‘ഓപ്പറേഷൻ എപിക് ഫ്യൂറി' ചരിത്ര നീക്കം; മിഡിൽ ഈസ്റ്റിലെ പ്രതിരോധ സമവാക്യം മാറ്റിയെന്നു വിദഗ്‌ധർ

New Update
Trump

വാഷിംഗ്‌ടൺ: പ്രസിഡന്റ് ട്രംപ് ആരംഭിച്ച 'ഓപ്പറേഷൻ എപിക് ഫ്യൂറി' ചരിത്രം സൃഷ്ടിച്ച സൈനിക നീക്കമാണെന്നും അത് മിഡിൽ ഈസ്റ്റിലെ പ്രതിരോധ സമവാക്യം മാറ്റിയെന്നും വിരമിച്ച യുഎസ് ജനറലുകളും ദേശീയ സുരക്ഷാ തന്ത്രജ്ഞരും പ്രമുഖ ബുദ്ധിജീവികളും അഭിപ്രായപ്പെട്ടു.ഞായറാഴ്ച വൈറ്റ് ഹൗസ് പുറത്തുവിട്ട പ്രസ്‌താവനകളുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തൽ.

Advertisment

ഈ ദൗത്യം നടപ്പാക്കിയ രീതിയും ഉപയോഗിച്ച സൈനിക ശേഷിയും അതിശയകരമാണെന്നും ട്രംപ് അസാധാരണമായ ജോലിയാണ് ചെയ്തതെന്നും വിരമിച്ച ലെഫ്റ്റനന്റ് ജനറൽ കീത്ത് കെല്ലോഗ് അഭിപ്രായപ്പെട്ടു.

അതു പ്രാദേശിക ശക്തിസമവാക്യം മാറ്റിയതായി റൊണാൾഡ് റീഗൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ റോജർ സാക്കൈം വിലയിരുത്തി. കഴിഞ്ഞ 47 വർഷത്തിനിടയിലെ ഏറ്റവും നിർണായകമായ സൈനിക നടപടി കൂടിയാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇറാന്റെ മതാധിപത്യ നേതൃത്വവും ബാലിസ്റ്റിക് മിസൈൽ അടിസ്ഥാനസൗകര്യങ്ങളും കമാൻഡ്-കൺട്രോൾ സംവിധാനങ്ങളും ലക്ഷ്യമിട്ടുള്ള ആക്രമണം ഭരണകൂടത്തെ ദുർബലമാക്കിയെന്ന് യോർക്ക്ടൗൺ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് സെത്ത് ക്രോപ്സി പറഞ്ഞു. ഇത് ഇറാന്റെ തന്ത്രപരമായ ശേഷിയെ കൂടുതൽ ക്ഷയിപ്പിക്കാൻ അവസരം സൃഷ്ടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻകാല പ്രസിഡന്റുമാരിൽ ആരും ചെയ്തിട്ടില്ലാത്ത രീതിയിലാണ് ട്രംപ് പ്രവർത്തിച്ചതെന്ന് ഫൗണ്ടേഷൻ ഓഫ് ഡിഫൻസ് ഓഫ് ഡെമോക്രസെസ് സിഇഒ മാർക്ക് ഡുബോവിറ്റ്സ് പറഞ്ഞു.

ഖമനെയിയെയും ഇറാന്റെ ആണവ, മിസൈൽ, ഭീകര ശേഷികളും നീക്കംചെയ്യാൻ മറ്റാരും തയ്യാറായിരുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാനിലെ ജനങ്ങൾക്ക് പിന്തുണ നൽകുന്ന ആദ്യ അമേരിക്കൻ പ്രസിഡന്റാണ് ട്രംപ് എന്ന് മുതിർന്ന ഉപദേഷ്ട്‌ടാവ് മിയാദ് മലേകി അഭിപ്രായപ്പെട്ടു.

ലോകത്തിലെ പ്രധാന ഭീകര പ്രോത്സാഹക ഭരണകൂടത്തിനെതിരായ അനിവാര്യ പ്രതിരോധ നടപടി എന്ന് 'വോൾ സ്ട്രീറ്റ് ജേർണൽ' എഡിറ്റോറിയൽ ബോർഡ് ഈ നീക്കത്തെ വിശേഷിപ്പിച്ചു. അപകടസാധ്യതകളുണ്ടെങ്കിലും, മിഡിൽ ഈസ്റ്റിനെ കൂടുതൽ സുരക്ഷിതമാക്കാനുള്ള സാധ്യതയുണ്ടെന്നും ബോർഡ് അഭിപ്രായപ്പെട്ടു.

പാശ്ചാത്യ നാഗരികത സംരക്ഷിക്കാനുള്ള നിർണായക നടപടി എന്നാണ് മുൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ഇതിനെ വിലയിരുത്തിയത്.

ട്രംപിനെ ചെറുക്കരുതെന്ന സന്ദേശമാണ് ഇതിലൂടെ പ്രദേശം മുഴുവൻ ഉൾക്കൊള്ളുക എന്ന് ഇസ്രയേലിന്റെ മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നെറ്റ് പറഞ്ഞു. ലോകം ഇന്നലെയെക്കാൾ ഇന്ന് കൂടുതൽ സുരക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisment