പാക്ക് സൈനിക മേധാവി മുനീറുമായി പ്രസിഡന്റ് ട്രംപ് രണ്ടു മണിക്കൂറിലേറെ ചർച്ച നടത്തിയെന്നു പാക്ക് സൈന്യം

New Update
Jhgft

പാക്കിസ്ഥാൻ സൈനിക മേധാവി അസീം മുനീറുമായി പ്രസിഡന്റ് ഡോണാൾഡ്‌ ട്രംപ് രണ്ടു മണിക്കൂർ ചർച്ച നടത്തിയെന്നു പാക്ക് സൈന്യത്തിന്റെ മാധ്യമ വിഭാഗമായ ഐ എസ് പി ആർ അവകാശപ്പെട്ടു. വൈറ്റ് ഹൗസ് ഈ കൂടിക്കാഴ്ചയെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല.

Advertisment

പ്രോട്ടോക്കോൾ മാറ്റിവച്ചാണ് പ്രസിഡന്റോ പ്രധാനമന്ത്രിയോ അല്ലാത്ത ഒരാളെ യുഎസ് പ്രസിഡന്റ് ഉച്ചഭക്ഷണം ഒരുക്കി സ്വീകരിക്കുന്നത്. സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോ, ട്രംപിന്റെ മിഡിൽ ഈസ്റ്റ് സ്പെഷ്യൽ എൻവോയ് സ്റ്റീവ് വിറ്റ്കോഫ് എന്നിവരും പങ്കെടുത്തു എന്നാണ് സൂചന. മുനീറിനൊപ്പം പാക്ക് ചാര സംഘടനയായ ഐ എസ് ഐ യുടെ തലവൻ ലെഫ് ജനറൽ മുഹമ്മദ് അസീം മാലിക്കും ഉണ്ടായിരുന്നു.

ഐ എസ് പി ആർ പറഞ്ഞു: "ഒരു മണിക്കൂർ നേരത്തേക്കു വച്ചിരുന്ന കൂടിക്കാഴ്ച്ച രണ്ടു മണിക്കൂറിലേറെ നീണ്ടത് അതിന്റെ സൗഹൃദ അന്തരീക്ഷവും ചർച്ചകളുടെ ആഴവും വ്യക്തമാക്കുന്നു."

വ്യാപാരം, സാമ്പത്തിക വികസനം, ഖനനം, ധാതുനിക്ഷേപങ്ങൾ ഊർജം, ക്രിപ്റ്റോ കറൻസി, വികസ്വര സാങ്കേതിക വിദ്യകൾ എന്നിങ്ങനെ നിരവധി വിഷയങ്ങൾ ചർച്ച ചെയെതെന്നു അവർ അവകാശപ്പെട്ടു. "പരസ്പരം പ്രയോജനപ്പെടുന്ന വ്യാപാര ബന്ധം പാക്കിസ്ഥാനുമായി ഉണ്ടാക്കുന്നതിൽ പ്രസിഡന്റ് ട്രംപ് താല്പര്യം പ്രകടിപ്പിച്ചു. ആഗോള സമൂഹത്തിന്റെ ആവശ്യങ്ങൾ മനസിലാക്കി മികച്ച നേതൃത്വം നല്കാൻ ട്രംപിനു കഴിയുമെന്നു അസീം മുനീർ ചൂണ്ടിക്കാട്ടി."

മാധ്യങ്ങളോട് ട്രംപ് പറഞ്ഞത് ഇങ്ങിനെ ആയിരുന്നു: "യുദ്ധം അവസാനിപ്പിച്ചതിനു നന്ദി പറയാനാണ് ഞാൻ അദ്ദേഹത്തെ സ്വീകരിച്ചത്. പാക്കിസ്ഥാന്റെ ഭാഗത്തു നിന്ന് യുദ്ധം നിർത്താൻ ഏറ്റവും സഹായിച്ചത് ഈ മനുഷ്യനാണ്."

എന്നാൽ പാക്കിസ്ഥാന്റെ സിവിലിയൻ നേതൃത്വം നിലവിലുള്ളപ്പോൾ അവരെ അവഗണിച്ചു സൈനിക നേതാവിനെ ക്ഷണിച്ചു വരുത്തുന്നത് ഒരു യുഎസ് പ്രസിഡന്റും ചെയ്തിട്ടില്ലാത്ത കാര്യമാണ്. ഇന്ത്യയുടെ 'ഓപ്പറേഷൻ സിന്ദൂർ' ഉണ്ടായ സമയത്തു തന്നെ ട്രംപ് ഭരണകൂടം പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ തഴഞ്ഞു മുനീറുമായി ബന്ധം സ്ഥാപിച്ചിരുന്നു.

വൈറ്റ് ഹൗസ് വക്താവ് അന്നാ കെല്ലി പറഞ്ഞത് ട്രംപിനെ നൊബേൽ സമാധാന സമ്മാനത്തിനു മുനീർ നിർദേശിച്ചതാണ് അദ്ദേഹത്തെ ക്ഷണിക്കാൻ കാരണമായത് എന്നാണ്.

Advertisment