വാഷിംഗ്‌ടണിലെ ന്യൂ കാസിലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ഇന്ത്യൻ ദമ്പതിമാരുടെ പുത്രൻ തന്റെ അമ്മാവനോടൊപ്പം പെൻസിൽവേനിയയിൽ പുതിയ ജീവിതം ആരംഭിച്ചു. ഡോക്ടറൽ സ്റ്റുഡന്റ് ആയ അമ്മാവന് രക്ഷാകർത്താവായി കുട്ടിയെ പരിപാലിക്കാൻ കിംഗ് കൗണ്ടി അധികൃതർ അനുമതി നൽകി.
ഹർഷവർധന കിക്കേരി (44), ഭാര്യ ശ്വേതാ പന്യം (41), മകൻ ധ്രുവ എന്നിവരെ ന്യൂ കാസിലിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് ഏപ്രിൽ 24നാണ്. ശ്വേതയെയും ധ്രുവയെയും വെടിവച്ചു കൊന്നതാണെന്നു കിംഗ് കൗണ്ടി മെഡിക്കൽ എക്‌സാമിനർ റിപ്പോർട്ട് എഴുതി. ഹോളോവേൾഡ് എന്ന സ്റ്റാർട്ട്പ്പിന്റെ സ്ഥാപകനും സി ഇ ഒയുമായ ഹർഷവർധന സ്വയം വെടിവച്ചു മരിക്കുകയായിരുന്നു.
ധ്രുവയുടെ അനുജനു പരുക്കു പോലും ഏറ്റില്ല. ഇപ്പോൾ കുട്ടിയെ മാതൃ സഹോദരൻ ഏറ്റെടുത്തു. അദ്ദേഹത്തിനു സാമ്പത്തിക നില ഭദ്രമല്ല. "പെട്ടെന്നൊരു ദിവസം രക്ഷാകർത്താവ് ആകുമെന്നു ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല," അദ്ദേഹം പറയുന്നു. ഏതാനും വർഷത്തേക്ക് ചെലവുകൾക്കുള്ള പണം സമൂഹം പിരിച്ചു നൽകുന്നുണ്ട്.
അന്തരവൻ പഠിക്കാൻ ഏറെ മിടുക്കനാണെന്നു അമ്മാവൻ പറയുന്നു. "അയാൾക്കു റോബോട്ടിക്‌സിലും സ്റ്റം വിഷയങ്ങളിലും ഏറെ താൽപര്യമാണ്."