സ്കോട്ലൻഡിൽ അഞ്ചു ദിവസത്തെ സന്ദർശനത്തിനെത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ആബെർഡീൻ, എഡിൻബറ നഗരങ്ങളിൽ ശനിയാഴ്ച്ച പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറി.
സൗത്ത് അയർഷയറിൽ ട്രംപ് ടേൺബറി റിസോർട്ടിനു ചുറ്റും സുരക്ഷ ശക്തമാക്കിയതായി പോലീസ് അറിയിച്ചു. ട്രംപിനെതിരെ വധശ്രമം ഉണ്ടായിട്ടുള്ളതിനാൽ ഒരു ഭീഷണിയും നിസാരമാക്കാൻ കഴിയില്ലെന്നു അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ എമ്മാ ബോണ്ട് പറഞ്ഞു.
ബ്രിട്ടന്റെ മറ്റു ഭാഗങ്ങളിൽ നിന്നും പോലീസിനെ വിളിച്ചിട്ടുണ്ട്. "സ്കോട്ടിഷ് പോലീസ് നേരിട്ടിട്ടുള്ള ഏറ്റവും സങ്കീർണമായ വെല്ലുവിളികളിൽ ഒന്നാണിത്. ചെലവും ഭീമമാണ്."
'യു കെ സ്റ്റോപ്പ് ട്രമ്പ് കോളിഷൻ' എന്ന സംഘടന ശനിയാഴ്ച്ച ടിക്ടോക്കിൽ കയറ്റിയ വിഡിയോയ്ക്കു നൽകിയ അടിക്കുറിപ്പ് ഇങ്ങിനെ: "ആബെർഡീൻ ഡോണൾഡ് ട്രംപിന്റെ ഗോൾഫ് കളിക്കാനുളള സന്ദർശനത്തിനെതിരെ പ്രതിഷേധം കൊണ്ടു നിറയുകയാണ്."
"ഫെലോൺ 47 നോട്ട് വെൽക്കം ഹെർ" എന്നെഴുതിയ ബോർഡുകൾ പ്രതിഷേധക്കാർ ഉയർത്തിപ്പിടിച്ചു. ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമൊത്തുള്ള ട്രംപിന്റെ ചിത്രങ്ങളും അവർ കാട്ടി.
മധ്യ ആബർഡീനിൽ വില്യം വാലസ് പ്രതിമയ്ക്കു സമീപം തിങ്ങിക്കൂടിയ നൂറു കണക്കിനു പ്രതിഷേധക്കാരിൽ പരിസ്ഥിതി സംരക്ഷണ വാദികളും ന്യൂനപക്ഷ അവകാശ വാദികളും ഉണ്ടായിരുന്നു. സ്കോട്ടിഷ് ഗ്രീൻ നേതാവ് പാട്രിക് ഹാർവി അവരോടു സംസാരിച്ചു.
ഗാസയിലെ മാനുഷിക ദുരിതത്തെ കുറിച്ചും അവർ ആശങ്ക പ്രകടിപ്പിച്ചു. ട്രംപിന്റെ വിഭജന രാഷ്ട്രീയത്തെ എതിർക്കാൻ ബ്രിട്ടന്റെ നാനാഭാഗത്തു നിന്നും പ്രതിഷേധക്കാർ സംഘടിച്ചിട്ടുണ്ടെന്നു 'സ്കോലൻഡ് എഗൈൻസ്റ്റ് ട്രമ്പ്' എന്ന സഖ്യത്തിന്റെ വക്താവ് ക്രിസ്റ്റി ഹായ് പറഞ്ഞു. കളങ്കപ്പെട്ട പ്രതിച്ഛായ വെടിപ്പാക്കാൻ ട്രംപ് എന്തിനാണ് സ്കോട്ലൻഡിലേക്കു വന്നതെന്ന് അവർ ചോദിച്ചു.
ജൂലൈ 29 വരെ സ്കോട്ലൻഡിൽ കഴിയുന്ന ട്രംപ് ടേൺബറി റിസോർട്ടിലും ആബെർഡീൻഷയറിലെ ട്രംപ് ഇന്റർനാഷണലിലും സമയം ചെലവഴിക്കുന്നതിനിടയിൽ യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലേയെൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി കിയാ സ്റ്റാർമർ, സ്കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ ജോൺ സ്വിനി എന്നിവരുമായി അനൗപചാരിക ചർച്ചകൾ നടത്തും.