യു എസിൽ മദ്യലഹരിയിൽ ഇന്ത്യൻ യുവാവിനെ വെടിവച്ചു തളർത്തിയ പോലീസ് ഓഫിസർക്കു 10 വർഷം തടവ്

New Update
B

മദ്യപിച്ചു വെളിവില്ലാതെ യുവ ഇന്ത്യൻ ബിസിനസ് ഉടമയെ വെടിവച്ച എൻ വൈ പി ഡി മുൻ ഓഫിസറെ ന്യൂ ജേഴ്സി സുപ്പീരിയർ കോടതി 10 വർഷത്തെ തടവിനു ശിക്ഷിച്ചു. വെടിയേറ്റ കിഷൻ പട്ടേൽ (30) പൂർണമായ തളർച്ച ബാധിച്ചു ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കിടപ്പാണ്.

Advertisment

മൂന്നു വർഷം സർവീസുള്ള ഹിയു ട്രാൻ എന്ന ഓഫിസറെ എൻ വൈ പി ഡി കഴിഞ്ഞ മാസം പിരിച്ചു വിട്ടിരുന്നു. വധശ്രമക്കുറ്റം ട്രാൻ കോടതിയിൽ സമ്മതിക്കയുണ്ടായി.

ട്രാഫിക് തർക്കത്തെ തുടർന്നു കാംഡെൻ കൗണ്ടിയിൽ റൂട്ട് 73ൽ ചുവപ്പു സിഗ്നലിൽ നിൽക്കുമ്പോൾ പട്ടേലിന്റെ കാറിനു സമീപം നിർത്തി ട്രാൻ തുരുതുരാ വെടിവയ്ക്കുകയായിരുന്നു. യുവാവിന്റെ തലയ്ക്കു പിന്നിലാണ് വെടിയേറ്റത്. ട്രാൻ മുന്നോടു ഓടിച്ചു പോയി മറ്റൊരു വാഹനത്തിൽ ഇടിച്ച ശേഷം ഓടിച്ചു പോയി. ആ വാഹനത്തിൽ ഉണ്ടായിരുന്ന നഴ്സിനും ഗുരുതരമായി പരുക്കേറ്റു.

ഡാൻ ഗൗഗൻ എന്ന യുവതിയുമായി പട്ടേലിന്റെ വിവാഹം ഉറപ്പിച്ചതിനു പിന്നാലെയാണ് ദുരന്തം ഉണ്ടായത്. കുടുംബ ബിസിനസ് നോക്കി നടത്തുകയായിരുന്നു യുവാവ്. അദ്ദേഹത്തിന് ഇനി നടക്കാനോ സംസാരിക്കാനോ കഴിയുമെന്ന് അറിയില്ലെന്ന് അഭിഭാഷകൻ ജോസെഫ് മറോൺ പറഞ്ഞു. ഒട്ടനവധി എല്ലുകൾ തകർന്ന അദ്ദേഹത്തിനു തലച്ചോറിൽ പ്രാണവായു ലഭിക്കാതെ അവസ്ഥയുണ്ട്. 24 മണിക്കൂറും മെഡിക്കൽ സഹായം ആവശ്യമാണ്.

ജോലിയിൽ അമിത സമ്മർദം അനുഭവിച്ച ട്രാൻ അക്കാര്യം മേലുദ്യോഗസ്ഥരോട് പറഞ്ഞെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നു 'ന്യൂ യോർക്ക് ഡെയിലി ന്യൂസ്' പറഞ്ഞു.

പട്ടേലിനെ വീട്ടിലേക്കു നീക്കി ചികിത്സ നല്കാൻ വീട്ടിൽ $1 മില്യൺ ചെലവഴിച്ചു സംവിധാനങ്ങൾ ഉണ്ടാക്കേണ്ടി വന്നുവെന്നു പട്ടേലിൻ്റെ കുടുംബം പറഞ്ഞു. ജീവിതകാലം മുഴുവൻ ചികിത്സ നൽകേണ്ടി വരും.

Advertisment