ഫിലാഡല്‍ഫിയ ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷനു പുതിയ ഭരണസമിതി:ഹെറിറ്റേജ് ഡേ ആഘോഷം നവംബര്‍ 8 ന്

New Update
Cxcxdc

ഫിലഡല്‍ഫിയ: മികവുറ്റ സാമൂഹിക, സാംസ്‌കാരിക, കാരുണ്യ, പ്രവര്‍ത്തനങ്ങളിലൂടെ അമേരിക്കന്‍ മലയാളികള്‍ക്കു, പ്രത്യേകിച്ച് മലയാളികത്തോലിക്കര്‍ക്കു മാതൃകയായി സേവനത്തിന്റെ 47 വര്‍ഷം പൂര്‍ത്തിയാക്കുന്ന വിശാലഫിലാഡല്‍ഫിയ റീജിയണിലെ കേരള കത്തോലിക്കരുടെ സ്‌നേഹകൂട്ടായ്മയായ ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയായ്ക്കു (ഐ. എ. സി. എ.) 20252026 ലേക്ക് പുതിയ ഭരണസമിതി നിലവില്‍ വന്നു.

Advertisment

അസോസിയേഷന്റെ വാര്‍ഷികപൊതുയോഗം പുതിയഭാരവാഹികളായിതോമസ് സൈമണ്‍ (പ്രസിഡന്റ്), ജോഷ്വ ജേക്കബ് (വൈസ് പ്രസിഡന്റ്),ചാര്‍ലി ചിറയത്ത് (ജനറല്‍ സെക്രട്ടറി), മെര്‍ലിന്‍ മേരി അഗസ്റ്റിന്‍ (ജോയിന്റ് സെക്രട്ടറി), സ്വപ്ന സജി സെബാസ്റ്റ്യന്‍(ട്രഷറര്‍), ഫിലിപ് (ബിജു) ജോണ്‍(ജോയിന്റ് ട്രഷറര്‍), അനീഷ് ജയിംസ് (മുന്‍ പ്രസിഡന്റ് എക്‌സ് ഒഫീഷ്യോ)എന്നിവരെതെരഞ്ഞെടുത്തു.

ഫിലാഡല്‍ഫിയ സീറോമലബാര്‍ഫൊറോന പള്ളി വികാരി റവ. ഡോ. ജോര്‍ജ് ദാനവേലില്‍, സെ. ജോണ്‍ ന്യൂമാന്‍ ക്‌നാനായകാത്തലിക്മിഷന്‍ഡയറക്ടര്‍റവ. ഫാ. ലിജോ കൊച്ചുപറമ്പില്‍, സെന്റ് ജൂഡ് സീറോമലങ്കരപള്ളി വികാരി റവ. ഫാ. ബാബു മഠത്തില്‍പറമ്പില്‍,ഇന്‍ഡ്യന്‍ ലാറ്റിന്‍കാത്തലിക് മിഷന്‍ ഡയറക്ടര്‍ റവ.ഫാ. ലെനിന്‍ ഫെര്‍ണാണ്ടസ്, തോമസ് നെടുമാക്കല്‍, അലക്‌സ് ജോണ്‍, ഓസ്റ്റിന്‍ ജോണ്‍, ജോസഫ് തോമസ് എന്നിവര്‍ഡയറക്ടര്‍മാരായിഐ. എ. സി. എ.ഡയറക്ടര്‍ ബോര്‍ഡും പുനസംഘടിപ്പിച്ചു.

എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ജോസ് മാളേയ്ക്കല്‍, സണ്ണി പടയാറ്റില്‍, ജോസഫ് മാണി, ഫിലിപ് എടത്തില്‍, ജസ്റ്റിന്‍ തോമസ്, റോമിയോ ഡാല്‍ഫി, ബിജു സക്കറിയ, കുരുവിള ജെയിംസ് (ജെറി), സേവ്യര്‍ മൂഴിക്കാട്ട് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

നവംബര്‍ 8ശനിയാഴ്ച്ച 'ഒരേ വിശ്വാസം, പല പാരമ്പര്യങ്ങള്‍,ഒരു കുടക്കീഴില്‍'എന്ന ആപ്തവാക്യത്തിലൂന്നി ഇന്‍ഡ്യന്‍ കത്തോലിക്കരുടെ പൈതൃകദിനാഘോഷങ്ങള്‍ സംഘടിപ്പിക്കും. ഇന്‍ഡ്യന്‍ കത്തോലിക്കരുടെ ശ്രേഷ്ടമായ പൈതൃകവും, വിശ്വാസപാരമ്പര്യങ്ങളും പ്രവാസനാട്ടിലും അഭംഗുരം കാത്തുസൂക്ഷിക്കുന്ന സീറോമലബാര്‍, സീറോമലങ്കര, ക്‌നാനായ, ലത്തീന്‍ കത്തോലിക്കര്‍ ഒരേ കുടക്കീഴില്‍ അണിനിരന്ന് ഒന്നിച്ചര്‍പ്പിക്കുന്ന ദിവ്യബലി, പൊതുസമ്മേളനം, കലാസന്ധ്യ, സ്‌നേഹവിരുന്ന് എന്നിവയായിരിക്കും ഹെറിറ്റേജ് ഡേ ആഘോഷപരിപാടികള്‍.

ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധപ്രവര്‍ത്തനങ്ങളുടെ സമാപനമായാണു പൈതൃക ദിനാഘോഷം സംഘടിപ്പിക്കുന്നത്. കാരുണ്യപ്രവര്‍ത്തിയിലൂന്നിയ വസ്ത്രശേഖരണവും, ആവശ്യക്കാര്‍ക്കുള്ള വിതരണവും, വര്‍ഷിക പിക്‌നിക്, ക്രിസ്മസ്/പുതുവര്‍ഷ ആഘോഷങ്ങള്‍, സാമൂഹ്യപ്രസക്തിയുള്ള വിവിധ സെമിനാറുകള്‍, ബൈബിള്‍ ക്വിസ്, രോഗീ സന്ദര്‍ശനം എന്നിവ പ്രവര്‍ത്തനപരിപാടികളില്‍ ചിലതു മാത്രം.

1970 കളുടെ ആദ്യപകുതിമുതല്‍ അമേരിക്കയില്‍ കുടിയേറി ഫിലാഡല്‍ഫിയാ റീജിയണില്‍ താമസമുറപ്പിച്ച കേരളീയ പാരമ്പര്യത്തിലുള്ള കത്തോലിക്കാ വിശ്വാസികള്‍ 1978 ല്‍ ഒത്തുകൂടി ചെറിയ ഒരു അത്മായ സംഘടനയായി തുടക്കമിട്ട ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ (ഐ. എ. സി. എ.) വളര്‍ച്ചയുടെ പടവുകള്‍ കടന്ന് രണ്ടായിരത്തിലധികം വരുന്ന വിശ്വാസികളുടെ ഒരു സ്‌നേഹകൂട്ടായ്മയായിഇന്ന് തലയുയര്‍ത്തി നില്‍ക്കുന്നു.

ഉപരിപഠനത്തിനും, ഉദ്യോഗത്തിനുമായി അമേരിക്കയിലെത്തിയ ആദ്യതലമുറയില്‍പെട്ട സീറോമലബാര്‍, സീറോമലങ്കര, ക്‌നാനായ, ലത്തീന്‍ കുടുംബങ്ങള്‍ സമൂഹവളര്‍ച്ചക്കു നല്‍കിയിട്ടുള്ള സംഭാവനകള്‍ വളരെ വലുതാണ്. പ്രവാസജീവിതത്തില്‍ മാതൃഭാഷയില്‍ ബലിയര്‍പ്പിക്കാന്‍ വൈദികരോ സ്വന്തം ദേവാലയങ്ങളോ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ പ്രതികൂലസാഹചര്യങ്ങളിലൂടെ കഠിനാധ്വാനംചെയ്ത് അഞ്ചുദശാബ്ദക്കാലം സ്വന്തംകുടുംബത്തെയും ബന്ധുക്കളെയും അമേരിക്കയിലെത്തിച്ച് അവര്‍ക്കു നല്ലൊരു ഭാവിയുണ്ടാക്കിക്കൊടുക്കുന്നതില്‍ ഇവര്‍ വിജയം കണ്ടെത്തി. രണ്ടാം തലമുറയില്‍നിന്നും വൈദികരെയും, കന്യാസ്ത്രികളെയും, ഔദ്യോഗികതലത്തില്‍ ഉന്നതസ്ഥാനങ്ങള്‍ വഹിക്കുന്ന ധാരാളം പ്രൊഫഷണലുകളെയും സമൂഹത്തിനു പ്രദാനം ചെയ്ത് അമേരിക്കന്‍ സമ്പത് വ്യവസ്ഥക്ക് മുതല്‍ക്കൂട്ടായിട്ടുണ്ട്.

പുതിയതലമുറയെ ചേര്‍ത്തുനിര്‍ത്തി തങ്ങളുടെ മഹത്തായ പൈതൃകവും, ഓരോ സമൂഹത്തിന്റെയും തനതായ പാരമ്പര്യങ്ങളും പുതുതലമുറക്കു കൈമാറുന്നതിനും, സ്‌നേഹകൂട്ടായ്മയിലൂടെ നാനാത്വത്തില്‍ ഏകത്വം ദര്‍ശിക്കുന്നതിനും ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ എന്ന അംബ്രല്ലാ ഓര്‍ഗനൈസേഷന്‍ ലക്ഷ്യമിടുന്നു.

Advertisment