/sathyam/media/media_files/2025/08/14/bbvc-2025-08-14-03-43-01.jpg)
ആൽഫബെറ്റ് ക്രോം ബ്രൗസർ വിൽപ്പനയ്ക്കില്ലെങ്കിലും $34.5 ബില്യൺ കൊടുത്തു അതു വാങ്ങാൻ ഇന്ത്യൻ വംശജനായ കംപ്യൂട്ടർ എൻജിനിയർ അരവിന്ദ് ശ്രീനിവാസിന്റെ ഉടമയിലുള്ള പെർപ്ലെക്സിറ്റി എ ഐ സ്റ്റാർട്ടപ് മുന്നോട്ടു വന്നു. ഗൂഗിളിന്റെ ചട്ടലംഘനങ്ങൾക്കു നേരെ വെല്ലുവിളി ഉയർന്ന സാഹചര്യത്തിൽ ഓപ്പൺ എ ഐ, യാഹൂ, അപ്പോളോ ഗ്ലോബൽ തുടങ്ങിയ കമ്പനികളും ക്രോം വാങ്ങാൻ മുന്നോട്ടു വന്നിരുന്നു.
എന്നാൽ പെർപ്ലെക്സിറ്റി വയ്ക്കുന്ന ഓഫർ എല്ലാറ്റിലും മുകളിലാണ്.
ജനുവരിയിൽ പെർപ്ലെക്സിറ്റി യുഎസിൽ ടിക് ടോക് വാങ്ങാൻ ഓഫർ വച്ചിരുന്നു. ടിക് ടോക്കിനു യുഎസ് ഉടമ ഉണ്ടായാൽ മാത്രമേ തുടരാൻ കഴിയൂ എന്ന അവസ്ഥ ഉണ്ടായപ്പോൾ ആയിരുന്നു പെർപ്ലെക്സിറ്റി ലയനത്തിന് ഓഫർ നൽകിയത്.
ഗൂഗിളിനു നിയമം ലംഘിച്ചുള്ള കുത്തകയുണ്ടെന്നു കഴിഞ്ഞ വർഷം കോടതി കണ്ടിരുന്നു. ക്രോം വിൽക്കുക എന്ന പരിഹാരം ജസ്റ്റിസ് ഡിപ്പാർട്മെന്റ് നിർദേശിച്ചു. എന്നാൽ ഗൂഗിൾ ക്രോം വിൽപ്പനയ്ക്കു വച്ചിട്ടില്ല.
മൂന്ന് വർഷം മാത്രം പ്രായമായ പെർപ്ലെക്സിറ്റി എങ്ങിനെയാണ് ക്രോം വാങ്ങാൻ പണമുണ്ടാക്കുക എന്നു വ്യക്തമാക്കിയിട്ടില്ല. എൻവിടയും ജപ്പാന്റെ സോഫ്റ്റ്ബാങ്കും ഉൾപ്പെടെ നിക്ഷേപകർ $1 ബില്യൺ നൽകാൻ തയാറുണ്ടെങ്കിലും പെർപ്ലെക്സിറ്റിയുടെ മൂല്യം $14 ബില്യൺ മാത്രമാണ്.
എന്നാൽ പലവഴിക്കും പണം വരുമെന്ന് ആ ഉറവിടങ്ങൾ വ്യക്തമാക്കാതെ പെർപ്ലെക്സിറ്റി പറയുന്നു.
പെർപ്ലെക്സിറ്റിക്കു സ്വന്തമായി എ ഐ ബ്രൗസർ ഉണ്ട്: കോമെറ്റ്. എന്നാൽ ക്രോം വാങ്ങിയാൽ അവർക്കു മൂന്ന് ബില്യണിലധികം ഉപയോക്താക്കളാണ് കൈയ്യിൽ വരിക. ഓപ്പൺ എ ഐ പോലുള്ള വമ്പന്മാരുമായി മത്സരിക്കാൻ മികച്ച ആയുധമാവും അത്.
ഗൂഗിളിന് എതിരായ കുത്തക കേസിൽ ഫെഡറൽ ജഡ്‌ജ് അമിത് മേത്ത ഈ മാസം വിധി പറയും എന്നാണ് പ്രതീക്ഷ.