ന്യൂയോർക്ക് കൊളംബിയ സർവകലാശാലയിൽ പലസ്തീൻ അനുകൂല പ്രതിഷേധത്തിൽ പങ്കെടുത്ത 50-ൽ അധികം വിദ്യാർത്ഥികളെ ന്യൂയോർക്ക് പൊലീസ് അറസ്റ്റ് ചെയ്തു. ബട്ലർ ലൈബ്രറിക്ക് പുറത്ത് ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്മെന്റിന്റെ വാനുകളിലും ബസുകളിലുമായാണ് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു നീക്കിയത്. ക്യാംപസിൽ നിന്ന് പോകാൻ വിസമ്മതിച്ച മറ്റ് പ്രതിഷേധക്കാരെയും പൊലീസ് വളഞ്ഞു.
ഗാസ -ഇസ്രയേൽ യുദ്ധത്തിനെതിരെ കഴിഞ്ഞ വർഷം നടന്ന പ്രതിഷേധങ്ങളുടെ അലയൊലികൾക്ക് ശേഷം ക്യാംപസിൽ നടന്ന ഏറ്റവും വലിയ പലസ്തീൻ അനുകൂല പ്രകടനങ്ങളിലൊന്നായിരുന്നു ഇത്. ഗാസയെ സ്വതന്ത്രമാക്കുക എന്ന ബാനറുകൾ പിടിച്ച മുഖംമൂടി ധരിച്ച പ്രതിഷേധക്കാരുടെ വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.