/sathyam/media/media_files/2025/04/19/iAfg9Vl9PfnbxBPA1kNM.jpg)
വാഷിങ്ടൻ: കോൺഗ്രസ് മുൻപ് അനുവദിച്ച 4 ബില്യൻ ഡോളർ വിദേശ സഹായം തടഞ്ഞുവയ്ക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അനുമതി നൽകി യുഎസ് സുപ്രീം കോടതി. ഭരണഘടനാപരമായ ‘ചെലവഴിക്കാനുള്ള അധികാരം’ സംബന്ധിച്ച നിയമപോരാട്ടത്തിൽ ട്രംപിന് മുൻതൂക്കം നൽകുന്നതാണ് വെള്ളിയാഴ്ച പുറത്തുവന്ന ഈ വിധി. ഫണ്ട് ചെലവഴിക്കാതെ തടഞ്ഞുവയ്ക്കുന്ന വിവാദപരമായ ‘പോക്കറ്റ് റിസഷൻ’ എന്ന ട്രംപിന്റെ നടപടിക്ക് ഈ വിധി താൽകാലികമായി അനുമതി നൽകുന്നു.
ഫണ്ടുകൾ റദ്ദാക്കാൻ കോൺഗ്രസ് പ്രത്യേകമായി അംഗീകാരം നൽകിയില്ലെങ്കിലും പണച്ചെലവ് തടയാൻ ഈ തന്ത്രം ട്രംപിനെ സഹായിക്കും. സർക്കാർ അടച്ചുപൂട്ടൽ ഒഴിവാക്കാനുള്ള സെപ്റ്റംബർ 30ലെ സമയപരിധി അടുത്തുവരുന്ന സാഹചര്യത്തിൽ ഈ വിധി പ്രധാനമാണ്. കോൺഗ്രസ് അംഗീകരിക്കുന്ന ഫണ്ടുകൾ പോലും ചെലവഴിക്കാൻ ട്രംപ് വിസമ്മതിച്ചേക്കാം എന്ന സാധ്യത ഡെമോക്രാറ്റുകളുമായുള്ള ചർച്ചകളെ കൂടുതൽ സങ്കീർണ്ണമാക്കിയേക്കും.
ട്രംപിന്റെ നടപടിക്കെതിരെ വിദേശ സഹായ ഗ്രൂപ്പുകൾ നൽകിയ കേസിൽ, ഹർജിക്കാർക്ക് നിയമപരമായി കേസ് നൽകാൻ അവകാശമില്ലെന്ന ട്രംപ് ഭരണകൂടത്തിന്റെ വാദത്തോട് കോടതിക്ക് പ്രാഥമികമായി യോജിപ്പുണ്ടെന്നാണ് സൂചന. മൂന്ന് ലിബറൽ ജഡ്ജിമാർ വിധിയോട് വിയോജിപ്പ് രേഖപ്പെടുത്തി. വിദേശനയം പോലെ പ്രസിഡന്റിന് വിശാലമായ അധികാരമുള്ള വിഷയമായതുകൊണ്ടാണ് ഈ നടപടിക്ക് സാധ്യത ലഭിച്ചതെന്നും കോടതി നിരീക്ഷിച്ചു. വിഷയം കീഴ്കോടതികളിൽ തുടരുമെങ്കിലും സുപ്രീം കോടതിയുടെ ഈ ഇടപെടൽ ട്രംപിന് വലിയ ആശ്വാസമായി.