അനധികൃത കുടിയേറ്റക്കാർക്കെതിരെ ഇമിഗ്രെഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐ സി ഇ) നടത്തുന്ന റെയ്‌ഡുകളിൽ പ്രതിഷേധിച്ചു വെള്ളിയാഴ്ച്ച ആരംഭിച്ച പ്രകടനങ്ങൾ ലോസ് ഏഞ്ചലസിൽ തുടരുന്നതിനിടെ തിങ്കളാഴ്ച്ച അവ കൂടുതൽ യുഎസ് നഗരങ്ങളിലേക്കു വ്യാപിക്കയും ചെയ്തു.
ലോസ് ഏഞ്ചലസിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നാഷനൽ ഗാർഡുകളെ വിന്യസിക്കയും മറീനുകൾ വരാൻ ഉത്തരവ് നൽകുകയും ചെയ്‌തെങ്കിലും തെരുവുകൾ ശാന്തമായില്ല. അതിനിടെയാണ് അവിടന്ന് 50 കിലോമീറ്റർ മാറി ഓറഞ്ച് കൗണ്ടിയിലെ സാന്ത അനയിൽ പ്രകടനങ്ങൾ പൊട്ടിപ്പുറപ്പെട്ടത്.
ന്യൂ യോർക്ക് സിറ്റി, ടെക്സസിൽ ഓസ്റ്റിൻ എന്നിവിടങ്ങളിലും പ്രകടനങ്ങൾ ഉണ്ടായി. സാൻ ഫ്രാൻസിസ്‌കോ, ഹ്യുസ്റ്റൺ, സാൻ അന്റോണിയോ, ഷിക്കാഗോ എന്നിവിടങ്ങളിലും പ്രകടനങ്ങൾ അരങ്ങേറി.
സാന്ത അനയിൽ ഫെഡറൽ ബിൽഡിങ്ങിനു സമീപം ആയിരത്തോളം പേർ പ്രകടനം നടത്തി. ഒട്ടേറെപ്പേരെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച്ച രാത്രി ആരംഭിച്ച പ്രകടനങ്ങൾക്കിടയിൽ പലർക്കും പരുക്കേറ്റതായി റിപ്പോർട്ടുകളിൽ കാണുന്നു. 300,000 പേർ ജീവിക്കുന്ന നഗരത്തിൽ രാവിലെ വ്യാപകമായി റെയ്‌ഡ് നടത്തിയിരുന്നു. ജോലി കാത്തു നിൽക്കുന്ന തൊഴിലാളികളെയാണ് ഐ സി ഇ ലക്‌ഷ്യം വച്ചതെന്നു 'ഓറഞ്ച് കൗണ്ടി റജിസ്റ്റർ' റിപ്പോർട്ടിൽ പറഞ്ഞു.
ഇരുനൂറോളം പേർ കൊടികളും പറത്തി ഐ സി ഇ ഉൾപ്പെടെയുള്ള ഓഫിസുകൾ പ്രവർത്തിക്കുന്ന ഫെഡറൽ കെട്ടിടത്തിനു മുന്നിൽ തടിച്ചു കൂടി. പോലീസ് ജനക്കൂട്ടത്തിനു നേരെ ടിയർ ഗ്യാസ് അടിച്ചതോടെ സംഘർഷം രൂക്ഷമായി.
ന്യൂ യോർക്ക് നഗരത്തിൽ മൻഹാട്ടനിലെ ട്രംപ് ടവറിന്റെ ലോബിയിൽ കടന്നാണ് രണ്ടു ഡസനോളം പേർ പ്രകടനം നടത്തിയത്. എൽ സാൽവദോറിലെ കുപ്രസിദ്ധമായ സെക്കോട്ട് ജയിലിൽ അടച്ചവരെ മോചിപ്പിക്കണം എന്ന ആവശ്യമാണ് അവർ ഉയർത്തിയത്.
ലോവർ മൻഹാട്ടനിൽ ജേക്കബ് ജെ. ഹവിറ്റ്സ് ഫെഡറൽ കെട്ടിടത്തിനു പുറത്തു തടിച്ചു കൂടിയ പ്രകടനക്കാരെ രാഷ്ട്രീയ-യൂണിയൻ നേതാക്കൾ അഭിസംബോധന ചെയ്തെന്നു 'ദ ഇൻഡിപെൻഡന്റ്' പറയുന്നു. ലോസ് ഏഞ്ജലസ് മോഡൽ പ്രകടനങ്ങൾ ന്യൂ യോർക്കിൽ അനുവദിക്കില്ലെന്നു മേയർ എറിക് ആഡംസ് താക്കീതു നൽകി.
ഓസ്റ്റിനിൽ പ്രകടനങ്ങൾ കടുത്തതോടെ പോലീസ് പെപ്പർ സ്പ്രേയും ടിയർ ഗ്യാസും ഉപയോഗിച്ചു എന്നാണ് റിപ്പോർട്ട്. ടെക്സസ് ക്യാപിറ്റോൾ കെട്ടിടത്തിനു സമീപത്തു നിന്നു ജെ ജെ പിക്കിൾ ഫെഡറൽ ബിൽഡിങ് വരെ പ്രകടനക്കാർ മാർച്ച് ചെയ്തു.