പ്ലാനോ വംശീയ അതിക്രമ കേസ്: വ്യാജ പ്രചാരണം നടത്തിയ അമ്മയ്ക്കും അഭിഭാഷകയ്ക്കും 26 കോടി രൂപ പിഴ

New Update
F

പ്ലാനോ: തൻ്റെ മകൻ വംശീയമായ അതിക്രമത്തിന് ഇരയായെന്ന് സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ പ്രചരണം നടത്തിയ അമ്മയ്ക്കും അഭിഭാഷകയ്ക്കുമെതിരെ കോടതിയുടെ വിധി. പ്ലാനോ സ്വദേശിയായ ആഷർ വാൻ (18) നൽകിയ പരാതിയിൽ, സമ്മർ സ്മിത്ത്, അഭിഭാഷകയായ കിം ടി. കോൾ എന്നിവർ 3.2 ദശലക്ഷം ഡോളർ (ഏകദേശം 26.5 കോടി രൂപ) നഷ്ടപരിഹാരം നൽകണം.

Advertisment

2021-ൽ ഒരു സ്ലീപ് ഓവറിനിടയിൽ(സ്ലീപ്പോവർ) ആഷർ വാനും സുഹൃത്തുക്കളും ചേർന്ന് സമ്മർ സ്മിത്തിന്റെ മകന് മൂത്രം കലർത്തിയ പാനീയം നൽകിയെന്നതായിരുന്നു വിവാദം. ഇതിനെ വംശീയ അതിക്രമമായും ക്രൂരമായ മർദ്ദനമായും ചിത്രീകരിച്ച് സമ്മർ സ്മ‌ിത്ത് സമൂഹമാധ്യമത്തിൽ ക്യാംപെയ്ൻ നടത്തി. ഇത് ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുകയും ആഷറിനും കുടുംബത്തിനുമെതിരെ വലിയ തോതിലുള്ള ഭീഷണികൾക്കും ആക്രമണങ്ങൾക്കും കാരണമാവുകയും ചെയ്തു.

അതേസമയം, കുട്ടിയുടെ ചികിത്സയ്ക്കും പഠനത്തിനുമായി ഗോഫണ്ട്‌മി വഴി പിരിച്ചെടുത്ത 1.19 ലക്ഷം ഡോളർ, സമ്മർ സ്‌മിത്തും അഭിഭാഷകയും ആഡംബര ജീവിതത്തിനായി ചെലവഴിച്ചതായി തെളിവുകൾ പുറത്തുവന്നു. ആഷറിന്റെ സ്വകാര്യത ലംഘിച്ചതിനും മനഃപൂർവം മാനസിക വിഷമം ഉണ്ടാക്കിയതിനും ജൂറി പ്രതികളെ കുറ്റക്കാരായി വിധിച്ചു.

തൻ്റെ മേൽ വർഷങ്ങളായി ഉണ്ടായിരുന്ന കരിനിഴൽ ഒഴിഞ്ഞുപോയെന്നും ഈ വിധി വലിയ ആശ്വാസമാണെന്നും ആഷർ വാൻ പ്രതികരിച്ചു. എന്നാൽ വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് സമ്മർ സ്‌മിത്ത് അറിയിച്ചു.

Advertisment