/sathyam/media/media_files/2025/10/10/ffc-2025-10-10-04-03-34.jpg)
ഗാസ സമാധാന പദ്ധതി നടപ്പാകും എന്ന പ്രത്യാശ ഉയർന്നതോടെ ഗാസയിലും ഇസ്രയേലിലും ആഘോഷത്തിന്റെ അന്തരീക്ഷത്തിൽ ജനങ്ങൾ ആർത്തു വിളിച്ചത് "ഡോണൾഡ് ട്രംപ്! ഡോണൾഡ് ട്രംപ്!" എന്നാണ്. ട്രംപിനു സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകണമെന്ന് അവർ ആവശ്യപ്പെട്ടു.
ടെൽ അവീവിലും ഗാസയിലും തെരുവുകളിൽ ആഘോഷം തകർക്കുമ്പോൾ, ട്രംപ് ഞായറാഴ്ച്ച ജറുസലേമിൽ എത്തുമെന്നു ഇസ്രായേലി വൃത്തങ്ങൾ അറിയിച്ചു.
ഇസ്രയേലി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനു പുറമേ പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്‌തു. ശാശ്വതമായ രാഷ്ട്രീയ പരിഹാരത്തിലേക്ക് അത് വഴി തെളിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ട്രംപിനെയും മധ്യസ്ഥത വഹിച്ചവരെയും അബ്ബാസ് പ്രശംസിച്ചു. യുദ്ധം നിർത്തുകയും ഇസ്രയേലി സേന പിൻവാങ്ങുകയും മാനുഷിക സഹായം ഗാസയിൽ എത്തിക്കുകയും ചെയ്യുന്ന കരാറിനെ അബ്ബാസ് സ്വാഗതം ചെയ്യുന്നതായി അദ്ദേഹത്തിന്റെ ഓഫിസ് പറഞ്ഞു.
1967 ജൂൺ 4നുള്ള അതിർത്തികൾ പാലിച്ചു പലസ്തീൻ രാഷ്ട്രം ഉണ്ടാവുമെന്നും അദ്ദേഹം ആശിക്കുന്നു. ഈസ്റ്റ് ജെറുസലേം തലസ്ഥാനമാവണം ഗാസ പലസ്തീൻ പരമാധികാരത്തിൽ പെട്ട മേഖലയാണ് എന്നും അബ്ബാസ് ഊന്നിപ്പറഞ്ഞു.
ബന്ദികളെ മോചിപ്പിക്കുക എന്ന പരിപാവനമായ ദൗത്യം ഏറ്റെടുത്തതിനു തന്റെ ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്നു ട്രംപിനു നന്ദി പറയുന്നുവെന്നു നെതന്യാഹു പറഞ്ഞു.
നൊബേൽ സമ്മാനത്തിനു താൻ അർഹനാണെന്ന് ട്രംപ് ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. 2018ൽ നോമിനേറ്റ് ചെയ്യപ്പെട്ടെങ്കിലും അത് കിട്ടിയില്ല.
നെതന്യാഹു ട്രംപിനെ നൊബേൽ സമ്മാനത്തിനു നിർദേശിച്ചിരുന്നു. പാക്കിസ്ഥാൻ അദ്ദേഹത്തെ നോമിനേറ്റ് ചെയ്തത് ഇന്തോ-പാക്ക് യുദ്ധം അവസാനിപ്പിച്ചു എന്ന അവാസ്തവ അവകാശ വാദത്തിന്റെ പേരിലാണ്. ഇന്ത്യ അത് അംഗീകരിച്ചിട്ടില്ല.