5 ലക്ഷം പേരുടെ കുടിയേറ്റ പദവി റദ്ദാക്കാന്‍ അനുമതി

New Update
Fdgvgjbb
Advertisment

വാഷിങ്ടണ്‍ ഡിസി: യുഎസില്‍ താമസിക്കുന്ന ലക്ഷക്കണക്കിന് വെനിസ്വേലന്‍, ക്യൂബന്‍, ഹെയ്തി, നിക്കരാഗ്വന്‍ കുടിയേറ്റക്കാരുടെ താല്‍ക്കാലിക നിയമപരമായ പദവി റദ്ദാക്കാന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ഭരണകൂടത്തിന് യുഎസ് സുപ്രീം കോടതി വെള്ളിയാഴ്ച അനുമതി നല്‍കി. ഇത് നാടുകടത്തല്‍ വര്‍ധിപ്പിക്കാനുള്ള ട്രംപിന്‍റെ നീക്കത്തിന് കരുത്തായി.

മുന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ 532,000 കുടിയേറ്റക്കാര്‍ക്ക് അനുവദിച്ച ഇമിഗ്രേഷന്‍ പരോള്‍ അവസാനിപ്പിക്കാനുള്ള ഭരണകൂടത്തിന്‍റെ നീക്കം തടഞ്ഞു കൊണ്ട് ബോസ്ററണ്‍ ആസ്ഥാനമായുള്ള യുഎസ് ജില്ലാ ജഡ്ജി ഇന്ദിര തല്‍വാനി പുറപ്പെടുവിച്ച ഉത്തരവ് കോടതി തടഞ്ഞു. കീഴ്ക്കോടതികളില്‍ കേസ് നടക്കുന്നതിനിടെ ഇവരില്‍ പലരെയും വേഗത്തില്‍ നാടു കടത്താനും സാധ്യതയേറെയാണ്.

അടിയന്തരാവസ്ഥയില്‍ പുറപ്പെടുവിച്ച കോടതി ഉത്തരവുകളില്‍ പലതിലും പോലെ, ഒപ്പു വയ്ക്കാതെയും ഒരു കാരണവും നല്‍കാതെയായിരുന്നു ഈ തീരുമാനവും. കോടതിയിലെ മൂന്നു ലിബറല്‍ ജസ്ററിസുമാരില്‍ രണ്ടു പേരായ കേതന്‍ജി ബ്രൗണ്‍ ജാക്സണും സോണിയ സൊട്ടോമേയറും പരസ്യമായി ഇതിനോടു വിയോജിച്ചു. മേയ് 19 ന് സുപ്രീം കോടതി, അമെരിക്കയില്‍ താമസിക്കുന്ന ഏകദേശം 350,000 വെനിസ്വേലക്കാര്‍ക്ക് ബൈഡന്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്ന താല്‍ക്കാലിക സംരക്ഷിത പദവി എന്ന നാടുകടത്തല്‍ സംരക്ഷണം അവസാനിപ്പിക്കാന്‍ ട്രംപിനെ അനുവദിച്ചിരുന്നു.