/sathyam/media/media_files/2025/12/29/d-2025-12-29-03-58-55.jpg)
വാഷിങ്‌ടൻ ഡി.സി: ഇന്ത്യൻ വംശജരായ അമേരിക്കൻ രാഷ്ട്രീയ നേതാക്കൾക്കെതിരെ തീവ്ര വലതുപക്ഷ നിരീക്ഷകൻ നിക്ക് ഫ്യൂന്റസ് നടത്തുന്ന വംശീയ പരാമർശങ്ങൾക്കെതിരെ ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം റോ ഖന്ന ശക്തമായി രംഗത്ത്. വിവേക് രാമസ്വാമിയുടെ ഹിന്ദു വിശ്വാസത്തെയും രണ്ടാം പ്രഥമ വനിത ഉഷ വാൻസിന്റെ ഇന്ത്യൻ പാരമ്പര്യത്തെയും ലക്ഷ്യം വെച്ചുള്ള ഫ്യൂന്റസിന്റെ പരാമർശങ്ങൾ ഭയാനകമാണെന്ന് റോ ഖന്ന അഭിപ്രായപ്പെട്ടു.
ഒഹായോ ഗവർണർ സ്ഥാനത്തേക്ക് വിവേക് രാമസ്വാമി തിരഞ്ഞെടുക്കപ്പെട്ടാൽ, ഗവർണറുടെ ഔദ്യോഗിക വസതിയിൽ ക്രിസ്മസ് ആഘോഷങ്ങൾ ഉണ്ടാകില്ലെന്നും പകരം ദീപാവലിയായിരിക്കും ആഘോഷിക്കുകയെന്നും ഫ്യൂന്റസ് ആക്ഷേപമുയർത്തിയിരുന്നു. വിവേക് രാമസ്വാമിയെ ‘ആങ്കർ ബേബി’ എന്ന് വിളിച്ച് അധിക്ഷേപിച്ച ഫ്യൂന്റസ്, രാമസ്വാമി ക്രിസ്ത്യാനി അല്ലാത്തതിനാൽ ഗവർണർ പദവിക്ക് അർഹനല്ലെന്നും വാദിച്ചു.
ഫ്യൂന്റസിന്റെ വിദ്വേഷ പ്രസ്താവനകളെ ശക്തമായ ഭാഷയിൽ റോ ഖന്ന എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ തള്ളിക്കളഞ്ഞു. ‘വിവേക് രാമസ്വാമി ഹിന്ദുവായതിന്റെയും ഇന്ത്യൻ പാരമ്പര്യമുള്ളതിന്റെയും പേരിൽ അദ്ദേഹത്തിനെതിരെ പ്രചാരണം നടത്തുന്നത് ഭയാനകമാണ്. നിന്റെ ഈ വിദ്വേഷത്തെ ഞാൻ തള്ളിക്കളയുന്നു’ എന്ന് റോ ഖന്ന കുറിച്ചു. തന്റെ കുടുംബമടക്കം പല ഹിന്ദു അമേരിക്കക്കാരും ക്രിസ്മസ് ആഘോഷിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ ഭാര്യ ഉഷ വാൻസിനെതിരെയും ഫ്യൂന്റസ് നേരത്തെ വംശീയ പരാമർശങ്ങൾ നടത്തിയിരുന്നു. ഈ പ്രസ്താവനകൾക്കെതിരെ ജെ.ഡി. വാൻസും വിവേക് രാമസ്വാമിയും നേരത്തെ പ്രതികരിച്ചിരുന്നു. 2026ലെ ഒഹായോ ഗവർണർ തിരഞ്ഞെടുപ്പിൽ വിവേക് രാമസ്വാമിയെ തോൽപ്പിക്കുന്നത് വഴി 2028ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജെ.ഡി. വാൻസിന് ഒരു മുന്നറിയിപ്പ് നൽകുകയാണ് തന്റെ ലക്ഷ്യമെന്നും ഫ്യൂന്റസ് അവകാശപ്പെട്ടിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us