മിഡിൽ ഈസ്റ്റ് യുദ്ധം അവസാനിപ്പിക്കേണ്ടത് അത്യാവശ്യമെന്നു പുട്ടിൻ ട്രംപിനോട്

New Update
Gvhbvg

ജന്മദിന ആശംസകൾ നേരാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ശനിയാഴ്ച്ച തന്നെ വിളിച്ചെന്നും ഇറാൻ-ഇസ്രയേൽ യുദ്ധം അവസാനിപ്പിക്കേണ്ടത് ആവശ്യമെന്നു അദ്ദേഹം ചൂണ്ടിക്കാട്ടിയെന്നും പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് അറിയിച്ചു.

Advertisment

ഇസ്രയേലിന്റെ ആക്രമണത്തെ അപലപിച്ചു പുട്ടിൻ സംസാരിച്ചതായി അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. 

"ഇസ്രയേൽ-ഇറാൻ യുദ്ധം അവസാനിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഞാനും അങ്ങിനെ തന്നെയാണ് ചിന്തിക്കുന്നത്," ട്രംപ് ട്രൂത് സോഷ്യലിൽ കുറിച്ചു. ഇറാനെ പുട്ടിനു 'നന്നായി അറിയാം' എന്നു ട്രംപ് പറഞ്ഞു.

ഒരു മണിക്കൂറോളം നീണ്ട സംഭാഷണത്തിനിടയിൽ റഷ്യ-യുക്രൈൻ യുദ്ധം അവസാനിക്കണമെന്നു താൻ പുട്ടിനോടും പറഞ്ഞു. എന്നാൽ അതേപ്പറ്റി ദീർഘമായി സംസാരിച്ചില്ല. "അടുത്ത ആഴ്ചത്തേക്കു വച്ചു."

പുട്ടിന്റെ വക്താവ് യൂറി ഉഷക്കോവ് പറഞ്ഞു: "സംഭാഷണം ഉൾക്കനമുള്ളതും ആത്മാർത്ഥവും വളരെ പ്രയോജനകരവും ആയിരുന്നു. സ്വാഭാവികമായും, മിഡിൽ ഈസ്റ്റിൽ ഗുരുതരമാവുന്ന സ്ഥിതിവിശേഷത്തിലാണ് അവർ ശ്രദ്ധ കേന്ദ്രീകരിച്ചത്."

പുട്ടിൻ ഇസ്രയേൽ നടത്തിയ ആക്രമണത്തെ അപലപിച്ചെന്നും അതിനു മിഡിൽ ഈസ്റ്റിലാകെ പ്രവചിക്കാൻ കഴിയാത്ത പ്രത്യാഘാതങ്ങൾ ഉണ്ടാവുമെന്നു ചൂണ്ടിക്കാട്ടിയെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

സംഘർഷം മൂർച്ഛിക്കാൻ ഇട നൽകരുതെന്നും മധ്യസ്ഥ ചർച്ചകൾക്ക് റഷ്യ തയാറാണെന്നും പുട്ടിൻ ട്രംപിനോടു പറഞ്ഞു.

ആണവ ചർച്ചകൾ വീണ്ടും തുടങ്ങാൻ യുഎസ് തയാറാണെന്നു ട്രംപ് പറഞ്ഞു.

ചർച്ച റദ്ദാക്കിയെന്നു ഒമാൻ

യുഎസും ഇറാനും തമ്മിലുള്ള ആണവകരാർ ചർച്ചയുടെ ആറാം റൗണ്ട് ഞായറാഴ്ച്ച നടക്കാനിരുന്നത് ഇസ്രയേലി ആക്രമണം ഉണ്ടായ സാഹചര്യത്തിൽ റദ്ദാക്കിയെന്നു മധ്യസ്ഥരായ ഒമാൻ വിദേശകാര്യ മന്ത്രി ബദർ അല്ബുസയ്ദി പറഞ്ഞു. "നയതന്ത്രവും ചർച്ചയും കൊണ്ടു മാത്രമേ നീണ്ടു നിൽക്കുന്ന സമാധാനം ഉണ്ടാവൂ." 

ഒമാനോടും ഖത്തറിനോടും ചർച്ചകൾ വീണ്ടും ആരംഭിക്കാൻ മാധ്യസ്ഥം വഹിക്കണമെന്നു ഇറാൻ ആവശ്യപ്പെട്ടതായി ഇസ്രയേലി മാധ്യമങ്ങൾ പറയുന്നു.

ബ്രിട്ടീഷ് ജെറ്റുകൾ മിഡിൽ ഈസ്റ്റിലേക്ക്

ഇറാൻ-ഇസ്രയേൽ യുദ്ധം നടക്കുന്നതിനിടെ മിഡിൽ ഈസ്റ്റിലേക്കു ബ്രിട്ടൻ പോർ വിമാനങ്ങൾ ഉൾപ്പെടെയുള്ള സൈനിക ആസ്തികൾ അയക്കുന്നുവെന്നു പ്രധാനമന്ത്രി കിയർ സ്റ്റാർമർ പറഞ്ഞു.

യുദ്ധം തുടർന്നാൽ തുർക്കിയിലേക്ക് അഭയാർഥി പ്രവാഹം ഉണ്ടാവുമെന്ന് ആശങ്ക ഉള്ളതായി പ്രസിഡന്റ് ഉർദോഗൻ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനോട് പറഞ്ഞു.

Advertisment