/sathyam/media/media_files/2025/08/15/nbvgvc-2025-08-15-03-09-13.jpg)
യുഎസ്-റഷ്യ ഉച്ചകോടി വെള്ളിയാഴ്ച്ച അലാസ്‌കയിൽ നടക്കാനിരിക്കെ, പ്രസിഡന്റ് ഡോണൾഡ് ട്രംപും അദ്ദേഹത്തിന്റെ ഭരണകൂടവും യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ നടത്തുന്ന 'ഊർജിതവും ആത്മാർഥവുമായ' ശ്രമങ്ങളെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പ്രശംസിച്ചു. യുഎസ്-റഷ്യ ആണവ കരാർ അടുത്ത വർഷം ആദ്യം അവസാനിക്കാനിരിക്കെ, പുതിയൊരു കരാറിന് ഉച്ചകോടിയിൽ വഴി തുറക്കാമെന്നും അദ്ദേഹം സി എൻ എൻ ടെലിവിഷനിൽ സൂചിപ്പിച്ചു.
എന്നാൽ യുക്രൈൻ യുദ്ധത്തിൽ എന്തു നിലപാടാണ് കൈക്കൊള്ളുക എന്നു പുട്ടിൻ വ്യക്തമായി പറഞ്ഞില്ല.
അതേ സമയം, ഇരു രാജ്യങ്ങളും തമ്മിലും യൂറോപ്പിലും ലോകത്തു ഒട്ടാകെയും സമാധാനം ഉണ്ടാക്കാൻ ദീർഘകാല വ്യവസ്ഥകൾ ആങ്കറേജിൽ നടക്കുന്ന ചർച്ചയിൽ ഉണ്ടാകാമെന്നു അദ്ദേഹം മുതിർന്ന ഉദ്യോഗസ്ഥരോടു പറഞ്ഞത് ശുഭ സൂചനയായി.
ആണവായുധങ്ങൾ നിയന്ത്രിക്കുന്നത് സംബന്ധിച്ചു യോജിപ്പുണ്ടായാൽ സമാധാന കരാർ സാധ്യമാവാം എന്നു പുട്ടിൻ പറഞ്ഞു. 2011ൽ ഒപ്പുവച്ച സ്റ്റാർട്ട് എന്ന ആണവ കരാർ 2026 ഫെബ്രുവരിയിൽ കഴിയും. യുക്രൈൻ യുദ്ധം മൂന്നു വർഷം പിന്നിട്ടതിനിടയിൽ പലകുറി അണ്വായുധ ഭീഷണി പുട്ടിൻ ഉയർത്തിയിട്ടുണ്ട്. പുതിയ കരാർ ഉണ്ടാവണമെങ്കിൽ യുദ്ധം തീരണം.
സ്റ്റാർട്ട് അനുസരിച്ചു ഒരു രാജ്യത്തിനും 1,550 ആണവ ആയുധങ്ങളിൽ കൂടുതൽ പാടില്ല. മിസൈലുകളോ ബോംബറുകളോ 700ൽ കൂടുതൽ പാടില്ല.
പുട്ടിനെ വിശ്വസിക്കാൻ കൊള്ളില്ലെന്നു ട്രംപ് തന്നെ പറഞ്ഞിട്ടുണ്ട്. "അദ്ദേഹം വളരെ നന്നായി പെരുമാറും, പക്ഷെ അതിൽ അർഥമില്ലെന്നാണ് എപ്പോഴും കാണുന്നത്."