/sathyam/media/media_files/2026/02/21/d-2026-02-21-04-20-17.jpg)
വാഷിങ്ടൻ: അഭയാർഥികളെ ഡോണൾഡ് ട്രംപ് ഭരണകൂടം നാടുകടത്തിയതായി റിപ്പോർട്ട്. ഒമ്പത് അഭയാർഥികളെ ആഫ്രിക്കൻ രാജ്യമായ കാമറൂണിലേക്ക് നാടുകടത്തിയതായിട്ടാണ് റിപ്പോർട്ട്. ലൂസിയാനയിൽ നിന്നു വിമാനത്തിൽ കയറ്റുമ്പോൾ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് അറിയില്ലായിരുന്നുവെന്ന് നാടുകടത്തപ്പെട്ടവർ വെളിപ്പെടുത്തി. കാമറൂണുമായി ബന്ധമില്ലാത്തവരാണ് നാടുകടത്തപ്പെട്ടവർ.
യാവുണ്ടെയിലെ സർക്കാർ കോമ്പൗണ്ടിലാണ് അഭയാർഥികളെ പാർപ്പിച്ചിരിക്കുന്നത്. മാതൃരാജ്യത്തേക്ക് മടങ്ങാൻ സമ്മതിച്ചാൽ യാവുണ്ടെയിൽ നിന്ന് പുറത്തുപോകാൻ അനുവദിക്കുമെന്ന് അധികൃതർ അഭയാർഥികളെ അറിയിച്ചു. എൽ സാൽവദോർ, റുവാണ്ട, ഘാന തുടങ്ങിയ രാജ്യങ്ങൾക്ക് അഭയാർഥികളെ പാർപ്പിക്കുന്നതിനായി അമേരിക്ക ദശലക്ഷക്കണക്കിന് ഡോളർ നൽകുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇക്വറ്റോറിയൽ ഗിനിയക്ക് ഇതിനായി 7.5 ദശലക്ഷം ഡോളർ നൽകിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പാഴ്സലുകളെപ്പോലെ മറ്റൊരു രാജ്യത്ത് തള്ളിയിടുകയായിരുന്നെന്ന് സിംബാബ്‌വെയിൽ നിന്നുള്ള ഒരു അഭയാർഥി പ്രതികരിച്ചു. മാതൃരാജ്യത്തെ പീഡനം ഭയന്നാണ് ഇവർ അമേരിക്കയിൽ അഭയം തേടിയത്. എന്നാൽ കാമറൂണിൽ എത്തിയതോടെ ഇവരുടെ ഭാവിയും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഈ നടപടിക്കെതിരെ ഡെമോക്രാറ്റിക് സെനറ്റർമാർ രംഗത്തെത്തിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us