ന്യൂയോർക്ക് : അമേരിക്കയിലെ ആദ്യകാല മലയാളികളുടെ സംഘടനയായ പയനീർ ക്ലബ് ഓഫ് കേരളൈറ്റ്സ് ഇൻ നോർത്ത് അമേരിക്കയുടെ വാർഷിക ജനറൽ ബോഡി യോഗവും തിരഞ്ഞെടുപ്പും നടന്നു. ന്യൂയോർക്കിലെ എൽമോണ്ടിലുള്ള കേരള സെൻ്ററായിരുന്നു വേദി.
സെക്രട്ടറി വറുഗീസ് എബ്രഹാം അംഗങ്ങളെ സ്വാഗതം ചെയ്തു. പ്രസിഡന്റ് ജോണി സക്കറിയയുടെ അദ്ധ്യക്ഷ പ്രസംഗത്തിൽ, ക്ലബ്ബിൻ്റെ വളർച്ചയ്ക്ക് ഏവരും നൽകിയ പിന്തുണയ്ക്കും സഹകരണത്തിനും നന്ദി പറഞ്ഞു.
നിലവിൽ സംഘടനയിൽ 215-ലധികം അംഗങ്ങളുണ്ട്. കഴിഞ്ഞ വർഷം സംഘടനയുടെ ആദ്യകാല അംഗങ്ങൾക്കായി നിരവധി പ്രോഗ്രാമുകൾ നടത്തിയിരുന്നു. ന്യൂയോർക്ക് സിറ്റി മ്യൂസിക് ഹാൾ ക്രിസ്മസ് ഷോ, കാസിനോ ട്രിപ്പുകൾ, ന്യൂയോർക്കിലെ തിയേറ്ററിലെ കഥകളി, അക്ഷരധാം ക്ഷേത്ര സന്ദർശനം, മാതൃദിന ആഘോഷങ്ങൾ, പിതൃദിന ആഘോഷങ്ങൾ, ഓണാഘോഷം, ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷങ്ങൾ തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിച്ചത്. 7 പയനിയർമാരെ ആദരിക്കുകയും ചെയ്തു.
സെക്രട്ടറി വറുഗീസ് എബ്രഹാം (രാജു) വിശദമായ റിപ്പോർട്ട് വായിക്കുകയും റിപ്പോർട്ട് ബുക്ക്‌ലെറ്റ് അംഗങ്ങൾക്ക് വിതരണം ചെയ്യുകയും ചെയ്തു. അംഗങ്ങളും സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും വയനാട് ദുരിതാശ്വാസ നിധിയിലേക്ക് $23,583/- സംഭാവന നൽകി.
പ്രസിഡൻ്റ് ജോണി സക്കറിയ നേരിട്ട് (ഇടനിലക്കാർ ഇല്ലാതെ) ആ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും നിർദ്ധനരും അർഹരുമായവർക്ക് വീട് പുനർനിർമ്മാണം, വിദ്യാഭ്യാസം തുടങ്ങിയവയ്ക്കായി ഫണ്ട് വിതരണം ചെയ്യുകയും ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷണർ ജോർജ്ജ് എബ്രഹാം ഇലക്ഷന് മേൽനോട്ടം വഹിച്ചു. 2025-26 വർഷത്തേക്കുള്ള ഭാരവാഹികളായി താഴെപ്പറയുന്നവരെ ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു.
പ്രസിഡൻ്റ് ജോണി സക്കറിയ, വൈസ് പ്രസിഡൻ്റ് തോമസ് തോമസ് പാലാത്ര, സെക്രട്ടറി വറുഗീസ് എബ്രഹാം (രാജു), ജോയിൻ്റ് സെക്രട്ടറി ലോന എബ്രഹാം, ട്രഷറർ ജോൺ ജോസഫ്, പിആർഒ വി എം ചാക്കോ, ഓഡിറ്റർ മാത്യു സിറിയക്, നിർവാഹക സമിതി അംഗങ്ങളായി സ്കറിയ അഗസ്റ്റിൻ, ഉഷാ ജോർജ്, കെ.ജെ.ഗ്രിഗറി, അഡ്വ. വിനോദ് കെയർകെ, ലിസ മണ്ണിക്കരോട്ട്, കൂമ്പംപാടം മാത്യു, മേരിക്കുട്ടി മൈക്കിൾ, ഗ്രേസ് മോഹൻ, തോമസ് പോൾ.
തിരഞ്ഞെടുക്കപ്പെട്ടവർക്ക് ജോർജ്ജ് എബ്രഹാം സത്യവാചകം ചൊല്ലിക്കൊടുത്തു. ലോന എബ്രഹാം മുൻകാല ഭാരവാഹികൾക്കും ഇലക്ഷൻ കമ്മീഷണർക്കും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾക്കും നന്ദി രേഖപ്പെടുത്തി.