/sathyam/media/media_files/2025/12/20/f-2025-12-20-03-51-10.jpg)
പ്രൊവിഡൻസ് ∙ അമേരിക്കയിലെ ബ്രൗൺ യൂണിവേഴ്‌സിറ്റിയിൽ കഴിഞ്ഞ ശനിയാഴ്ചയുണ്ടായ വെടിവയ്പ്പിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയെ മരിച്ച നിലയിൽ കണ്ടെത്തി. പോർച്ചുഗീസ് പൗരനായ ക്ലോഡിയോ നെവെസ് വാലന്റ് (48) ആണ് ന്യൂ ഹാംഷെയറിലെ ഒരു സ്റ്റോറേജ് ഫെസിലിറ്റിയിൽ സ്വയം വെടിവെച്ച് മരിച്ചത്. പൊലീസ് വളഞ്ഞതോടെ ഇയാൾ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
യൂണിവേഴ്‌സിറ്റി ക്യാംപസിലുണ്ടായ വെടിവയ്പ്പിൽ രണ്ട് വിദ്യാർത്ഥികളാണ് കൊല്ലപ്പെട്ടത്. ഉസ്ബെക്കിസ്ഥാൻ സ്വദേശിയായ മുഹമ്മദ് അസീസ് ഉമർസോക്കോവ്, അലബാമ സ്വദേശിനി എല്ല കുക്ക് എന്നിവരാണ് മരിച്ചത്. സംഭവത്തിൽ ഒൻപത് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
വെടിവയ്പ്പിന് പുറമെ, മസാച്ചുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രഫസർ നൂനോ ലോറെയ്‌റോയെ അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് കൊലപ്പെടുത്തിയതിന് പിന്നിലും വാലന്റ് തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ബ്രൗൺ യൂണിവേഴ്‌സിറ്റിയിലെ മുൻ ഫിസിക്‌സ് ഗ്രാജുവേറ്റ് വിദ്യാർത്ഥിയായിരുന്നു വാലന്റ്. വെടിവയ്പ്പ് നടന്ന കെട്ടിടത്തിൽ ഇയാൾ മുൻപ് പഠിച്ചിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി.
പ്രതി വാടകയ്‌ക്കെടുത്ത കാറിനെ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയമായ അന്വേഷണമാണ് പൊലീസിനെ പ്രതിയിലേക്ക് എത്തിച്ചത്. ന്യൂ ഹാംഷെയറിൽ വെച്ച് പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ ജീവനൊടുക്കിയത്. പ്രതി മരിച്ചതോടെ നിലവിൽ പൊതുജനങ്ങൾക്കുള്ള സുരക്ഷാ ഭീഷണി അവസാനിച്ചതായി പ്രൊവിഡൻസ് പൊലീസ് അറിയിച്ചു.
എങ്കിലും, എന്തിനാണ് ഇയാൾ മുൻ സഹപ്രവർത്തകരെയും വിദ്യാർത്ഥികളെയും ലക്ഷ്യം വെച്ചതെന്നോ ആക്രമണത്തിന് പിന്നിലെ കൃത്യമായ പ്രേരണയോ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us