്കയുടെ ബോംബുകൾക്കു മാത്രമേ കഴിയൂ എന്നതാണ് ഷിയാ മുസ്ലിം രാഷ്ട്രത്തിന്റെ ആണവ പദ്ധതി തകർക്കുന്നതിൽ നിർണായകമാവുന്ന ഘടകം. അതു കൊണ്ടാണ് യുഎസ് ഈ യുദ്ധത്തിൽ പ്രവേശിക്കുമോ എന്ന ചോദ്യം പ്രസക്തമാവുന്നത്.
ഇറാന്റെ സൈനിക നേതൃത്വത്തെയും പരമാധികാരി ആയത്തൊള്ള അലി ഖമെയ്‌നിയെയും കൊന്നൊടുക്കുക എന്ന ലക്‌ഷ്യം ഇസ്രയേലിനുണ്ടെങ്കിലും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുൻഗണന നൽകുന്നത് ബോംബുണ്ടാക്കാൻ യുറേനിയം സമ്പുഷ്ടമാക്കുന്ന ഫോർഡോയിലെ ആണവ കേന്ദ്രം തകർക്കുന്നതിലാണ്. എന്നാൽ മലനിരകളെ തുളച്ചു ചെന്ന് ഈ കേന്ദ്രത്തിൽ അടിച്ചു തകർക്കാൻ 'ബങ്കർ ബസ്റ്റർ' എന്നു വിളിക്കപ്പെടുന്ന 30,000 പൗണ്ട് ബോംബ് തന്നെ വേണമെന്നു 'ന്യൂ യോർക്ക് ടൈംസ്' ചൂണ്ടിക്കാട്ടുന്നു.
ഇസ്രയേൽ കഴിഞ്ഞ ദിവസം ഫോർഡോയ്ക്കു സമീപം ബോംബിംഗ് നടത്തിയിരുന്നു. ആണവ കേന്ദ്രത്തിനുള്ള വൈദ്യുതി തടയുക എന്നതാണ് അവർ ലക്ഷ്യമിട്ടത്. ഖോമിൽ അപ്പോൾ ഭൂമി കുലുക്കം ഉണ്ടായി. പക്ഷെ ആണവ കേന്ദ്രത്തിനു ഒന്നും സംഭവിച്ചില്ല.
യുദ്ധത്തിനു പോകുമ്പോൾ ഇസ്രയേൽ കരുതിയതിന്റെ എത്രയോ ഇരട്ടി കരുത്താണ് ഇറാൻ പ്രകടമാക്കിയിട്ടുള്ളത്. ഇസ്രയേലിന്റെ കൊട്ടിഘോഷിക്കപ്പെട്ട ആകാശ പ്രതിരോധം മറികടന്നു അവരുടെ മിസൈലുകളും ഡ്രോണുകളും ടെൽ അവീവിലും ജെറുസലേമിലും ഹൈഫയിലും എത്തി. അതു കൊണ്ടു കൂടുതൽ ശക്തമായി ആക്രമിക്കണമെന്നു ഇസ്രയേലിനു ബോധ്യപ്പെട്ടു. അതാണ് ടെഹ്‌റാനിൽ കാടടച്ചു ആക്രമണം ആരംഭിക്കും മുൻപ് സിവിലിയന്മാർ ഒഴിഞ്ഞു പോകാൻ അവർ പറയുന്നത്.
എന്നാൽ ആണവ കരാറിനു വഴങ്ങാത്തതു കൊണ്ടാണ് ഇറാനെ ആക്രമിച്ചതെന്നു ചൂണ്ടിക്കാട്ടുന്ന ട്രംപിന് അവരുടെ ആണവപരിപാടി തകർക്കുക എന്നതാണ് മുഖ്യം. അതിൽ മുഖ്യം ഫോർഡോ ആണ്. ബോംബിനു യുറേനിയം 90% സമ്പുഷ്ടമാക്കണമെങ്കിൽ ഫോർഡോ കേന്ദ്രത്തിൽ 83.7% എത്തിയിട്ടുണ്ടെന്നു 2023 മാർച്ചിൽ അന്താരാഷ്ട്ര ആണവ ഏജൻസി പരിശോധനയിൽ കണ്ടെത്തിയിരുന്നു.
കട്ടി ഇരുമ്പിലാണ് ബങ്കർ ബസ്റ്ററിന്റെ കവചം. അതുകൊണ്ടു പാറ തുറന്നു കയറുമ്പോൾ കേടു പറ്റില്ല. 20 അടി നീളമുള്ള ബോംബ് അമേരിക്കയുടെ ബി-2 സ്റ്റെൽത് ബോംബറിൽ മാത്രമേ കൊണ്ടുപോകാൻ കഴിയൂ.
ഇസ്രയേൽ ആവശ്യപ്പെട്ടിട്ടും ബങ്കർ ബസ്റ്റർ നൽകാൻ യുഎസ് തയാറായിട്ടില്ല. ട്രംപ് അതിനു തയ്യാറാവുമോ അതോ യുഎസ് തന്നെ ആക്രമണം നടത്തുമോ എന്ന് വ്യക്തമായിട്ടില്ല.