ഡാലസിലെ ജിമ്മിൽ വച്ച് സ്ത്രീകളുടെ ചിത്രം പകർത്തി: വയോധികനെ വീട്ടിലെത്തി വെടിവച്ച് കൊന്ന് പൊലീസ്

New Update
K

ഡാലസ്: ജിമ്മിൽ വച്ച് സ്ത്രീകളുടെ ചിത്രം പകർത്തിയെന്ന് ആരോപണം നേരിടുന്ന 71 വയസ്സുകാരനെ പൊലീസ് വെടിവച്ച് കൊന്നു. ഡാലസിലെ കരോൾട്ടണിൽ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. വില്യം മൈക്കൽ ബേൺസാണ് പൊലീസിന്റെ വെടിയേറ്റ് മരിച്ചത്.

Advertisment

പ്രദേശത്തെ ജിമ്മിൽ വച്ച് വില്യം മോശമായ രീതിയിൽ സ്ത്രീകളുടെ ചിത്രങ്ങൾ പകർത്തിയെന്ന് പൊലീസിന് പരാതി ലഭിച്ചിരുന്നു. ഈ പരാതി അന്വേഷിക്കുന്നതിന് പൊലീസ് സംഘം വില്യമിന്റെ വീട്ടിലെത്തി. പൊലീസുകാർ വീട്ടിലെത്തിയപ്പോൾ വില്യം കൈത്തോക്കുമായാണ് പുറത്തേക്ക് വന്നത്. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും തോക്ക് താഴെയിട്ടില്ല. തുടർന്ന് പൊലീസിന് നേരെ തോക്ക് ചൂണ്ടിയപ്പോൾ വെടിയുതിർക്കുകയായിരുന്നു എന്നാണ് പൊലീസ് ഭാഷ്യം. വില്യം സംഭവസ്ഥലത്ത് വച്ച് തന്നെ മരണത്തിന് കീഴടങ്ങി.

വില്യം പൂർണ്ണമായും ബധിരനായിരുന്നുവെന്നും ശ്രവണസഹായി ഇല്ലാതെ കേൾക്കാൻ കഴിയില്ലായിരുന്നുവെന്നും പൊലീസ് റിപ്പോർട്ടിൽ മറച്ചുവെച്ചതായി വില്യമിന്റെ സഹോദരപുത്രി ആരോപിക്കുന്നു. വില്യം ദൈവഭയമുള്ള ആളായിരുന്നുവെന്നും 30 വർഷത്തിലേറെയായി മദ്യപാനം ഉപേക്ഷിച്ച് മാതൃകാപരമായ ജീവിതം നയിക്കുകയായിരുന്നുവെന്നും സഹോദരി റോസി ഫാൽക്കൺ പറഞ്ഞു. ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് നിരക്കാത്തതാണെന്നും അവർ കൂട്ടിച്ചേർത്തു.

സംഭവത്തിൽ ഉൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ വകുപ്പുതല നയമനുസരിച്ച് അഡ്മിനിസ്ട്രേറ്റീവ് ലീവിൽ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്ന് കരോൾട്ടൺ പൊലീസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

Advertisment