/sathyam/media/media_files/2025/10/17/fcc-2025-10-17-03-45-15.jpg)
ഡാലസ്: എച്ച്-1 ബി വീസ നിയമങ്ങൾക്കെതിരെയും ഇന്ത്യൻ വംശജരുടെ ആഘോഷങ്ങൾക്കെതിരെയും സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം രേഖപ്പെടുത്തിയ യുഎസ് പൗരനെതിരെ വിമർശനം. ഡാലസ് നഗരത്തിലെ ബൗണ്ടറീസ് കോഫി ഉടമ ഡാനിയേൽ കീൻ (30) ആണ് വിവാദ പോസ്റ്റിനെ തുടർന്ന് വിമർശനങ്ങൾ നേരിടുന്നത്. ഇദ്ദേഹത്തിന്റെ പോസ്റ്റിനെ തുടർന്ന് കഫേക്ക് സാമ്പത്തിക നഷ്ടവും വ്യക്തിപരമായ തിരിച്ചടികളും നേരിടേണ്ടി വന്നതായി റിപ്പോർട്ട്.
സെപ്റ്റംബർ 6നാണ് കീൻ വിവാദ പോസ്റ്റ് പ്രസിദ്ധീകരിച്ചത്. 'എന്റെ കുട്ടികൾക്ക് ഇന്ത്യയിലല്ല, അമേരിക്കയിൽ വളരാൻ അവസരം വേണം' എന്ന കുറിപ്പിനൊപ്പം ഗണേഷ് ചതുർഥി ആഘോഷിക്കുന്ന നൂറിലധികം ആളുകളുടെ വിഡിയോയും അദ്ദേഹം പങ്കുവച്ചു. വിഡിയോ പിന്നീട് നീക്കം ചെയ്തെങ്കിലും വംശീയ അധിക്ഷേപം ആരോപിച്ച് കടുത്ത പ്രതിഷേധമാണ് ഉയർന്നത്.
വിമർശനത്തെ തുടർന്ന് കഫേയുടെ ഓൺലൈൻ റേറ്റിങ്ങുകൾക്ക് വലിയ തിരിച്ചടി നേരിട്ടു. ഇതോടെ രണ്ടാഴ്ചയ്ക്കുള്ളിൽ 8,000 ഡോളറിന്റെ (ഏകദേശം 6.6 ലക്ഷം രൂപ) വിൽപന നഷ്ടം ഉണ്ടായതായി കീൻ പറയുന്നു.