സോഹ്രാൻ മംദാനി '100% കമ്മ്യൂണിസ്റ്റ് ഭ്രാന്തൻ' ആണെന്നു പ്രസിഡന്റ് ട്രംപ്

New Update
Vfgcfv

ന്യൂ യോർക്ക് സിറ്റി മേയർ സ്ഥാനത്തേക്കു മത്സരിക്കാനുള്ള ഡെമോക്രാറ്റിക്‌ പ്രൈമറിയിൽ വിജയം നേടിയ ഇന്ത്യൻ വംശജൻ സോഹ്രാൻ മംദാനി '100% കമ്മ്യൂണിസ്റ്റ് ഭ്രാന്തൻ' ആണെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിശേഷിപ്പിച്ചു. യാതൊരു മിടുക്കുമില്ലാത്ത തരം താണ നേതാവാണ് മംദാനിയെന്നു ട്രംപ് പറഞ്ഞു.

Advertisment

"ഒടുവിൽ ഡെമോക്രറ്റുകൾ അതിരു കടന്നു," ട്രംപ് ട്രൂത് സോഷ്യലിൽ കുറിച്ചു. നമുക്ക് തീവ്രവാദി ഇടതുപക്ഷക്കാർ മുൻപും ഉണ്ടായിട്ടുണ്ട്; പക്ഷെ ഇത് പരിഹാസ്യം തന്നെ. നമ്മുടെ രാജ്യത്തിൻറെ ചരിത്രത്തിൽ അസാമാന്യ മുഹൂർത്തം തന്നെ."

ട്രംപിന്റെ അനുയായികൾ മംദാനിക്കെതിരെ കടന്നാക്രമണം നടത്തി. 'ഹമാസ് ഭീകരവാദി, ജിഹാദി ഭീകരൻ' എന്നൊക്കെ അവർ അദ്ദേഹത്തെ വിളിച്ചു. നാട് കടത്തണമെന്നു ആവശ്യപ്പെട്ടവരിൽ കോൺഗ്രസ് അംഗങ്ങളുമുണ്ട്.

ടെന്നസിയിൽ നിന്നുള്ള റെപ്. ആൻഡി ഓഗ്‌ളസ് (റിപ്പബ്ലിക്കൻ) പറഞ്ഞു: "സോഹ്രാൻ 'കൊച്ചു മുഹമ്മദ്' മംദാനി യഹൂദ വിദ്വേഷിയാണ്, സോഷ്യലിസ്റ്റാണ്, കമ്മ്യൂണിസ്റ്റാണ്. അയാൾ മഹാനഗരമായ ന്യൂ യോർക്ക് നശിപ്പിക്കും. അതിനു മുൻപേ അയാളെ നാട് കടത്തണം."

കൂട്ട നാടുകടത്തലിന്റെ ശില്പിയും വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫുമായ സ്റ്റീഫൻ മില്ലർ പറഞ്ഞു: "കുടിയേറ്റം നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഒരു സമൂഹത്തിനു സംഭവിക്കാവുന്നത് എന്താണെന്നതിന്റെ ഏറ്റവും വ്യക്തമായ സൂചനയാണ് ന്യൂ യോർക്കിൽ കണ്ടത്."

ന്യൂ യോർക്ക് റെപ്. എലീസ് സ്‌റ്റെഫാനിക് മംദാനിയെ 'ഹമാസ് ഭീകര അനുയായി' എന്നു വിളിച്ചു.

ട്രംപിനോട് അടുപ്പമുളള തീവ്ര വലതുപക്ഷ ആക്ടിവിസ്റ്റ് ലോറ ലൂമർ പറഞ്ഞു: "മറ്റൊരു 9/ 11 ന്യൂ യോർക്കിൽ ഉണ്ടാവും."

യുഎസ് പൗരനാണെങ്കിലും മംദാനിയെ നാടുകടത്തണമെന്നു ന്യൂ യോർക്ക് സിറ്റി കൗൺസിൽ അംഗം വിക്കി പലദിനോ ആവശ്യപ്പെട്ടു. "അയാൾ അറിയപ്പെട്ട ജിഹാദി ഭീകരനാണ്, കമ്മ്യൂണിസ്റ്റാണ്."

ഡോണൾഡ്‌ ട്രംപ് ജൂനിയറും ആക്രമണത്തിൽ പങ്കെടുത്തു. "ന്യൂ യോർക്ക് സിറ്റി വീണു."

തീവ്ര വലതുപക്ഷ റെപ്. മാർജോറി ടെയ്‌ലർ ഗ്രീൻ നഗരത്തിലെ സ്റ്റാച്യു ഓഫ് ലിബർട്ടി കറുത്ത ബുർഖയിൽ പൊതിഞ്ഞ എ ഐ ചിത്രം ഇന്റർനെറ്റിൽ കയറ്റി.

മുസ്ലിം വിദ്വേഷമെന്നു ആക്ഷേപം

മംദാനി ഉൾപ്പെടെ മുസ്ലിം സ്ഥാനാർഥികൾക്കെതിരെ നടക്കുന്ന ആക്രമണം തെളിയിക്കുന്നത് മുസ്ലിം വിദ്വേഷമാണെന്ന് കൗൺസിൽ ഓഫ് അമേരിക്കൻ ഇസ്ലാമിക് റിലേഷൻ (സി എ ഐ ആർ) ചൂണ്ടിക്കാട്ടി.

മംദാനിക്കെതിരെ നിരവധി വധഭീഷണികളും ഉയർന്നു. കാറിൽ ബോംബ് വയ്ക്കുമെന്ന ഭീഷണിയും പ്രചാരണത്തിനിടയിൽ ഉണ്ടായി.

"മരിച്ച മുസ്ലിം മാത്രമേ നല്ല മുസ്ലിം ആകുന്നുള്ളൂ എന്നു ചൂണ്ടിക്കാട്ടുന്ന മെസേജുകൾ എനിക്കു കിട്ടി," മംദാനി പറഞ്ഞു. "എന്നെ സ്നേഹിക്കുന്നവർക്കും വധഭീഷണിയുണ്ട്."

Advertisment